ദോഹ: പ്രിയപ്പെട്ട ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ദോഹയിലെ ഇന്ത്യൻ പ്രവാസി സമൂഹം. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ അപെക്സ് ബോഡികളുടെ സംയുക്താഭിമുഖ്യത്തിലാണ് ഇന്ത്യൻ കൾച്ചറൽ സെന്ററിലെ അശോക ഹാളിൽ വിപുലമായ അനുശോചന യോഗം സംഘടിപ്പിച്ചത്.
ഇന്ത്യൻ അംബാസഡർ വിപുൽ, എംബസി ഉദ്യോഗസ്ഥർ, വിവിധ പ്രവാസി സംഘടനാ നേതാക്കൾ, ബിസിനസ് പ്രമുഖർ തുടങ്ങി സ്ത്രീകളും കുട്ടികളും അടങ്ങുന്ന വൻ ജനാവലി പ്രിയപ്പെട്ട പിതാവ് അമീറിന് വിടചൊല്ലാൻ എത്തിയതോടെ, തിങ്ങിനിറഞ്ഞ ഹാളിന് പുറത്തേക്കും ജനങ്ങൾ തടിച്ചുകൂടിയിരുന്നു. യോഗത്തിൽ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യപ്രഭാഷണം നടത്തി. പിതാവ് അമീറിന് ഇന്ത്യയോടും പ്രത്യേകിച്ച് സാധാരണക്കാരായ ഇന്ത്യൻ പ്രവാസികളോടുമുണ്ടായിരുന്ന ആത്മബന്ധവും സ്നേഹവും അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യയോടും ദോഹയിലെ ഇന്ത്യൻ സമൂഹത്തോടും പിതാവ് അമീറിന് സവിശേഷമായ സ്നേഹവും കരുതലുമുണ്ടായിരുന്നതായി അദ്ദേഹം വ്യക്തമാക്കി.
മൗന പ്രാർത്ഥനയോടെ ആരംഭിച്ച അനുശോചന യോഗത്തിൽ ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ് അനുശോചനക്കുറിപ്പ് വായിച്ചു. വിവിധ അപെക്സ് ബോഡി അധ്യക്ഷന്മാരായ ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി യോഗത്തിൽ നന്ദി പറഞ്ഞു. ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി, ഐ.ബി.പി.സി എന്നിവയുടെ മാനേജിങ് കമ്മിറ്റി അംഗങ്ങളും ഉപദേശക സമിതി അംഗങ്ങളും ഇന്ത്യൻ പ്രവാസി സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.