ദോഹ: ഖത്തറിലെ വാണിജ്യ നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കെതിരെ കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് 10 ലക്ഷം റിയാൽ പിഴ വരെ ലഭിക്കാവുന്ന കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം. ഒരു കമ്പനിയിൽ 10 ശതമാനമോ അതിലധികമോ മൂലധന വിഹിതമുള്ള ഏതൊരു പങ്കാളിക്കും നിയമലംഘനങ്ങൾ സംശയിക്കുന്ന പക്ഷം പരിശോധനക്കും തുടർനടപടികൾക്കുമായി പരാതി സമർപ്പിക്കാമെന്ന് മന്ത്രാലയം വിശദീകരിച്ചു. പരാതി ലഭിച്ചാലുടൻ ബന്ധപ്പെട്ട കക്ഷിയെ അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്യും.
നിയമലംഘനം നടത്തിയ കക്ഷിക്കെതിരെ അന്വേഷണത്തിന് ഹാജരാകാൻ അറിയിപ്പ് നൽകും. നിശ്ചിത സമയത്തിനുള്ളിൽ ഹാജരായില്ലെങ്കിൽ ആർട്ടിക്ൾ 324 അനുസരിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു. മുന്നറിയിപ്പ് നൽകൽ, ലംഘനങ്ങൾ ആവർത്തിക്കുകയാണെങ്കിൽ പ്രതിദിനം 10,000 ഖത്തർ റിയാൽ വരെ പിഴ, കമ്പനി മാനേജർ അല്ലെങ്കിൽ ബോർഡ് അംഗം സ്ഥാനത്ത് പ്രവർത്തിക്കുന്നതിന് വിലക്ക് തുടങ്ങി കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് 10 ലക്ഷം റിയാൽ വരെ പിഴ ലഭിക്കുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
നിയമലംഘനം നടത്തിയ കമ്പനിയെ ഔദ്യോഗികമായി തീരുമാനം അറിയിക്കുമെന്നും മാധ്യമങ്ങളിലൂടെ പിഴയെക്കുറിച്ചുള്ള വിവരം പരസ്യപ്പെടുത്താനും അധികാരമുണ്ടെന്ന് മന്ത്രാലയം സമൂഹ മാധ്യമങ്ങളിലൂടെ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.