മുഹമ്മദ് ബിൻ അബ്ദുൽ അസീസ്
അൽ ഖുലൈഫി
ദോഹ: ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആഗോളതലത്തിൽ ഇടപെടൽ വേണമെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി. മധ്യേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കണമെന്നും ഇറാനും അമേരിക്കയും ചർച്ചകളിലൂടെ പരിഹാരം കാണണമെന്നും അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി ഇറാന്റെ മിസൈൽ -ഡ്രോൺ ആക്രമണങ്ങൾ ഗൾഫ് മേഖലയിലെ സമാധാനത്തെ ദോഷകരമായി ബാധിച്ചു. അടിസ്ഥാന സൗകര്യങ്ങൾക്കും സമ്പദ്വ്യവസ്ഥക്കും വൻ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. ചർച്ചകളിലൂടെയല്ലാതെ സുസ്ഥിരമായ പരിഹാരം സാധ്യമല്ല. ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച വിദേശകാര്യ സഹമന്ത്രി, രാജ്യത്തിന്റെ സുരക്ഷക്കായി നിയമപരമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കുമെന്നും വ്യക്തമാക്കി.
ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചിരുന്ന ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളെ ഇറാൻ ലക്ഷ്യം വെക്കുന്നത് ഖേദകരമാണെന്നും, ആക്രമണങ്ങൾ തുടരുന്നിടത്തോളം കാലം മധ്യസ്ഥത വഹിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തർ പ്രധാനമന്ത്രി ദിവസങ്ങൾക്ക് മുമ്പ് ഇറാനുമായി സംസാരിക്കുകയും ആക്രമണങ്ങൾ നിർത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അയൽരാജ്യങ്ങൾ ശത്രുക്കളല്ലെന്ന് ഇറാൻ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായും ഖത്തർ ആശയവിനിമയം നടത്തുന്നുണ്ട്. സമാധാനത്തിന്റെ പാത സ്വീകരിക്കാനും സൈനിക നീക്കങ്ങൾ അവസാനിപ്പിച്ച് ചർച്ചകളിലേക്ക് മടങ്ങാനും മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി എല്ലാ കക്ഷികളോടും അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.