ഖത്തരി ഉൽപന്നങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച 'മെയ്ഡ് ഇൻ ഖത്തർ' ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
ദോഹ: പ്രാദേശിക ഉൽപദനത്തെ പിന്തുണക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണയുമായി മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികൾച്ചർ വകുപ്പുമായി സഹകരിച്ച് ലുലു ഹൈപ്പർമാർക്കറ്റ് 'മെയ്ഡ് ഇൻ ഖത്തർ - ഖത്തരി പ്രോഡക്റ്റ് അവർ ഫസ്റ്റ് ചോയ്സ്' കാമ്പയിൻ ആരംഭിച്ചു.
ലുലു ഹൈപ്പർമാർക്കറ്റ് അൽ ഗറാഫ ശാഖയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ അഗ്രികൾച്ചർ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ യൂസഫ് അൽ ഖുലൈഫി, വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ സ്പെഷ്യലൈസ്ഡ് ലൈസൻസിങ് ആൻഡ് മാർക്കറ്റ് കൺട്രോൾ വിഭാഗം ഡയറക്ടർ മുഹമ്മദ് അൽ അമ്രി, ലുലു ഖത്തർ ഡയറക്ടർ ഷൈജൻ എം.ഒ, റീജിയണൽ ഡയറക്ടർ ഷാനവാസ് പി. തുടങ്ങിയവർ പങ്കെടുത്തു.
ജനുവരി മൂന്നു വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ കാലയളവിൽ എല്ലാ ലുലു സ്റ്റോറുകളിലും ഖത്തറിന്റെ ഏറ്റവും മികച്ച ഭക്ഷ്യ-ഭക്ഷ്യേതര ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം, രാജ്യത്തിന്റെ കാർഷിക നേട്ടങ്ങൾ, സാംസ്കാരിക പൈതൃകം, പാരമ്പര്യങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിനുമുള്ള വേദിയായി മാറും.
വെജിറ്റബ്ൾ, ഔഷധസസ്യങ്ങൾ, കോഴി, മുട്ട, പാലുൽപന്നങ്ങൾ, ബേക്കറി ഇനങ്ങൾ, ഗ്രോസറി, ആരോഗ്യ -സൗന്ദര്യ ഉൽപന്നങ്ങൾ തുടങ്ങി ഖത്തറിൽ ഉൽപ്പാദിപ്പിക്കുന്ന വിവിധ ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
ലോക്കൽ ഫാമുകൾക്ക് സുസ്ഥിരമായ വിപണി ഉറപ്പാക്കുക എന്നതാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മന്ത്രാലയം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ ഫ്രഷ് ഉൽപന്നങ്ങൾ കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തറിലെ കാർഷിക വിളവെടുപ്പ് സീസണിന്റെ തുടക്കമാണിതെന്ന് ലുലു മാനേജ്മെന്റ് പ്രതിനിധി പ്രതികരിച്ചു. പ്രാദേശിക കർഷകരെ പിന്തുണക്കുന്നത് തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയാണെന്നും, മുൻ വർഷങ്ങളെ അപേക്ഷിച്ച് ഖത്തറിലെ ഫാമുകളിൽ നിന്നുള്ള ഉൽപാദനത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബലദ്ന, ഡാണ്ടി, ഗദീർ, അൽ മഹാ, ക്യുബേക്ക്, അത്ബ, ഖത്തർ പാഫ്കി, റയ്യാൻ തുടങ്ങിയ നിരവധി ഖത്തറി ബ്രാൻഡുകൾക്കായി ലുലുവിൽ പ്രത്യേക വിഭാഗങ്ങൾ തന്നെ ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷയിലും സുസ്ഥിര വികസനത്തിലും സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് ഈ ക്യാമ്പയിൻ വലിയ കരുത്തുപകരും. ഖത്തർ അധികൃതരുടെ പിന്തുണയോടെ പ്രാദേശിക കർഷകർക്ക് ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങൾ ആകർശകമായ വിലയിൽ വിൽപന നടത്താൻ സാധിക്കുന്നുവെന്നും പ്രാദേശികമായി കാർഷിക ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഇതുവഴി പ്രാധാന്യം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. റീട്ടെയിൽ രംഗത്തെ പ്രമുഖ സ്ഥാപനം എന്ന നിലയിൽ, പ്രാദേശിക വ്യവസായങ്ങൾക്ക് സുസ്ഥിരമായ വിപണി ഉറപ്പാക്കുക എന്നത് ലുലുവിന്റെ സാമൂഹിക പ്രതിബദ്ധതയാണ്. ഈ സംരംഭം കർഷകരെ പിന്തുണയ്ക്കുക മാത്രമല്ല, ഖത്തറിന്റെ ഭക്ഷ്യസുരക്ഷയപം സ്വയം പര്യാപ്തതയും ഉറപ്പാക്കുന്നുവെന്നും ലുലു പ്രതിനിധി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.