പാലക്കാടൻ കാറ്റ് എങ്ങോട്ട്? തെരഞ്ഞെടുപ്പുകളിൽ എന്നും വിവാദങ്ങളിലൂടെ ശ്രദ്ധാകേന്ദ്രമായി പാലക്കാട്

പാലക്കാട്: ഹാട്രിക് വിജയത്തിലൂടെ കഴിഞ്ഞ 15 വർഷമായി യു.ഡി.എഫ് കൈവശം വെച്ചുവരുന്ന മണ്ഡലം, വിവാദങ്ങൾ കൊണ്ട് സംസ്ഥാനത്തിന്‍റെ ശ്രദ്ധാകേന്ദ്രമായി മാറിയ മണ്ഡലം - ഇങ്ങനെ പാലക്കാടിന് വിശേഷണങ്ങൾ ഏറെയാണ്. രൂപവത്കരിച്ച നാൾ മുതൽ ഇടത്-വലത് മുന്നണികൾക്കൊപ്പം നിന്നിട്ടുള്ള പാലക്കാട് മണ്ഡലം 2011 മുതലാണ് യു.ഡി.എഫിന്‍റെ കുത്തക സീറ്റായി മാറിയത്. അന്ന് സി.പി.എം നേതാവ് കെ.കെ. ദിവാകരനെ 7403 വോട്ടുകൾക്ക് തോൽപിച്ചാണ് ഷാഫി പറമ്പിൽ മണ്ഡലം പിടിച്ചെടുക്കുന്നത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും പാലക്കാട് യു.ഡി.എഫിനെ കൈവിട്ടില്ല. വീണ്ടും ഒരു നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ പാലക്കാട്ടെ സ്ഥിതിഗതികൾ പ്രവചനാതീതമാവുക‍യാണ്.

ലോക്സഭ തെരഞ്ഞെടുപ്പിൽ വടകര എം.പിയായി മാറിയ ഷാഫി പറമ്പിലിന് പകരക്കാരനെ കണ്ടെത്താൻ നടന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ചരിത്ര ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. കോൺഗ്രസിൽനിന്ന് പുറത്തുചാടി എൽ.ഡി.എഫിന്‍റെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പി. സരിനും ബി.ജെ.പിയുടെ സി. കൃഷ്ണകുമാറുമായിരുന്നു എതിർ സ്ഥാനാർഥികൾ. എന്നാൽ, ഒരു വർഷം തിക‍യും മുമ്പ് ലൈംഗിക ആരോപണങ്ങളിലും കേസുകളിലും കുടുങ്ങിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ രാഷ്ട്രീയ ഭാവി ചോദ്യചിഹ്നമായി തുടരുകയാണ്. പാർട്ടിയിൽനിന്ന് തന്നെ പുറത്താക്കപ്പെട്ട രാഹുലിന് നിലവിൽ എം.എൽ.എ സ്ഥാനം മാത്രമാണുള്ളത്. രാഹുലിനെ പാലക്കാട്ടെത്തിച്ചതിൽ ഷാഫിയും ഏറെ പഴി കേൾക്കേണ്ടി വന്നു. പീഡനകേസ് പ്രതിയായ എം.എൽ.എയെ പാലക്കാട്ടുകാർക്ക് വേണ്ട എന്ന തരത്തിൽ ബി.ജെ.പിയും സി.പി.എമ്മും പ്രതിഷേധവും ശക്തമാക്കിയിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ വീണ്ടും പാലക്കാട് നഗരസഭ പിടിച്ചെടുത്തതോടെ ബി.ജെ.പിയും ആത്മവിശ്വാസത്തിലാണ്. 2021ൽ മെട്രോമാൻ ഇ. ശ്രീധരനെ രംഗത്തിറക്കിയെങ്കിലും നേരിയ ഭൂരിപക്ഷത്തിൽ കൈവിട്ടുപോയ മണ്ഡലം ഇത്തവണ ശക്തമായ പോരാട്ടത്തിലൂടെ തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ബി.ജെ.പി. 2016 മുതൽ പാലക്കാട് മണ്ഡലത്തിൽ രണ്ടാം സ്ഥാനത്താണ് ബി.ജെ.പി.

എന്നാൽ, ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ശക്തമായ ഇടങ്ങളിൽ പോലും വോട്ട് ചോർച്ചയുണ്ടായത് പാർട്ടിക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്. നഗരസഭയിൽ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതും യു.ഡി.എഫിന് മുന്നേറ്റമുണ്ടായതും അതിന് ഉദാഹരണമാണ്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന സി.പി.എമ്മിന് ഇത്തവണ മത്സരം ഭാഗ്യപരീക്ഷണം മാത്രമാകുമോ എന്ന് കണ്ടറിയണം. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും പി. സരിൻ വോട്ട് നില ഉയർത്തിയിരുന്നു. കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാനാണ് സി.പി.എമ്മിന്‍റെയും ശ്രമം.

ആരാകും സ്ഥാനാർഥി

സിവിൽ സർവിസിൽനിന്ന് രാജി വെച്ച് കോൺഗ്രസിൽ ചേർന്ന കണ്ണൻ ഗോപിനാഥൻ, തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ കെ.എസ്. ശബരീനാഥ്, ചലച്ചിത്രതാരം രമേഷ് പിഷാരടി എന്നിവരുടെ പേരുകളാണ് യു.ഡി.എഫിൽ ഉയർന്നുകേൾക്കുന്നത്. രമേഷ് പിഷാരടിക്ക് മുൻതൂക്കം ഉണ്ടെന്നാണ് സൂചന. പിഷാരടി മത്സരിക്കാൻ സമ്മതം അറിയിച്ചെന്നാണ് വിവരം. അതേസമയം കെ. മുരളീധരനു വേണ്ടി വി.കെ. ശ്രീകണ്ഠൻ പക്ഷവും രംഗത്തുണ്ട്.

ബി.ജെ.പിയിൽ ശോഭ സുരേന്ദ്രൻ സ്ഥാനാർഥിയാകുമെന്നാണ് വിവരം. മറ്റു പേരുകളൊന്നും നിലവിൽ ഉയർന്നിട്ടില്ല. സി.പി.എം പി. സരിനെ സ്ഥാനാർഥിയാക്കാനാണ് സാധ്യതയെന്നാണ് സൂചന. സ്ഥാനാർഥി നിർണയത്തിൽ ആലോചന നടത്തിയിട്ടുണ്ടെന്നും പാർട്ടി അത് നേരിട്ട് പ്രഖ്യാപിക്കുമെന്നുമാണ് സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു കഴിഞ്ഞ ദിവസം പറഞ്ഞത്.

Tags:    
News Summary - Where is the Palakkad wind blowing? Palakkad has always been a center of attention in elections through controversies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.