ന്യൂഡൽഹി: ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം 10ാം ദിനത്തിലേക്ക് കടന്നപ്പോൾ കുതിച്ചുയർന്ന് എണ്ണ വില. ഇന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 116 ഡോളർ കടന്നു. ഏഷ്യൻ വിപണിയിൽ ബ്രെന്റ് ക്രൂഡ് വില 25.1 ശതമാനം വർധനയാണുണ്ടായത്. ലോകത്തിലെ എണ്ണ വിതരണത്തിന്‍റെ അഞ്ചിലൊന്നും നടക്കുന്ന ഇറാൻ തീരത്തുള്ള ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതാണ് വില കുതിച്ചുയരാൻ ഇടയാക്കിയത്. യുദ്ധം തുടങ്ങുകയും ഇറാൻ ഹോർമൂസ് അടക്കുകയും ചെയ്തതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണാമായും നിലച്ചിരിക്കുകയാണ്. ഇറാന്റെ എണ്ണ സംഭരണശാലകൾക്ക് നേരെ യു.എസും ഇസ്രായേലും ശക്തമായ വ്യോമാക്രമണം തുടരുന്നതും പ്രതിസന്ധി രൂക്ഷമാക്കി.
എണ്ണവിലയിലെ വർധനവ് ആഗോള ഓഹരി വിപണികളെയും തളർത്തി. ഏഷ്യ-പസഫിക് മേഖലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ജപ്പാന്റെ നിക്കി ഏഴ് ശതമാനത്തിലധികം ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് മൂന്ന് ശതമാനത്തിലധികമാണ് നഷ്ടം. ദക്ഷിണ കൊറിയയുടെ കോസ്പി എട്ട് ശതമാനത്തിലധികം ഇടിഞ്ഞതിനെത്തുടർന്ന് വ്യാപാരം 20 മിനിറ്റോളം നിർത്തിവെച്ചു.
യുദ്ധം നീളുകയാണെങ്കിൽ മാർച്ച് അവസാനത്തോടെ എണ്ണവില ബാരലിന് 150 ഡോളർ വരെ ഉയർന്നേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് വിമാന ഇന്ധനം, വളം തുടങ്ങിയവയുടെ വില വർധിക്കുന്നതിനും ആഗോളതലത്തിൽ വലിയ വിലക്കയറ്റത്തിനും കാരണമാകും. ഗൾഫ് രാജ്യങ്ങളിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ഇറാൻ ആക്രമിച്ചുതുടങ്ങിയാൽ സ്ഥിതി കൂടുതൽ രൂക്ഷമാവും. പ്രകൃതിവാതകത്തിന്‍റെ വില നേരത്തെ തന്നെ ഉയർന്നുതുടങ്ങിയിരുന്നു. ലഭ്യത കുറവ് മുന്നിൽക്കണ്ട് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ പ്രകൃതി വാതക ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.