ഇറാഖിലെ മൊസാദ് കേന്ദ്രത്തിനുനേരെ ഇറാന്‍റെ മിസൈൽ ആക്രമണം

തെഹ്റാൻ: ഇറാഖിലെ ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്‍റെ കേന്ദ്രത്തിനുനേർക്ക് ഇറാന്‍റെ ആക്രമണം. വടക്കൻ ഇറാഖിലെ അർധ സ്വയംഭരണാധികാരമുള്ള കുർദിഷ് മേഖലയുടെ തലസ്ഥാനമായ ഇർബിലിലാണ് ആക്രമണം നടത്തിയത്. ഇറാന്‍റെ ഔദ്യോഗിക വാർത്ത ഏജൻസി ഇർനയാണ് ഇക്കാര്യം അറിയിച്ചത്.

ശത്രു സങ്കേതത്തിനുനേരെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് മിസൈൽ ആക്രമണം നടത്തിയെന്ന് ഇർന വാർത്താ കുറിപ്പിൽ പറഞ്ഞു. രാത്രി വൈകി മേഖലയിലെ ഇറാൻ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളുടെ ചാരവൃത്തി കേന്ദ്രങ്ങളും സങ്കേതങ്ങളും തകർക്കാൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചു. ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ ഇർബിലിലെ ആസ്ഥാനത്തെയാണ് ലക്ഷ്യം വെച്ചതെന്ന് ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അറിയിച്ചു - വാർത്ത ഏജൻസി ഇർന വ്യക്തമാക്കി.

ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാഖിലെ കുർദിസ്ഥാൻ സുരക്ഷാ കൗൺസിൽ അറിയിച്ചു.

ഇർബിൽ വിമാനത്താവളം അടച്ചു

ഇർബിലിൽ എട്ട് സ്ഫോടനങ്ങളുണ്ടായതായാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഇർബിൽ വിമാനത്താവളത്തിലെ വ്യോമഗതാഗതം നിർത്തിവെച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഇത് ഭീകരാക്രമണമാണെന്നും ഇർബിലിനെതിരെ നടന്ന മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും ഇർബിൽ ഗവർണർ ഒമേദ് ഖോഷ്‌നവ് പ്രതികരിച്ചു.

ഇറാഖിന്റെ സുസ്ഥിരതയെ തകർക്കുന്ന ആക്രമണം -അമേരിക്ക

ഇറാൻ ആക്രമണത്തെ അപലപിച്ച് അമേരിക്ക രംഗത്തെത്തി. ഇറാഖിന്റെ സുസ്ഥിരതയെ തകർക്കുന്ന ഇറാന്റെ വിവേചനരഹിതമായ മിസൈൽ ആക്രമണങ്ങളെ അപലപിക്കുന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ പ്രസ്താവനയിൽ പറഞ്ഞു. ഞങ്ങൾ ഇറാഖ് സർക്കാറിനെയും കുർദിസ്ഥാൻ പ്രാദേശിക ഗവൺമെന്റിനെയും പിന്തുണയ്ക്കുന്നുവെന്നും മാത്യു മില്ലർ പറഞ്ഞു.

Tags:    
News Summary - Iran Revolutionary Guard attack in Iraqs Erbil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.