ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ
അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം
ദോഹ: ഓസോൺ പാളിയുടെ ശോഷണത്തിനും ഹരിതഗൃഹ വാതകങ്ങൾക്കും കാരണമാകുന്ന ഉൽപന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നതിനായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തയാറാക്കിയ രണ്ട് കരട് രൂപങ്ങൾക്ക് മന്ത്രിസഭാ അംഗീകാരം. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നൽകിയത്.
കാർബൺ ബഹിർഗമനം കുറക്കുക, ഓസോൺ പാളിയുടെ സംരക്ഷണത്തിന് ഊന്നൽ നൽകുക, അന്താരാഷ്ട്ര പാരിസ്ഥിതിക കരാറുകൾ പാലിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ഖത്തർ നാഷണൽ വിഷൻ 2030ന് അനുസൃതമായി സുസ്ഥിര വികസനം കൈവരിക്കുന്നതിനായാണ് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കരട് തിരുമാനം പുറപ്പെടുവിച്ചത്. തുടർന്ന് വിവിധ വിഷയങ്ങളിൽ മന്ത്രിസഭാ ചർച്ചകൾ നടക്കുകയും വിവിധ കരാറുകൾക്ക് അംഗീകാരം നൽകുകയും ചെയ്തു.
ഖത്തറും ഹോങ്കോങ് പ്രത്യേക ഭരണപ്രദേശവും തമ്മിലുള്ള നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള കരാർ, മാലിയുമായുള്ള വ്യോമയാന സേവന കരാർ, ഖത്തറിലെ സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയും ഈജിപ്തിലെ സെൻട്രൽ ഓഡിറ്റിങ് ഓർഗനൈസേഷനും തമ്മിലുള്ള സഹകരണത്തിനായുള്ള ധാരണാപത്രം എന്നിവക്കും മന്ത്രിസഭ അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.