ദോഹ: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് രാജ്യത്ത് കാലാവധി കഴിഞ്ഞതും അവസാനിക്കാറായതുമായ എല്ലാത്തരം സന്ദർശക വിസകൾക്കും നൽകിയിരുന്ന താൽക്കാലിക ഇളവുകൾ ജൂൺ മുതൽ അവസാനിക്കും. അടുത്തമാസം ഏഴു മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് മാർച്ച് മൂന്നിനായിരുന്നു വിസ കാലാവധി നീട്ടി നൽകിക്കൊണ്ട് മന്ത്രാലയം ഉത്തരവിറക്കിയത്. ഈ ആനുകൂല്യമാണ് നിർത്തലാക്കുന്നത്.
ജൂൺ ഏഴു മുതൽ രാജ്യത്തെ എല്ലാ സന്ദർശക വിസകൾക്കും പഴയതുപോലെ സാധാരണ നിയമങ്ങൾ ബാധകമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിസ കാലാവധി പുതുക്കുന്നതിനുള്ള ഫീസുകൾ എന്നിവ മുമ്പത്തെപ്പോലെ തുടരും.
രാജ്യത്തുള്ള എല്ലാ താമസക്കാരും സന്ദർശകരും തങ്ങളുടെ വിസ സ്റ്റാറ്റസ് കൃത്യമായി പരിശോധിക്കുകയും പുതുക്കേണ്ടവർ നിശ്ചിത സമയത്തിനകം ആവശ്യമായ ഫീസ് അടച്ച് അത് പുതുക്കുകയും വേണം. അല്ലാത്തപക്ഷം വിസ കാലാവധി അവസാനിക്കുന്നതോടെ രാജ്യം വിടാൻ തയാറാകണം. നിയമപരമായ ലംഘനങ്ങളും പിഴകളും ഒഴിവാക്കാൻ എല്ലാവരും നിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.