ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ ശക്തമാണെന്നും പ്രധാന കയറ്റുമതി രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും ഖത്തർ ചേംബർ ബോർഡ് അംഗം മുഹമ്മദ് ബിൻ മഹ്ദി അൽ അഹ്ബാബി. ഐ.ടി, കൃഷി, വ്യവസായം, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിൽ നിക്ഷേപാവസരങ്ങൾ പ്രയോജനപ്പെടുത്താനും ഇന്ത്യൻ കമ്പനികളുമായി സഹകരണത്തിനും പങ്കാളിത്തത്തിനും ഖത്തറിലെ ബിസിനസുകാർ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അംബാസഡർ വിപുലുമായി മുഹമ്മദ് ബിൻ മഹ്ദി അൽ അഹ്ബാബി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.
ഖത്തറിലെ സ്വകാര്യ മേഖലയുമായി വ്യാപാര ബന്ധങ്ങൾ വിപുലീകരിക്കുന്നതിനുള്ള താൽപര്യം പ്രകടിപ്പിച്ച ഇന്ത്യൻ അംബാസഡർ വിപുൽ, സംയുക്ത നിക്ഷേപം വർധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിന് വരാനിരിക്കുന്ന ഇന്ത്യ -ഖത്തർ ബിസിനസ് കൗൺസിൽ മികച്ച വേദിയായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-സാമ്പത്തിക ബന്ധങ്ങൾ, ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ, സ്വകാര്യമേഖലയിലെ സഹകരണം എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി. തിങ്കളാഴ്ച നടക്കുന്ന ഇന്ത്യ -ഖത്തർ ജോയന്റ് ബിസിനസ് കൗൺസിലിന്റെ ഒരുക്കങ്ങളും അവലോകനം ചെയ്തു. സാമ്പത്തിക പങ്കാളിത്തങ്ങളും സംയുക്ത പദ്ധതികളും വികസിപ്പിക്കാൻ കഴിയുന്ന വലിയ സാധ്യതകൾ ഇരു രാജ്യങ്ങൾക്കും ഉണ്ടെന്ന് മുഹമ്മദ് ബിൻ മഹ്ദി അൽ അഹ്ബാബി അഭിപ്രായപ്പെട്ടു.
ഇന്ത്യ -ഖത്തർ ബിസിനസ് കൗൺസിലും ബിസിനസ് മീറ്റിങ്ങുകളും പരസ്പര നിക്ഷേപത്തിന് സാധ്യതയുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഇതിലൂടെ കൂടുതൽ പങ്കാളിത്തത്തിന് വഴിയൊരുങ്ങുകയും ചെയ്യും. ഇരുരാജ്യങ്ങളിലെ കമ്പനികൾ തമ്മിലുള്ള പങ്കാളിത്തവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും പിന്തുണ നൽകുന്നതിനും ഖത്തർ ചേംബർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ പ്രതിനിധി സംഘത്തിൽ 50ൽ അധികം ബിസിനസ് സംരംഭകരാണ് പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.