ജനീവയിൽ യു.എൻ മനുഷ്യാവകാശ കൗൺസിലിന്റെ സമ്മേളനത്തിൽ ഖത്തറിന്റെ
പ്രതിനിധി ജൗഹറ ബിൻത് അബ്ദുൽ അസീസ് അൽ സുവൈദി സംസാരിക്കുന്നു
ദോഹ: സമാധാന ശ്രമങ്ങളിലും മധ്യസ്ഥ ചർച്ചകളിലും സജീവമായ പങ്കാളിത്തം തുടരുമെന്ന് ഖത്തർ. ജനീവയിൽ യു.എൻ മനുഷ്യാവകാശ കൗൺസിലിന്റെ 61ാമത് സമ്മേളനത്തിനിടെ ഖത്തറിന്റെ പ്രതിനിധി ജൗഹറ ബിൻത് അബ്ദുൽ അസീസ് അൽ സുവൈദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.സമാധാനം കൈവരിക്കാനുള്ള ഏറ്റവും നല്ല മാർഗം ക്രിയാത്മകമായ സംഭാഷണമാണ്. അഫ്ഗാനിലെ പ്രത്യേക ദൂതൻമാരുടെയും വർക്കിങ് ഗ്രൂപ്പുകളുടെയും യോഗങ്ങൾക്ക് ആതിഥ്യമരുളുന്നതിലൂടെ പ്രധാന വിഷയങ്ങളിൽ അന്താരാഷ്ട്ര സമവായം ശക്തിപ്പെടുത്താൻ ഖത്തറിന് സാധിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ കെയർടേക്കർ സർക്കാറും അന്താരാഷ്ട്ര സമൂഹവും തമ്മിൽ പ്രായോഗികവും ഫലപ്രദവുമായ ചർച്ചകൾ തുടരണം. ഇത് അഫ്ഗാനിസ്ഥാനിലെ മാനുഷികവും വികസനപരവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സ്ഥിരത കൈവരിക്കുന്നതിനും സഹായിക്കും. സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, വർധിച്ചുവരുന്ന മാനുഷിക ആവശ്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യം, ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങൾ തുടങ്ങി അഫ്ഗാനിസ്ഥാൻ നേരിടുന്ന കടുത്ത വെല്ലുവിളികളെക്കുറിച്ചും അവർ സൂചിപ്പിച്ചു.
സാമ്പത്തിക ഉപരോധങ്ങളും ആസ്തികൾ മരവിപ്പിച്ചതും ദശലക്ഷക്കണക്കിന് അഭയാർഥികൾ തിരിച്ചെത്തുന്നതും അഫ്ഗാനിസ്ഥാന്റെ സ്ഥിതി സങ്കീർണമാക്കുന്നു. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ സുരക്ഷ, സ്ഥിരത, വികസനം എന്നിവ ഉറപ്പാക്കുന്നതിന് അടിയന്തര മാനുഷിക സഹായവും രാഷ്ട്രീയ ഇടപെടലും സമന്വയിപ്പിച്ചുകൊണ്ടുള്ള കൂട്ടായ സമീപനം ആവശ്യമാണെന്നും അവർ ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.