ദോഹ: ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ തുടർച്ചയായ ആക്രമണശ്രമം. ബുധനാഴ്ച മൂന്നു തവണയാണ് ഇറാൻ ആക്രമണം നടത്തിയത്. രാവിലെ 8.15നായിരുന്നു ആദ്യ ആക്രമണം. ആക്രമണത്തിന് മിനിറ്റുകൾക്ക് മുമ്പ് സുരക്ഷ ഭീഷണി ഉയർന്നതായി പൊതുജനങ്ങൾക്ക് നാഷനൽ എമജൻസി അലേർട്ട് വഴി സന്ദേശം ലഭിച്ചു. പിന്നാലെ വലിയ സ്ഫോടന ശബ്ദങ്ങളാണ് കേട്ടത്.
ഖത്തറിന് നേരെ മിസൈൽ ആക്രമണങ്ങൾ ഉണ്ടായതായും ആക്രമണങ്ങളെ വിജയകമായി തകർത്തതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. പിന്നാലെ സുരക്ഷ ഭീഷണി ഒഴിഞ്ഞതായി പൊതു സുരക്ഷാ സന്ദേശ അറിയിപ്പും ലഭിച്ചു.
തുടർന്ന് ഉച്ചക്ക് 12.40 ഓടെയും ഉച്ചക്കുശേഷം മുന്നോടെയും ആക്രമണമുണ്ടായി. എല്ലാ മിസൈൽ ആക്രമണങ്ങളെയും ഖത്തർ സായുധ സേന വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രാജ്യത്തിന്റെ പരമാധികാരവും ഭൂപ്രദേശവും സംരക്ഷിക്കാനും, ഏത് ബാഹ്യ ഭീഷണിയെയും ശക്തമായി നേരിടാനും ഖത്തർ സായുധ സേന പൂർണ സജ്ജമാണെന്ന് മന്ത്രാലയം വിശദീകരിച്ചു.
സംഘർഷങ്ങൾ തുടരുന്നതിനിടെ അവശിഷ്ടങ്ങളിലോ അഞ്ജാത വസ്തുക്കളിലോ തൊടരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. ആക്രമണ അവശിഷ്ടങ്ങൾ കണ്ടാൽ തൊടുകയോ നീക്കം ചെയ്യുകയോ അരുത്. ഉടൻ തന്നെ 999 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ഇതിനിടെ ദോഹയിൽനിന്ന് 500ലധികം ഇന്ത്യക്കാർ ഇന്നലെ ഖത്തർ എയർവേസ് വിമാനങ്ങളിൽ ന്യൂഡൽഹിയിലേക്ക് യാത്ര ചെയ്തു. ഇന്ന് ഖത്തർ എയർവേസ് ന്യൂഡൽഹിയിലേക്കും മുംബൈയിലേക്കും സർവിസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ഷെഡ്യൂൾ പ്രകാരമുള്ള സാധാരണ വിമാന സർവിസുകൾ പുനരാരംഭിച്ചിട്ടില്ല.
ഖത്തർ വ്യോമപാത അടച്ചതിനെത്തുടർന്ന് വിമാന സർവിസുകൾ തടസ്സപ്പെട്ട സാഹചര്യത്തിൽ, ഇന്ത്യൻ ട്രാൻസിറ്റ് യാത്രക്കാർക്ക് ഇന്ത്യൻ എംബസി സഹായ ഇടപെടൽ നടത്തുന്നുണ്ട്. സംശയങ്ങൾക്ക് ദുരീകരിക്കാൻ ഇന്ത്യൻ എംബസിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.