ഖത്തർ നാഷനൽ സ്പോർട്സ് ഡേ കമ്മിറ്റി ചെയർമാനും ഖത്തർ സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ പ്രസിഡന്റുമായ അബ്ദുൽറഹ്മാൻ ബിൻ മുസ്ലിം അൽ ദോസാരി വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദോഹ: ഫെബ്രുവരി 10ന് രാജ്യവ്യാപകമായി നടക്കാനിരിക്കുന്ന ദേശീയ കായിക ദിന പരിപാടികളുടെ വിശദാംശങ്ങൾ ഖത്തർ നാഷനൽ സ്പോർട്സ് ഡേ കമ്മിറ്റി പുറത്തുവിട്ടു. ‘ഐ ചൂസ് സ്പോർട്സ്’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പരിപാടികൾ സംഘടിപ്പിക്കുന്നത്. ജീവിതശൈലി എന്ന നിലയിലും മെച്ചപ്പെട്ട ആരോഗ്യത്തിനും വേണ്ടി സ്‌പോർട്‌സ് പരിശീലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്‌പോർട്‌സ് പരിശീലിക്കുക എന്നത് ജനങ്ങളുടെ തീരുമാനമായും സാമൂഹിക അവബോധമായും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഐ ചൂസ് സ്പോർട്സ്’ എന്ന മുദ്രാവാക്യം തെരഞ്ഞെടുത്തതെന്ന് ലുസൈൽ സ്‌പോർട്‌സ് ഹാളിൽ നടന്ന വാർത്തസമ്മേളനത്തിൽ നാഷനൽ സ്പോർട്സ് ഡേ കമ്മിറ്റി ചെയർമാനും ഖത്തർ സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ (ക്യു.എസ്.എഫ്.എ) പ്രസിഡന്റുമായ അബ്ദുറഹ്മാൻ ബിൻ മുസ്ലിം അൽ ദൂസരി പറഞ്ഞു.
സ്പോർട്സിനെ ഒരു വാർഷിക പരിപാടി എന്നതിലുപരി ഗുണനിലവാരമുള്ള ജീവിതശൈലിയായി മാറ്റുക, ജീവിത നിലവാരവും പൊതുജനാരോഗ്യവും മെച്ചപ്പെടുത്തുക, സജീവവും സർഗാത്മകവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. സമൂഹത്തിൽ ആരോഗ്യ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനുമുള്ള വേദിയായി നാഷനൽ സ്പോർട്സ് ഡേ മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടികളുടെ അജണ്ടയും വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. കായികം, വിനോദം, രാജ്യത്തിന്റെ സംസ്കാരം എന്നിവ കോർത്തിണക്കിയ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പൊതു പാർക്കുകൾ, കായിക സെന്ററുകൾ എന്നിവിടങ്ങളിൽ സർക്കാർ -സ്വകാര്യ ഏജൻസികളുടെ സഹകരണത്തോടെ പരിപാടികൾ സംഘടിപ്പിക്കും.
സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും കായിക വിനോദങ്ങളിലും ശാരീരിക പ്രവർത്തനങ്ങളിലും ഏർപ്പെടാൻ നിരവധിയാർന്ന കായിക വേദികളും ഒരുക്കിയിട്ടുണ്ട്. 800ലധികം കമ്മ്യൂണിറ്റി കായിക പരിപാടികൾ ഉൾക്കൊള്ളുന്ന ഈ വർഷത്തെ ക്യൂ.എസ്.എഫ്.എ വാർഷിക കലണ്ടറും ചടങ്ങിൽ പുറത്തിറക്കി. കഴിഞ്ഞ വർഷം രാജ്യത്ത് വിവിധ കായിക ഇവന്റുകളിലായി 2,15,506 പേരാണ് പങ്കെടുത്തത്. കായിക ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തവർ 6,984 പേരും കമ്മ്യൂണിറ്റി റണ്ണിങ് ഇവന്റുകൾ 38,696 പേരും പങ്കാളികളായി. ഇക്കാലയളവിൽ ആകെ 834 പരിപാടികളും സംഘടിപ്പിച്ചു. കായിക പരിപാടികളിലെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ടിക്കറ്റുകൾക്കും മറ്റുമുള്ള സമഗ്ര പ്ലാറ്റ്‌ഫോമാണ് “സ്പോർട്സ് ഫോർ ആൾ” ആപ്പ്. ഈ വർഷം 73,000ലധികം പേർ ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2026ൽ എല്ലാ പങ്കാളികളുമായും സഹകരിച്ച് 800ലധികം കമ്യൂണിറ്റി, കായിക, ഇവന്റുകൾ കൂടുതൽ മികച്ച രീതിയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ സാധിക്കുമെന്ന് അൽ ദോസരി പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.