ദോഹ: ഖത്തറിൽ ചലച്ചിത്ര ഉത്സവ ആഘോഷങ്ങളുമായി പ്രഥമ ദോഹ ഫിലിം ഫെസ്റ്റിവൽ ഇന്നുമുതൽ. 12 വർഷത്തോളമായി ഖത്തറിലെയും മേഖലയിലെയും ചലച്ചിത്ര പ്രേമികൾക്ക് ശ്രദ്ധേയമായ കാഴ്ചകൾ സമ്മാനിച്ച അജിയാൽ, അന്താരാഷ്ട്ര തലത്തിലെ പ്രമുഖ ചിത്രങ്ങളെയും ചലച്ചിത്ര പ്രവർത്തകരെയും ആകർഷിപ്പിച്ചുകൊണ്ട് ഈ വർഷം മുതൽ ‘ദോഹ ഫിലിം ഫെസ്റ്റിവൽ (ഡി.എഫ്.എഫ്)’ ആയാണ് സംഘടിപ്പിക്കുന്നത്.
62 രാജ്യങ്ങളിൽ നിന്നുള്ള 97 സിനിമകളുമായി ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ ചലച്ചിത്രമേള നവംബർ 28 വരെ നീണ്ടുനിൽക്കും.
നാല് പ്രധാന മത്സര വിഭാഗങ്ങളിലായി നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ ആകെ മൂന്ന് ലക്ഷം യു.എസ് ഡോളറിലധികം സമ്മാനത്തുകയാണ് (10.90 ലക്ഷം റിയാൽ) വിജയികൾക്കായി ലഭിക്കുക. നവംബർ 28 വരെ ഫിലിം ഫെസ്റ്റിവൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മികച്ച ഫീച്ചർ സിനിമക്ക് 75,000 ഡോളർ, മികച്ച ഡോക്യുമെന്ററി (50,000 ഡോളർ), ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് (45,000 ഡോളർ), അഭിനയ മികവ് (15,000) എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി പുരസ്കാരം സമ്മാനിക്കും.
കൗതർ ബെൻ ഹാനിയയുടെ 'ദി വോയ്സ് ഓഫ് ഹിന്ദ് റജബ്' എന്ന സിനിമയുടെ പ്രദർശനത്തോടെയാണ് ഫെസ്റ്റിവൽ ആരംഭിക്കുക.
അർജന്റീന, ചിലി കൾചറൽ എക്സ്ചേഞ്ചിന്റെ ഭാഗമായി ധാരാളം സിനിമകളും കലാപരിപാടികളും ദോഹ ഫിലിം ഫെസ്റ്റിവലിൽ ഒരുക്കുന്നുണ്ട്. പ്രശസ്ത അർജന്റൈൻ സംഗീതജ്ഞൻ ഗുസ്താവ സാന്റലോലയുടെ സംഗീത പരിപാടിയാണ് ഫെസ്റ്റിവലിന്റെ സംഗീതനിരയിലെ പ്രധാന ആകർഷണം. കതാറ കൾചറൽ വില്ലേജ്, മിശൈരിബ് ഡൗൺ ടൗൺ ദോഹ, ലുസൈൽ ബൊളെവാഡ്, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് എന്നിവയുൾപ്പെടെ നിരവധി വേദികളിലായി നടക്കുന്ന ഫിലിം ഫെസ്റ്റിൽ കൂടുതൽ വിവരങ്ങൾക്കായി www.dohafilm.com സന്ദർശിക്കുക.
യൂത്ത്, മെയ്ഡ് ഇൻ ഖത്തർ, കുടുംബ പ്രമേയ സിനിമകളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന അജിയാലിനെ അന്താരാഷ്ട്ര തലത്തിലെ സിനിമ സവിശേഷതകളിലേക്ക് ഉയർത്തിക്കൊണ്ടാണ് പുതിയ മാറ്റങ്ങൾ വരുത്തുന്നത്.
മേഖലയിലെ പ്രമുഖമായ അന്താരാഷ്ട്ര മേളകളുടെ തീയതിയുമായി ചേർന്നുതന്നെയാണ് ദോഹ ഫിലിം ഫെസ്റ്റും ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
അതേസമയം, അജിയാലിന്റെ സ്വീകാര്യതയേറിയ വിഭാഗങ്ങളും നിലനിർത്തും. മെയ്ഡ് ഇൻ ഖത്തർ, ബെസ്റ്റ് ഹ്രസ്വചിത്രം, ഡയറക്ടർ, പ്രേക്ഷക അവാർഡുകളും നൽകും.
കൂടുതൽ അന്താരാഷ്ട്ര സിനിമകളെ ഉൾക്കൊള്ളിച്ചാണ് ദോഹ ഫിലിം ഫെസ്റ്റിവൽ എത്തുന്നത്. ഇതോടനുബന്ധിച്ച് ദോഹയിലുടനീളം വൈവിധ്യമാർന്ന സർഗാത്മക കമ്യൂണിറ്റി പരിപാടികളും സംഘടിപ്പിക്കും.
കൂടാതെ പ്രത്യേക സ്ക്രീനിങ്ങുകൾ, സംഗീത പരിപാടികൾ എന്നിവയും ഒരുങ്ങുന്നുണ്ട്.
അന്താരാഷ്ട്ര സ്വീകാര്യത നേടിയ ചിത്രങ്ങളും, ലോകോത്തര ചലച്ചിത്ര പ്രവർത്തകരും ഉൾപ്പെടെ ഖത്തറിനെ സിനിമയുടെ കേന്ദ്രം കൂടിയാക്കാൻ ഒരുങ്ങുന്നതാണ് ഡി.എഫ്.ഐയുടെ പുതിയ ചുവടുവെപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.