തെഹ്റാനിലെ എണ്ണ നിലയത്തിൽ യു.എസ്- ഇസ്രായേൽ ആക്രമണത്തെ തുടർന്ന് തീ ഉയരുന്നു
വാഷിങ്ടൺ: കരയിലും കടലിലും രൂക്ഷമായ ആക്രമണം തുടർന്നിട്ടും ഇറാനിൽ ഭരണമാറ്റം എന്ന അജണ്ടയെക്കുറിച്ച് ചിന്തിക്കാൻപോലുമാകാത്തവിധം രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി നിലയുറപ്പിക്കുന്ന സാഹചര്യത്തിൽ അടുത്ത ഘട്ടവും ആലോചനയിലാണെന്ന് നയം വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
യു.എസിൽ 82ാം എയർബോൺ ഡിവിഷനിലെ 5000ത്തോളം സൈനികർക്ക് പദ്ധതിയിട്ട പ്രത്യേക പരിശീലന പരിപാടി പ്രതിരോധ വകുപ്പ് അടിയന്തരമായി റദ്ദാക്കിയതിനു പിന്നാലെയാണ് കരസേനാ നീക്കത്തെക്കുറിച്ച അഭ്യൂഹങ്ങൾ ശക്തമായത്. വ്യോമതാവളങ്ങൾ, തന്ത്രപ്രധാന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പിടിച്ചെടുക്കാനും എംബസികളടക്കം സുപ്രധാന കേന്ദ്രങ്ങൾക്ക് സുരക്ഷയൊരുക്കാനും പ്രത്യേക പരിശീലനം സിദ്ധിച്ചവരാണ് ഈ സേനാവിഭാഗം. 18 മണിക്കൂറിനുള്ളിൽ ഇവരെ വിന്യസിക്കാനാവും.
കഴിഞ്ഞ ദിവസം വരെ വിന്യസിക്കാൻ ഉത്തരവ് ഇറങ്ങിയിട്ടില്ലെങ്കിലും പുതുതായി ഒരു ഹെലികോപ്ടർ യൂനിറ്റിന് അനുമതി ഉടൻ ഇറങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്. കരസേന വിന്യാസത്തെക്കുറിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതും സംഭവിക്കാമെന്നായിരുന്നു ട്രംപിന്റെ മറുപടി.
ഇറാനിലേക്ക് കരസേനയെ അയക്കുമെന്ന് ട്രംപ് നേരത്തേ സൂചിപ്പിച്ചിരുന്നു. എന്നാൽ, ഇറാനിലെ ആണവ നിലയങ്ങളിൽ സംഭരിച്ചെന്ന് കരുതുന്ന സംപുഷ്ടീകൃത യുറേനിയം തിരിച്ചുപിടിക്കാനാകും യു.എസ് സേനയെ വിന്യസിക്കുകയെന്നായിരുന്നു നേരത്തേ പരാമർശം. ‘‘നാം അതേകുറിച്ച് സംസാരിച്ചിട്ടില്ല. വൈകാതെ ചിലപ്പോൾ സംഭവിച്ചേക്കാം. അതൊരു വലിയ വിഷയമാകും. ഇപ്പോൾ അവരെ നാമാവശേഷമാക്കുകയാണ് നാം’’ -എന്നായിരുന്നു ട്രംപിന്റെ ഏറ്റവും പുതിയ പ്രതികരണം.
അതേസമയം, സി.ഐ.എ നേതൃത്വം കൊടുത്ത് ഇറാഖിലെ കുർദുകളെ ആയുധമണിയിച്ച് ഇറാനിൽ അയച്ച് ഭരണം മാറ്റുന്ന പ്രക്രിയ തൽക്കാലം അവസാനിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ‘‘കുർദുകൾ ഇറാനിൽ കടക്കുന്നത് നാം പിന്തുണക്കുന്നില്ല. അവർക്ക് രാജ്യത്തിനുള്ളിൽ കടക്കണമെന്നുണ്ട്. എന്നാൽ, അമേരിക്കക്ക് താൽപര്യമില്ലെന്ന് അവരെ അറിയിച്ചിട്ടുണ്ട്’’ -ട്രംപ് പറയുന്നു.
ഓരോ ദിനവും പുതിയ പോർമുഖം തുറക്കുന്ന പശ്ചിമേഷ്യയിൽ ഒരാഴ്ച പിന്നിട്ട ആക്രമണം കൂടുതൽ രൂക്ഷമാകുകയാണ്. അയൽരാജ്യങ്ങളിൽ ആക്രമണം ഉണ്ടാകില്ലെന്ന് ഇറാൻ പ്രസിഡന്റ് പെസഷ്കിയാൻ പ്രഖ്യാപിച്ചെങ്കിലും അതിനെ പരിഹസിച്ച് ട്രംപ് രംഗത്തുവന്നതോടെ നിലപാട് മാറ്റി. ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയും ഇറാൻ ആക്രമണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.