അഗളി: കഴിഞ്ഞ ഒരു മാസമായി പുലിയെ പേടിച്ച് കഴിയുകയാണ് ഷോളയൂർ ബോഡിച്ചാള ഉന്നതി നിവാസികൾ. ഒരു മാസത്തിനിടെ നിരവധി വളർത്തു മൃഗങ്ങളെയാണ് പുലി പിടികൂടിയത്. പിടികൂടിയ വളർത്തു മൃഗങ്ങളിലൊന്നിന്റെ അവശേഷിപ്പുകൾ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കുഴിച്ചിടാൻ നേതൃത്വം നൽകിയത് വനം വകുപ്പാണ്. എന്നാൽ, വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ സംഭവിച്ച നഷ്ടങ്ങൾക്ക് തക്കതായ നഷ്ടപരിഹാരം ലഭിക്കുമെന്ന വിവരം അധികമാർക്കും അറിയില്ല താനും. വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന ഉന്നതിയാണ് ബോഡിച്ചാള. 38 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഭൂരിഭാഗം ആളുകളും കന്നുകാലികളെ മേച്ചു കഴിയുന്നവരാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇവിടെ നിന്നും നിരവധി വളർത്തുമൃഗങ്ങളെയാണ് പുലി പിടികൂടിയത്. അതിൽ ഭൂരിഭാഗവും കന്നുകാലികളാണ്. വളർത്തു നായ്ക്കളും മുട്ടനാടുകളും മറ്റും പുലി പിടികൂടിയ മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ശിരുവാണി പുഴയിലേക്ക് ചെറിയ നച്ച്പൽമുടിയെന്ന കുന്നിൽനിന്ന് വരുന്ന ജലസ്രോതസ്സിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ പുലിയുടെ സാന്നിധ്യം. ശനിയാഴ്ച വനാതിർത്തിയോട് ചേർന്ന കൃഷിയിടത്തിൽ മേയാൻ വിട്ട കവിത-ശെൽവരാജ് ദമ്പതികളുടെ പശുക്കിടാവിനെയാണ് ഒടുവിൽ പുലി പിടികൂടിയത്. പശുക്കളുടെ കരച്ചിലിൽ പന്തികേട് മനസ്സിലാക്കിയ കവിത ഓടി രക്ഷപ്പെടുകയായിരുന്നു.
പുറകിലെത്തിയ പുലി പശുക്കിടാവിനെ പിടികൂടി വനത്തിലേക്ക് മറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച ഉന്നതിയിലെ മൂപ്പൻ കക്കിയുടെ പശുവിനെയും പുലി പിടികൂടി. പിറ്റേന്ന് മൂപ്പന്റെ രണ്ടാടുകളെയും പുലി കൊന്നു. കവിത രാജൻ, മുരുകൻ, രങ്കൻ, വേലൻ, നഞ്ചി നടരാജൻ, തമുണ്ടൻ കക്കി എന്നിവരുടെ വളർത്തു മൃഗങ്ങളെയും പിടികൂടി. വൈകുന്നേരം അഞ്ചിനു ശേഷം വനത്തിൽ നിന്നും പുലിയുടെ കരച്ചിൽ കേൾക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഒരാഴ്ച മുമ്പാണ് അഗളി ഗവ. എൽ.പി സ്കൂളിൽ പുലിയുടെ സാന്നിധ്യമുണ്ടോയെന്ന സംശയത്തെ തുടർന്ന് വനം വകുപ്പ് സ്കൂൾ പരിസരത്ത് രണ്ട് കാമറകൾ സ്ഥാപിച്ചത്. ബോഡിച്ചാള ഉന്നതിയിൽ ഇത്രയധികം ആക്രമണങ്ങൾ ഉണ്ടായിട്ടും വനം വകുപ്പ് കാര്യമായ ഇടപെടൽ നടത്തിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. നഷ്ടപരിഹാരം ലഭിക്കാൻ ആരെ സമീപിക്കണം എന്നതിൽ പോലും ഉന്നതിവാസികൾക്ക് കൃത്യതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.