ഈ റമദാൻ രാത്രികളിൽ ഖത്തറിന്റെ ആകാശം പൊതുവെ തെളിച്ചമുള്ളതാണ്. നിലാവൊഴുകുന്ന രാത്രികളിലെ സുഖമുള്ള കാലാവസ്ഥ! പ്രഭാതമുണരുമ്പോൾ എവിടുന്നെന്നറിയാതെ വീശിയടിക്കുന്ന ഇളംകാറ്റ്. നനുത്ത കുളിർ സ്പർശമായി, അതിലേറെ ഒരു തലോടലായി ഈ റമദാൻ എന്നെ തഴുകിക്കടന്നു പോവുന്നുണ്ട്. പശ്ചിമേഷ്യയിൽ രൂപം കൊള്ളുന്ന പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും ഈ രാജ്യം സമാധാനത്തോടെ മുന്നോട്ട് പോകുന്നു. പൊടിപ്പും തൊങ്ങലും വച്ച ഓൺലൈൻ വാർത്താഅതിപ്രസരത്തിൽ ചെറിയൊരു ആശങ്ക ഉള്ളിലുണ്ടെങ്കിലും, ജാഗ്രത നിർദേശങ്ങൾ നൽകി ഒരു പൗരനെയും ഭരണകൂടം ഭയപ്പെടുത്തുന്നില്ല. റമദാൻ ടെന്റുകളും ഇഫ്താർ സംഗമങ്ങളും തറാവീഹിന് ശേഷം സജീവമാവുന്ന തെരുവുകളും സൂചിപ്പിക്കുന്നത് രാജ്യം തികഞ്ഞ ശാന്തതയിലാണെന്നാണ്.
എങ്കിലും, വർഷങ്ങൾക്ക് മുന്നേ ആശങ്കയുടെയും ഭയപ്പാടിന്റെയും മുൾമുനയിൽ റമദാൻ കടന്നുപോയതോർക്കുന്നു. ആറു വർഷങ്ങൾക്കപ്പുറത്തെ ആ കൊറോണക്കാലം! തറാവീഹ് നമസ്കാരങ്ങളോ ഇഫ്താർ സംഗമങ്ങളോ ഇല്ലാതെ, അടച്ചിട്ട പള്ളികളും മാളുകളും സ്കൂളുകളും കൊണ്ട് തീർത്തും ഒറ്റപ്പെട്ടു പോയ ദിനങ്ങൾ. സന്നദ്ധ സംഘടനകൾ കനിഞ്ഞു നൽകിയ റമദാൻ കിറ്റിൽ വിശപ്പ് തീർത്ത്, ദിനരാത്രങ്ങൾ കണ്ണീരിൽ കുതിർന്ന പ്രാർത്ഥന കൊണ്ട് നനഞ്ഞുപോയ ആ പാൻഡമിക് കാലം ഇന്നും വിങ്ങലായി മനസ്സിലുണ്ട്.
കൊറോണയുടെ പേടിപ്പെടുത്തുന്ന ആദ്യ നാളുകളിലൊന്നിൽ, ശക്തമായ പനിയും ചുമയും ബാധിച്ച എളാപ്പയെയും (ബാപ്പയുടെ അനുജൻ) കൊണ്ട് ദോഹയിലെ ക്ലിനിക്കിൽ എത്തിയതായിരുന്നു ഞാൻ. ഓരോ മിനുട്ടിലും അദ്ദേഹത്തിന്റെ അവസ്ഥ സങ്കീർണ്ണമായി. ശ്വാസം മുട്ടൽ കൊണ്ട് അവശനായ അദ്ദേഹത്തെ ഹമദ് ഹോസ്പിറ്റലിലേക്ക് മാറ്റാൻ ആംബുലൻസ് ചീറിപ്പാഞ്ഞെത്തി. അദ്ദേഹത്തെയും വഹിച്ചുകൊണ്ട് ആംബുലൻസ് അതിവേഗം ദൂരേക്ക് മറഞ്ഞപ്പോൾ, കൂടെപ്പോകാനാവാതെ ഹോസ്പിറ്റലിന് മുന്നിലെ റോഡിൽ തനിച്ചായിപ്പോയ ആ നിമിഷം നിസ്സഹായാവസ്ഥയുടെ വല്ലാത്തൊരു ഘട്ടമായിരുന്നു. ചേർത്തുനിർത്തി ആശ്വസിപ്പിക്കാനോ ഒന്ന് മിണ്ടാനോ പോലും ആരുമില്ലാത്ത അവസ്ഥ! രോഗിയുമായി നേരിട്ട് സമ്പർക്കമുള്ള ആൾ എന്ന നിലയിൽ ഭയപ്പാടോടെ നോക്കുന്ന കണ്ണുകൾക്കിടയിൽ ഞാൻ പൂർണമായും ഒറ്റപ്പെട്ടു. ഇരുകൈകളും മുഖത്തോടു ചേർത്ത് ആ വഴിയോരത്ത് നിന്ന് പൊട്ടിക്കരയവേ, ആശ്വാസത്തിന്റെ കുളിർസ്പർശമായി ഒരു കരം എന്നെ ചേർത്തുപിടിച്ചു. അതൊരു പ്രായമുള്ള പാകിസ്താനി പൗരനായിരുന്നു. ടാക്സി ഡ്രൈവറായ അദ്ദേഹം സ്നേഹത്തോടെ എന്നെ തന്റെ കാറിലേക്ക് കയറ്റി. അപ്പോഴേക്കും പള്ളിയിൽ നിന്ന് മഗ്രിബ് ബാങ്ക് വിളിച്ചു. നോമ്പ് തുറക്കാനായി അദ്ദേഹം കരുതിവെച്ച ഈത്തപ്പഴവും വെള്ളവും സ്നേഹപൂർവ്വം എനിക്ക് നീട്ടി.
താമസസ്ഥലത്തേക്ക് നീങ്ങുമ്പോൾ പലതവണ അദ്ദേഹം എന്റെ പുറത്തുതട്ടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. അടഞ്ഞുകിടക്കുന്ന കടകളെയും വിജനമായ റോഡുകളെയും നോക്കി, ആശ്വാസത്തിന്റെ നനുത്ത തൂവൽ സ്പർശമേറ്റു വാങ്ങി നിറകണ്ണുകളോടെ ഞാൻ സീറ്റിലേക്ക് ചാഞ്ഞു. എന്നെ സുരക്ഷിതമായി ഇറക്കിവിട്ട അദ്ദേഹം, ഒരു പൈസ പോലും വാങ്ങാതെ ചുണ്ടിലൊരു പുഞ്ചിരി ബാക്കിവെച്ച്, ഒരു പിതാവിനോളം സ്നേഹം നൽകി മടങ്ങി. പാതിവഴിയിൽ സ്നേഹദൂതുമായി വന്ന പ്രിയ സഹോദരാ, ഓരോ റമദാനിലും അങ്ങയുടെ ആ ചേർത്തുപിടിക്കലിന്റെ മാധുര്യം ഇന്നും ഞാൻ തൊട്ടറിയുന്നു. ലോകം മുഴുവൻ എല്ലാ അതിരുകളും മറന്ന് സ്നേഹത്തിന്റെ വിത്ത് പാകുന്ന നല്ലൊരു നാളേക്കുവേണ്ടിയുള്ള പ്രാർത്ഥനയാവട്ടെ ഈ വിശുദ്ധ നാളുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.