റമദാൻ ചാരിറ്റി ബാസ്കറ്റ് പദ്ധതിയിലൂടെ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ശേഖരിച്ച
ഭക്ഷ്യോൽപന്നങ്ങൾ
ദോഹ: സാമൂഹിക ഉത്തരവാദിത്തവും സന്നദ്ധതയും പ്രകടമാക്കി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ റമദാൻ ചാരിറ്റി ബാസ്കറ്റ് പദ്ധതിയിൽ പങ്കെടുത്തു. ഖത്തർ ചാരിറ്റിയുമായി സഹകരിച്ച് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്കനുസൃതമായി റമദാൻ ബാഗ് കലക്ഷൻ കാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.
ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ദൈനംദിന ജീവിതത്തിന് ആവശ്യമായ സാധനങ്ങളാണ് ഓരോ കിറ്റിലും ഉൾപ്പെടുത്തിയിരുന്നത്.
കെ.ജി ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മോണിങ്, ഈവനിങ് ഷിഫ്റ്റുകളിലെ വിദ്യാർഥികൾ ആവേശത്തോടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായി. വിദ്യാർഥികളുടെ സന്നദ്ധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ, വിശുദ്ധ മാസത്തിൽ ദാനധർമത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കുട്ടികൾ ഒത്തുചേരുന്നത് അധ്യാപകർക്കും ജീവനക്കാർക്കും പ്രചോദനമാണെന്ന് വിശദീകരിച്ചു. സമൂഹത്തിന്റെ ക്ഷേമത്തിനായി സജീവമായി ഇടപെടുന്ന ഉത്തരവാദിത്തമുള്ള പൗരന്മാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എം.ഇ.എസ് ഇന്ത്യൻ സ്കൂളിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയത്. അറബിക്, ഉർദു, ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം മേധാവി ഉസ്മാൻ മയ്യേരി റമദാൻ ചാരിറ്റി ബാസ്കറ്റ് കാമ്പയിൻ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു. റസിയ ഹംസ, സുമിത നാസർ, രാജേഷ്, അസദുല്ല, പി. ആഷിഖ്, ആഷിഖ് റഹ്മാൻ, നീമ ഉമ്മുകുൽസു, സഫ്വ കൊന്നോല എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.