ദോഹ: ഓരോ വേനൽക്കാലത്തും ഖത്തറിന്റെ വടക്കൻ മേഖലയിലെ തീരപ്രദേശങ്ങൾ മനോഹരമായ സമുദ്ര വിസ്മയങ്ങളിലൊന്നായി മാറുന്നു. ഈ കാലയളവിൽ സാഹസികത ഇഷ്ടപ്പെടുന്നവർക്ക് സമുദ്രത്തിലൂടെ സഞ്ചരിക്കാനും ഭീമൻ തിമിംഗല സ്രാവുകളെ (വെയ്ൽ ഷാർക്ക്) കൺമുന്നിൽ തൊട്ടടുത്ത് കാണാനുമായി ഡിസ്കവർ ഖത്തർ അവസരമൊരുക്കുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സമയങ്ങളിൽ നൂറുകണക്കിന് തിമിംഗല സ്രാവുകൾ അൽ ഷഹീൻ മറൈൻ സോണിൽ ഒത്തുകൂടുന്നു. ലോകത്തിലെ ഏറ്റവും വലിയ ഭീമൻ തിമിംഗല സ്രാവുകളുടെ കാഴ്ചകൾ വളരെ അപൂർവവും അവിസ്മരണീയവുമായ ഒരു അനുഭവമായിരിക്കും സഞ്ചാരികൾക്ക് സമ്മാനിക്കുക.
ഖത്തർ ടൂറിസവുമായി സഹകരിച്ച് ഡിസ്കവർ ഖത്തർ നടത്തുന്ന വെയ്ൽ ഷാർക്ക് ടൂറുകളിലൂടെ സമുദ്രമേഖലയിൽ പ്രവേശിക്കുന്നതിനും ഖത്തറിന്റെ സമുദ്ര വൈവിധ്യങ്ങൾ അടുത്തറിയുന്നതിനുമുള്ള അപൂർവ അവസരമാണ് ഒരുക്കുന്നത്. വെയ്ൽ ഷാർക്കുകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാൻ അനുവദിക്കുന്നതിലൂടെ പരിസ്ഥിതി സൗഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അനുഭവം ഈ സീസണിൽ, സെപ്റ്റംബർ വരെ നീളുന്നതാണ്. അതിഥികൾക്ക് ഒരു ആഡംബര കറ്റാമരൻ ബോട്ടിൽ കയറാനും മറൈൻ വിദഗ്ധരുടെ മാർഗനിർദേശത്തിൽ വെയ്ൽ ഷാർക്കുകളെ അവയുടെ സ്വാഭാവിക ചുറ്റുപാടുകളിൽ അനുഭവിക്കാനും അതോടൊപ്പം ആവാസവ്യവസ്ഥയിൽ അവയുടെ പങ്ക്, ഖത്തറിന്റെ സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കാനും അവസരം ലഭ്യമാക്കുന്നു.
ഐ.യു.സി.എൻ നിലവിൽ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലാണ് തിമിംഗല സ്രാവുകളെ ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 75 വർഷത്തിനിടെ ഇവയുടെ ജനസംഖ്യ 50 ശതമാനത്തിലത്തിലധികം കുറഞ്ഞിട്ടുണ്ട്. വലിയ ശരീരമുണ്ടെങ്കിലും തിമിംഗല സ്രാവുകൾ മനുഷ്യർക്ക് ഭീഷണിയല്ല. മറ്റ് സ്രാവുകളിൽനിന്ന് വ്യത്യസ്തമായി, ഇവ ചെറിയ ജീവികളെയാണ് ഭക്ഷിക്കുന്നത്. അതിനായി ശാന്തമായി വെള്ളത്തിലൂടെ നീന്തിയാണ് ഇവ ഇര തേടുന്നത്. 60 ദശലക്ഷം വർഷത്തിലേറെയായി ഭൂമിയിൽ വസിക്കുന്ന തിമിംഗല സ്രാവ് എന്ന വെയ്ൽ ഷാർക്ക് മത്സ്യത്തിന് 60 മുതൽ 100 വർഷമാണ് ശരാശരി ആയുസ്സായി കണക്കാക്കുന്നത്. വേനൽ ആരംഭിക്കുന്നത് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് തിമിംഗല സ്രാവുകളെ ഖത്തറിൽ കാണപ്പെടുന്നത്.
ഖത്തറിന്റെ വടക്കൻ തീരത്തുനിന്നും 80 കിലോമീറ്റർ അകലെയുള്ള അറേബ്യൻ ഉൾക്കടലിനോട് ചേർന്ന അൽ ഷാഹീൻ സമുദ്ര മേഖലയിലാണ് ഇവയെ കൂട്ടത്തോടെ കാണപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ മത്സ്യത്തിന്റെ ഏറ്റവും വലിയ ഒത്തുചേരലിനാണ് ഓരോ വർഷവും ഖത്തർ സാക്ഷ്യം വഹിക്കുന്നത്. ഏകദേശം മുന്നൂറോളം തിമിംഗല സ്രാവുകളാണ് ഇവിടെ വർഷവും ഒത്തുചേരുന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഖത്തർ എനർജി, മുനിസിപ്പാലിറ്റി മന്ത്രാലയം, മാവാനി, പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം, ഖത്തർ എയർവേസ്, തീരദേശ-അതിർത്തി സുരക്ഷ ഡയറക്ടറേറ്റ് തുടങ്ങിയ പൊതു-സ്വകാര്യ മേഖലയിലെ പ്രധാന സ്ഥാപനങ്ങളുമായി ചേർന്നാണ് ഈ പരിപാടി നടത്തുന്നത്. 2022ൽ ആരംഭിച്ചതു മുതൽ, 1200ൽ അധികം പേർ ഇതിന്റെ ഭാഗമായിട്ടുണ്ട്. www.discoverqatar.qa/wsoq എന്ന വെബ്സൈറ്റ് നേരിട്ട് ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.