ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗസ്സയിൽ ഭക്ഷണവിതരണ പദ്ധതിക്ക് തുടക്കം കുറിച്ചപ്പോൾ
ദോഹ: യുദ്ധക്കെടുതിയെ തുടർന്ന് ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് സഹായവുമായി ഖത്തർ. ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പുതിയ ഭക്ഷണവിതരണ പദ്ധതിക്ക് തുടക്കം കുറിച്ചു. ഗസ്സയിലെ യുദ്ധബാധിതരും ഉപരോധം നേരിടുന്നവരും ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരുമായ 72,000 പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഖത്തറിന്റെ നേതൃത്വത്തിൽ തുടർച്ചയായി നടപ്പാക്കിവരുന്ന സഹായ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.
ജോർഡൻ ഹാഷിമൈറ്റ് ചാരിറ്റി ഓർഗനൈസേഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. യുദ്ധത്തിൽ സർവതും നഷ്ടപ്പെട്ടവർ, രോഗികൾ (കാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവ ബാധിച്ചവർ), ഭിന്നശേഷിക്കാർ, കുട്ടികൾ, അഗതികൾ, വിധവകൾ, വയോധികർ എന്നിവരടങ്ങുന്ന ഏറ്റവും ദുർബല വിഭാഗങ്ങളുടെ ദുരിതം ലഘൂകരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സ്കൂളുകളിലും ഷെൽട്ടറുകളിലും തിരക്കേറിയ ക്യാമ്പുകളിലും തകർന്ന വീടുകളിലും താമസിക്കുന്നവർ, സാമൂഹികമായി ദുർബലരായ കുടുംബങ്ങൾ, ശാരീരിക വൈകല്യങ്ങൾ അനുഭവിക്കുന്നവർ തുടങ്ങിയവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഭക്ഷണം തയാറാക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമായി ദുരിതാശ്വാസ കാറ്ററിങ് ഹബുകൾ ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളിലായി പ്രതിദിനം 450-500 ഭക്ഷണം എന്ന നിരക്കിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനായി ഫീൽഡ് ടീമിനെയും വിന്യസിച്ചിട്ടുണ്ട്.
ഒന്നാം ഘട്ടത്തിൽ വടക്കൻ ഗസ്സ ഗവർണറേറ്റ്, അൽ ശാതി ക്യാമ്പ് എന്നിവിടങ്ങളിലെ 24,000 ഗുണഭോക്താക്കൾക്കായി 5,000 ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും. യുദ്ധത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ആശുപത്രികൾക്കും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർക്കും മുൻഗണന നൽകും. രണ്ടാം ഘട്ടത്തിൽ മധ്യ -ദക്ഷിണ ഗസ്സയിലെ ആശുപത്രികളിലെ രോഗികൾക്കും മെഡിക്കൽ സ്റ്റാഫിനുമായി 5,000 കിറ്റുകൾ നൽകും. ഇതിലൂടെ 24,000 പേർക്ക് സഹായമെത്തും.
മൂന്നാം ഘട്ടത്തിൽ ഖാൻ യൂനുസ്, റഫ തുടങ്ങിയ പ്രദേശങ്ങളിൽ 24,000 പേർക്കായി 5,000 ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്യും. അഭയാർഥി ക്യാമ്പുകൾ, അനാഥാലയങ്ങൾ, പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികൾ എന്നിവർക്ക് മുൻഗണന നൽകും. ഗസ്സയിലെ കഠിനമായ സാഹചര്യങ്ങളിൽ പട്ടിണി അനുഭവിക്കുന്നവർക്ക് വലിയ ആശ്വാസമാകുന്നതാണ് ഖത്തർ റെഡ് ക്രസന്റിന്റെ സഹായപ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.