ലബനാനിലെ ഗാസിയയിൽ ഇസ്രായേൽ ആക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽ രക്ഷാ പ്രവർത്തനം നടത്തുന്നവർ
ബെയ്റൂത്: ലെബനാനെയും തെഹ്റാനെയും ഗസ്സയെ പോലെ തച്ചുതകർക്കുമെന്ന ഭീഷണിയുമായി ഇസ്രായേൽ ധനകാര്യ മന്ത്രിയും തീവ്രവലതുപക്ഷ നേതാവുമായ ബെസലേൽ സ്മോട്രിച്ച്. ലെബനാനിലെ ദാഹിയയെ ഗസ്സയെ ഖാൻ യൂനിസ് പോലെയാക്കുമെന്ന് കഴിഞ്ഞ ദിവസം സ്മോട്രിച്ച് അവകാശപ്പെട്ടിരുന്നു. ദാഹിയ ജില്ലയിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയതോടെ അരലക്ഷത്തിലധികം ആളുകൾ ഭീതിയിലാണ്. ഇറാൻ തലസ്ഥാനമായ തെഹ്റാനിലും സമാനമായ കൂട്ട നശീകരണമാണ് അരങ്ങേറുന്നത്. സൈനിക ലക്ഷ്യങ്ങളെ മാത്രമല്ല സിവിലിയൻ കേന്ദ്രങ്ങളെയും ആക്രമിക്കുന്നു. തെഹ്റാനെ നശിപ്പിക്കാനുള്ള ‘കൊടുങ്കാറ്റ് പദ്ധതി’ എന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ഇതിനെ വിശേഷിപ്പിച്ചത്.
തെഹ്റാനിൽ ഇതിനകം രണ്ട് സ്കൂളുകൾക്ക് നേരെ ആക്രമണമുണ്ടായി. സൈനിക ശക്തി മാത്രമല്ല അവ ഉയർന്നുവരുന്ന സമൂഹങ്ങളെയും ശിക്ഷിക്കുക എന്നതാണ് ഇസ്രായേലിന്റെ നയം. 2023ൽ ഗസ്സ യുദ്ധം നടക്കുമ്പോൾ ഹമാസ് മാത്രമല്ല ഗസ്സയിലെ മുഴുവൻ സമൂഹവുമാണ് ഉത്തരവാദി എന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് പറഞ്ഞിരുന്നു. ഗസ്സയിൽ ചെയ്യുന്നത് ബൈറൂത്തിലും ചെയ്യുമെന്ന് അന്നത്തെ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഒരു മാസത്തിന് ശേഷം പറഞ്ഞു. ഗസ്സയിലെ ജനങ്ങളെ പട്ടിണിക്കിടണമെന്ന് സൈനിക ജനറൽ ജിയോറ ഐലൻഡ് പറഞ്ഞതും ഇതേ നയത്തിന്റെ ഭാഗമാണ്. ഗസ്സയിൽ 90 ശതമാനത്തിലധികം കെട്ടിടങ്ങളും തകർത്തു.
2006ലെ ലെബനാൻ യുദ്ധത്തിൽ ദാഹിയ ജില്ലയിലെ മുഴുവൻ പ്രദേശങ്ങളും നിരപ്പാക്കിയ തന്ത്രം എല്ലായിടത്തും തുടരുമെന്ന് ഇസ്രായേൽ പ്രഖ്യപിക്കുന്നു. ഹിസ്ബുല്ലയുടെ ജനകീയ അടിത്തറയായ സമൂഹത്തെ ശിക്ഷിക്കണം എന്നതാണ് ഇതിന്റെ യുക്തി. എല്ലാ അന്തരാഷ്ട്ര നിയമങ്ങളെയും യുദ്ധ നിയമങ്ങളെയും കാറ്റിൽ പറത്തിയാണ് സ്ത്രീകളെയും കുട്ടികളെയും കൂട്ടക്കൊല ചെയ്യുന്നത്. സാധാരണക്കാർക്ക് നേരെയുള്ള ആക്രമണം അബദ്ധമല്ല, ബോധപൂർവം തന്നെയാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. ജനങ്ങളെ കൂട്ടക്കൊല ചെയ്യുക മാത്രമല്ല ജീവിത സാഹചര്യങ്ങൾ ഇല്ലാതാക്കുക എന്നതും ഇസ്രായേൽ നയത്തിന്റെ ഭാഗമാണ്. മേഖലയിലെ പ്രതിരോധത്തിന്റെ എല്ലാ നാരുകളും അറുത്തുമാറ്റാനുള്ള അന്തിമ ആക്രമണമായാണ് ഇസ്രായേൽ ഇറാനെതിരായ യുദ്ധത്തെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.