എം.എം.എ ഖത്തർ അലുമ്നി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
ദോഹ: ആത്മീയതയും സൗഹൃദവും നിറഞ്ഞ പ്രൗഢമായ ചടങ്ങിൽ എം.എം.എ ഖത്തർ അലുമ്നി വാർഷിക ഇഫ്താർ സംഗമം നടത്തി. പരിപാടിയിൽ ഈ വർഷത്തെ അവാർഡ് ജേതാക്കളെയും പ്രഖ്യാപിച്ചു. ആതിഫ് ആസാദിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ പി.പി. ജാഫർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിഷാദ് വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.എൻ.എം. നബീൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഈ വർഷത്തെ എക്സലൻസ് അവാർഡ് പ്രഖ്യാപനം അവാർഡ് കമ്മിറ്റി ഇൻചാർജ് ഷമീർ മണ്ണറോട്ട് നിർവഹിച്ചു.
പ്രശസ്ത പീഡിയാട്രീഷ്യൻ ഡോ. കെ.കെ. അബ്ദുൽ റൗഫ് വർഷത്തെ മാസ്റ്റർ ഗ്ലോബൽ അവാർഡിന് അർഹനായി. മദ്രാസ് മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കി, പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസിറ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച്, ചണ്ഡിഗഡിൽ നിന്ന് പോസ്റ്റ് ഗ്രാജുവേഷൻ നേടിയ അദ്ദേഹം എഫ്.എൻ.ബി സൂപ്പർ സ്പെഷ്യാലിറ്റി ഇൻ പീഡിയാട്രിക് ക്രിറ്റിക്കൽ കെയർ നേടി. നിലവിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ കൺസൾട്ടന്റ് പീഡിയാട്രീഷ്യനും പീഡിയാട്രിക് ഇൻറ്റൻസിവിസ്റ്റുമായി സേവനമനുഷ്ഠിക്കുന്നു. രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ ഗവേഷണങ്ങളും നിരവധി മെഡിക്കൽ പ്രസിദ്ധീകരണങ്ങളും അദ്ദേഹത്തെ മാസ്റ്റർ ഗ്ലോബൽ അവാർഡിന് അർഹനാക്കി.
ധനകാര്യ -ഓഡിറ്റ് രംഗത്ത് വിദഗ്ധനായ താസ് ആൻഡ് ഹംജിത് സീനിയർ പാർട്ണർ മുഹമ്മദ് റജായി പേഴ്സണൽ അച്ചീവ്മെന്റ് എക്സലൻസ് അവാർഡ് കരസ്ഥമാക്കി. അക്കാദമിക് മികവും പ്രൊഫഷണൽ രംഗത്തെ നേട്ടങ്ങളും കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം നിലവിൽ പി.എച്ച്.ഡി ചെയ്യുന്നു. കൂടാതെ അൽ യാഫ് ഓഡിറ്റേഴ്സിൽ, ഓഡിറ്റ് ആൻഡ് അഷുറൻസ് ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നു.
അവാർഡ് ജേതാക്കളെ ലോക കേരളസഭാംഗവും ഖത്തർ തൊഴിൽ മന്ത്രാലയത്തിലെ ഇന്ത്യൻ കമ്മ്യൂണിറ്റി അഡ്വൈസറുമായ അബ്ദു റഊഫ് കൊണ്ടോട്ടി അഭിനന്ദിച്ചു. പരിപാടിയിൽ മുൻ പ്രസിഡന്റ് മുഷ്താക് തിരൂരിന് സ്നേഹോപഹാരവും യാത്രയയപ്പും നൽകി. റമദാൻ സന്ദേശപ്രഭാഷണം അബ്ദുൽ ഖഹാർ നിർവഹിച്ചു. എം.എം.എ ഖത്തർ ഫിറ്റ്നസ് ചാലഞ്ച് വിജയികളെ സ്പോർട്സ് ഇൻചാർജ് ആദിൽ പ്രഖ്യാപിച്ചു. മത്സരത്തിൽ സുഹൈൽ കുഞ്ഞുമുഹമ്മദ് ഒന്നാം സ്ഥാനംവും സലീത് രണ്ടാം സ്ഥാനവും ഹിഷാം മൂന്നാം സ്ഥാനവും നേടി. പരിപാടിയിൽ ജാസിം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.