ദോഹ: ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിൽ നടക്കുന്ന വേൾഡ് ബുക്ക് ഫെയർ-2026ൽ അതിഥി രാഷ്ട്രമായി ഖത്തർ പങ്കെടുക്കും. ജനുവരി 10 മുതൽ 18 വരെയാണ് വേൾഡ് ബുക്ക് ഫെയർ ന്യൂ ഡൽഹിയിൽ നടക്കുന്നത്. സാംസ്കാരിക പാരമ്പര്യത്തെ ആഗോളതലത്തിൽ ഉയർത്തിക്കാട്ടുന്നതിനും രാജ്യത്തെ വൈവിധ്യമാർന്ന സാഹിത്യ-ചിന്താധാരകളെ അന്താരാഷ്ട്ര തലത്തിൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിനും ന്യൂഡൽഹിയിൽ നടക്കുന്ന ബുക്ക് ഫെയറിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നു.
അതേസമയം, സാംസ്കാരിക വിനിമയത്തിലൂടെയും വൈജ്ഞാനിക കൈമാറ്റത്തിലൂടെയും വിവിധ രാജ്യങ്ങളിലെ എഴുത്തുകാരും പ്രസാധകരുമായി ആശയവിനിമയത്തിന്റെ വേദി ഒരുക്കാൻ വേൾഡ് ബുക്ക് ഫെയറിലെ പങ്കാളിത്തത്തിലൂടെ ഖത്തറിനെ സഹായിക്കും. അറബ്, ആഗോള സാംസ്കാരിക മേഖലയെ പിന്തുണക്കുന്നതിനും സാംസ്കാരിക-പ്രസിദ്ധീകരണ സ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ സാംസ്കാരിക വിനിമയവും വിജ്ഞാന കൈമാറ്റത്തിനുള്ള വേദിയായും ബുക്ക് ഫെയറിലെ ഖത്തറിന്റെ പങ്കാളിത്തം മാറും.
ഖത്തരി നാടോടിക്കഥകളുടെ പാരമ്പര്യം ഉയർത്തിക്കാട്ടിയും ഖത്തരി സംസ്കാരം പരിചയപ്പെടുത്തിയും പരമ്പരാഗത വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുമാണ് മേളയിലെ ഖത്തർ പവിലിയൻ ഒരുക്കിയിരിക്കുന്നത്. ഖത്തരി സംസ്കാരം, പ്രസാധാനലായങ്ങൾ, കരകൗശലവസ്തുക്കൾ എന്നിവ സന്ദർശകർക്ക് അടുത്തറിയാം.
ഖത്തറിലെ നാടോടി കലകൾ, പരമ്പരാഗത 'അർദ' നൃത്തം എന്നിവ ഖത്തരി സംഘം മേളയിൽ അവതരിപ്പിക്കും. കൂടാതെ സാഹിത്യ ചർച്ചകളും പ്രഭാഷണങ്ങളും പരിപാടിയുടെ ഭാഗമായി ഉണ്ടാകും. കരകൗശല ഉൽപന്നങ്ങളുടെ തത്സമയ നിർമാണം കാണാനും അവരുമായി സംവദിക്കാനുമുള്ള അവസരം സന്ദർശകർക്ക് ലഭിക്കും. ലോകവേദിയിൽ ഖത്തറിന് ലഭിച്ച അംഗീകാരം രാജ്യത്തിന്റെ സാംസ്കാരികമായ ഔന്നത്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ദോഹ അന്താരാഷ്ട്ര പുസ്തകമേള ഡയറക്ടർ ജാസിം അഹമ്മദ് അൽ ബുഐനൈൻ പറഞ്ഞു.
പ്രാചീന സംസ്കൃതിയുടെ ഈറ്റില്ലമായ ഇന്ത്യയിൽ അതിഥി രാജ്യമായി എത്തുന്നത് മാനുഷിക സംവാദങ്ങൾക്കും സാംസ്കാരിക ഒത്തുചേരലിനും വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറബ് സംസ്കാരത്തെ ആഗോളതലത്തിൽ പ്രതിനിധീകരിക്കാനും ഖത്തറിലെ കവിത, കലാ സാംസ്കാരിക മേഖലകളിലെ നേട്ടങ്ങൾ പ്രദർശിപ്പിക്കാനുമുള്ള മികച്ച വേദിയായിരിക്കും ഈ ബുക്ക് ഫെയർ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും, സിംപോസിയങ്ങളും പ്രഭാഷണങ്ങളും നാടോടി സംഘത്തിന്റെ കലകളുടെ പ്രകടനങ്ങളും ഖത്തരി പവിലിയനിൽ സന്ദർശകർക്കായി ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.