ഖത്തർ റണ്ണിങ് ക്ലബ്ബിന്റെ ഉദ്ഘാടന സംഗമം മുൻതസ പാർക്കിൽ സംഘടിപ്പിച്ചപ്പോൾ
ദോഹ: ഖത്തറിലെ പ്രവാസി മലയാളി സമൂഹത്തിനിടയിൽ ശാരീരിക ആരോഗ്യവും മാനസിക ഉണർവും മെച്ചപ്പെടുത്തുന്നതിനും തൊഴിൽ അവസരങ്ങൾ പങ്കുവെക്കുന്നതിനും ലക്ഷ്യമിട്ട് ഖത്തർ റണ്ണിങ് ക്ലബ് (ക്യു.ആർ.സി) പ്രവർത്തനം ആരംഭിച്ചു. ഫിറ്റ്നസ് കണ്ടന്റ് ക്രിയേറ്ററായ സി. ഹസിൽ, ഫൈസൽ എന്നിവരുടെ നേതൃത്വത്തിലാണ് ക്യു.ആർ.സിക്ക് തുടക്കമിട്ടത്. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, ഖത്തറിലെ തൊഴിലവസര വിവരങ്ങൾ, വാരാന്ത്യ റണ്ണുകൾ, പ്രാദേശിക അപ്ഡേറ്റുകൾ എന്നിവയും ക്ലബ്ബിലൂടെ അംഗങ്ങളിലേക്ക് എത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ക്ലബ്ബിന്റെ ഉദ്ഘാടന റൺ മുൻതസ പാർക്കിൽ നടന്നു. 40ഓളം പേർ പങ്കെടുത്ത പരിപാടിയിൽ 2.4 കിലോമീറ്റർ കൂട്ടയോട്ടം സംഘടിപ്പിച്ചു. തുടർന്ന് നടന്ന സൗഹൃദ സംഗമത്തിൽ പങ്കെടുത്തവർ ആരോഗ്യം, വ്യക്തിവികസനം, തൊഴിൽ സാധ്യതകൾ, ഖത്തറിലെ ജീവിതാനുഭവങ്ങൾ എന്നിവ പങ്കുവെച്ചു. വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്ന യുവാക്കളെയും കുടുംബങ്ങളെയും ഒരേ വേദിയിൽ കൊണ്ടുവന്ന് പരസ്പര പിന്തുണയും സൗഹൃദവും വളർത്തുകയാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യമെന്ന് സ്ഥാപകൻ ഹസിൽ പറഞ്ഞു. കൂടുതൽ ആളുകളെ സംരംഭത്തിന്റെ ഭാഗമാക്കാൻ വരും ആഴ്ചകളിൽ സ്ഥിരമായ റണ്ണുകൾ, നെറ്റ്വർക്കിങ് സെഷനുകൾ, ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.