ഖത്തറിലെ കാലാവസ്ഥാ മാറ്റം: ആശങ്കപ്പെടേണ്ട സാഹചര്യമില്ല

ദോഹ: ഖത്തറിലെ കാലാവസ്ഥാ മാറ്റം ശൈത്യകാലത്തെ അവസാനത്തോടൊപ്പമുള്ള ‘അൽ സറായാത്ത്’ സീസണിന്റെ ഭാ​ഗമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ മെട്രോളജി ഡിപാർട്മെന്റ് ഡയറക്ടർ അബ്ദുല്ല മുഹമ്മദ് ആൽ മന്നായി. ഇത് സാധാരണ സീസണൽ പ്രതിഭാസമാണ്. ആശങ്കയുടെയോ അടിയന്തര മുന്നറിയിപ്പിന്റെയോ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണയായി അൽ സറായാത്ത് സീസൺ മാർച്ച് അവസാനത്തോടെ ആരംഭിച്ച് മേയ് പകുതി വരെ നീണ്ടുനിൽക്കും. കുറഞ്ഞ സമയത്തിനുള്ളിൽ കുമുലോനിംബസ് മേഘങ്ങൾ വേഗത്തിൽ രൂപപ്പെടുന്നതിനും, തുടർന്ന് കനത്ത ഇടിമിന്നലും പൊടിപടലങ്ങൾ ഉണ്ടാക്കുന്ന കാറ്റും ഈ സീസണിൽ പ്രതീക്ഷിക്കാം. ഈ സീസണിൽ സായാഹ്നങ്ങളിലും രാത്രിയും ഈ പ്രതിഭാസം ഇടക്കിടെ ഉണ്ടാകാറുണ്ട്.

അടുത്തദിവസങ്ങളിൽ രാജ്യത്തെ മിക്ക പ്രദേശങ്ങളിലും മിതമായതോ അല്ലങ്കിൽ കനത്തതോ ആയ ഇടിമിന്നൽ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ഇത് കാഴ്ച പരിധി കുറയ്ക്കും. എല്ലാവരും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ അഭയം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Climate change in Qatar No need to worry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.