സിറിയയിലെ അർബുദരോഗികൾക്കുള്ള മെഡിക്കൽ സഹായ വസ്തുക്കൾ
ദോഹ: സിറിയയിലെ രോഗികൾക്ക് മെഡിക്കൽ സഹായവുമായി ഖത്തർ. ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ (ക്യു.ആർ.സി.എസ്) മാനുഷിക സഹായ ശ്രമങ്ങളുടെ ഭാഗമായി വടക്കൻ സിറിയയിലെ ഓങ്കോളജി കേന്ദ്രങ്ങളിൽ അർബുദ രോഗികൾക്ക് ചെലവേറിയ കീമോതെറപ്പി, ഇമ്യൂണോതെറപ്പി, ഹോർമോൺ മരുന്നുകൾ എന്നിവ എത്തിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. തുടർച്ചയായ സംഘർഷവും മരുന്നുകളുടെ ഉയർന്ന വിലയും മൂലം വടക്കൻ സിറിയയിൽ ആരോഗ്യ സേവനങ്ങളിൽ വലിയ വിടവുണ്ടെന്നും ക്യു.ആർ.സി.എസ് പ്രസ്താവനയിൽ പറഞ്ഞു.
ഈ പദ്ധതിയിലൂടെ അർബുദ രോഗികൾക്കിടയിലെ മരണനിരക്ക് കുറക്കാനും മെച്ചപ്പെട്ട ആരോഗ്യ ചികിത്സ സംവിധാനങ്ങൾ ഒരുക്കാനും ലക്ഷ്യമിടുന്നു. അഞ്ച് മാസ കാലയളവിൽ അർബുദം ബാധിച്ച 112 രോഗികൾക്ക് ആവശ്യമായ അർബുദ ചികിത്സാ മരുന്നുകളുടെ വിതരണം ചെയ്യും. കീമോതെറപ്പി, ഇമ്യൂണോതെറപ്പി എന്നിവ ഉൾപ്പെടുന്ന മരുന്നുകൾ ലോകാരോഗ്യ സംഘടന, ഇദ്ലിബ്, അലപ്പോ എന്നിവിടങ്ങളിലെ ആരോഗ്യ ഡയറക്ടറേറ്റുകൾ എന്നിവയുമായി സഹകരിച്ച് വിതരണം ചെയ്യുകയും ഗുണനിലവാര പരിശോധന നടത്തുകയും ചെയ്യും.
സിറിയയിലെ ഓങ്കോളജി കേന്ദ്രങ്ങളിലെ 400 അർബുദരോഗികൾക്കും കീമോതെറപ്പി, ഇമ്യൂണോതെറപ്പി മരുന്നുകൾ നൽകുന്നതിനുള്ള പുതിയ പദ്ധതിക്കുള്ള തയാറെടുപ്പുകൾ ക്യു.ആർ.സി.എസ് റിലീഫ് ആൻഡ് ഇന്റർനാഷനൽ ഡെവലപ്മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മുഹമ്മദ് ബദർ അൽ സാദ വിശദീകരിച്ചു. 10,000 ഖത്തർ റിയാൽ സംഭാവനയിലൂടെ, വർഷങ്ങളുടെ കഷ്ടപ്പാടുകളും വേദനയും അനുഭവിച്ച രോഗിയുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2024 ൽ ക്യു.ആർ.സി.എസ് നടപ്പാക്കിയ പദ്ധതിയുടെ തുടർച്ചയായാണ് ഈ ഇടപെടൽ. ഇതിലൂടെ 900 ലധികം അർബുദരോഗികൾക്ക് മരുന്നുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും നൽകിയിരുന്നു. നേരത്തേയും ഖത്തർ സിറിയയലേക്ക് ആവശ്യമായ ഭക്ഷണം, മരുന്ന് തുടങ്ങിയ സഹായങ്ങൾ എത്തിച്ചിരുന്നു.
ജൂലൈ അവസാനത്തിൽ സിറിയയിലെ ദുരിതബാധിതർക്ക് സഹായവുമായി ഖത്തർ എംബസിയും ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയും സംയുക്തമായി 96 ടൺ ഭക്ഷ്യോൽപന്നങ്ങൾ 12 ട്രക്കുകളിലായി അയച്ചിട്ടുണ്ട്. ഈ ഭക്ഷ്യോൽപന്നങ്ങൾ സിറിയയിലെ പ്രാദേശിക ഭക്ഷ്യനിർമാണ കേന്ദ്രങ്ങളിലെത്തിച്ച് റൊട്ടി ഉൽപാദിപ്പിച്ച് ദുരിതബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യുകയായിരുന്നു. കൂടാതെ ആഗസ്റ്റ് മാസം തുടക്കത്തിൽ ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് സിറിയൻ ഊർജ മന്ത്രാലയവുമായി സഹകരിച്ച് രണ്ടാംഘട്ട വൈദ്യുതി എത്തിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചിരുന്നു. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, 800 മെഗാവാട്ട് വൈദ്യുതിയാണ് ഇതിലൂടെ ഖത്തർ സിറിയിയിൽ എത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.