കതാറയിൽ ആരംഭിച്ച മഹാസീൽ ഫെസ്റ്റിവലിൽനിന്ന്
ദോഹ: ഖത്തറിലെ കാർഷിക കരുത്ത് വിളിച്ചോതി കതാറ കൾച്ചറൽ വില്ലേജിൽ 11ാമത് മഹാസീൽ ഫെസ്റ്റിവലിന് തുടക്കം. കൃഷിയിടങ്ങളില്‍നിന്ന് നേരിട്ടെത്തിക്കുന്ന ഉൽപന്നങ്ങള് കുറഞ്ഞ വിലയില്‍ പൊതുജനങ്ങള്‍ക്ക് മഹാസീല്‍ ഫെസ്റ്റിൽ ലഭ്യമാകും. പ്രാദേശിക ഫാമുകളും നഴ്സറികളും മാംസ, ക്ഷീരോൽപന്ന മേഖലയിലെ ദേശീയ കമ്പനികളും മേളയിൽ പങ്കെടുക്കുന്നുണ്ട്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലെ കാർഷിക വികസന വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മേള ഫരീജ് കതാറയിലാണ്. റമദാൻ മാസത്തിലുടനീളം വൈകീട്ട് ഏഴു മുതൽ പുലർച്ച 12 വരെ മേള പ്രവർത്തിക്കും.
‘വിളവെടുപ്പ്’ എന്നാണ് ‘മഹാസീൽ’എന്ന അറബി പദത്തിന് അർഥം. ഖത്തരി കാര്‍ഷിക മേഖലയെയും ജൈവസമ്പത്തിനെയും ഭക്ഷ്യോൽപന്നങ്ങളെയും ഖത്തരി ഫാമുകളുടെ ബിസിനസ് സാധ്യതകളേയും പിന്തുണക്കാന്‍ ലക്ഷ്യമിട്ട് 2016 മുതലാണ് കതാറയിൽ മഹാസീൽ മേള ആരംഭിച്ചത്. പ്രാദേശിക ഉൽപന്നങ്ങളുടെ ഗുണമേന്മയും കുടുംബ സന്ദർശകർക്കായുള്ള വിനോദ പരിപാടികളും മേളയെ ശ്രദ്ധേയമാക്കുന്നു. പച്ചക്കറി, പഴം, കന്നുകാലികള്‍, പാല്, ചീസ്, ജ്യൂസ്, പ്രാദേശിക തേന്‍, ഈത്തപ്പഴങ്ങള്‍ തുടങ്ങിയവയും മേളയിലുണ്ടാകും. ഖത്തറിലെ കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുക, പ്രാദേശിക ഉൽപന്നങ്ങൾക്ക് വിപണിയിൽ ഡിമാൻഡ് വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മഹാസീൽ ഫെസ്റ്റിവൽ. ഖത്തറിന്റെ കാർഷികോൽപാദന രംഗത്തെ വൈവിധ്യവും മികവും പ്രദർശിപ്പിച്ച് 75 സ്റ്റാളാണ് ഇത്തവണ മേളയിലുള്ളത്. 22 പ്രാദേശിക ഫാമുകൾ, 21 നഴ്സറികൾ, 17 ഈത്തപ്പഴ സ്റ്റാളുകൾ, 15 തേൻ ഉൽപന്ന സ്റ്റാളുകൾ എന്നിവ ഉൾപ്പെടുന്നു.
ഉൽപാദകരിൽനിന്ന് ഉപഭോക്താക്കളിലേക്ക് നേരിട്ട് ഉൽപന്നങ്ങൾ എത്തുന്നു എന്നതാണ് മേളയുടെ പ്രധാന ആകർഷണം. ഷോപ്പിങ്ങിന് പുറമെ കുട്ടികൾക്ക് വിനോദത്തിനും ഉല്ലാസത്തിനുമുള്ള വേദിയും ഒരുക്കിയിട്ടുണ്ട്. കുടുംബത്തോടൊപ്പം ഒന്നിച്ച് ആസ്വദിക്കാവുന്ന രീതിയിലാണ് ഫരീജ് കതാറയിലെ ക്രമീകരണം.
സുസ്ഥിര കൃഷിരീതികളെക്കുറിച്ച് പുതിയ തലമുറയെ ബോധവത്കരിക്കാൻ ലക്ഷ്യമിട്ടുള്ള സെഷനുകളും കാർഷിക അവബോധം വളർത്തുന്നതിനായുള്ള ശിൽപശാലകളും മേളയുടെ ഭാഗമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.