കൈറ്റ് ഹരിത വിദ്യാലയം 4.0 വിദ്യാഭ്യാസ റിയാലിറ്റി ഷോ സെക്കൻഡറി വിഭാഗത്തിൽ
ഒന്നാം സമ്മാനം നേടിയ ജി.എച്ച്.എസ്.എസ് പൊറ്റശ്ശേരിക്ക് മന്ത്രി വി. ശിവൻകുട്ടി അവാർഡ്
സമ്മാനിക്കുന്നു
പാലക്കാട്: പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവെക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രക്ർച്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച രാജ്യത്തെ ഏക വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ കൈറ്റ് ഹരിതവിദ്യാലയം 4.0 ഗ്രാൻഡ് ഫിനാലെയിൽ ജില്ലക്ക് മികച്ച നേട്ടം.
സംസ്ഥാന തലത്തിൽ സെക്കൻഡറി വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് പൊറ്റശ്ശേരി ഒന്നാം സ്ഥാനം നേടി. പ്രൈമറി വിഭാഗത്തില്‍ ജി.യു.പി.എസ് പുതിയങ്കത്തിന് സ്പെഷല്‍ ജൂറി അവാര്‍ഡും ലഭിച്ചു. പാലക്കാട് ജില്ലയില്‍നിന്നുള്ള സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളായ പൊറ്റശ്ശേരി ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാർഥികള്‍ക്കായി തുടങ്ങിയ കമ്പനി കേരളത്തിലെ വേറിട്ട മാതൃകയാണ്. ഹൈസ്കൂള്‍ ഹയര്‍ സെക്കൻഡറി വിഭാഗങ്ങള്‍ തമ്മിലുള്ള മികച്ച അക്കാദമികവും ഭരണപരവുമായ ഏകോപനവുമാണ് സ്കൂളിനെ സമ്മാനത്തിന് അർഹമാക്കിയതെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. കാലാനുസൃതമായി ഭേദഗതി വരുത്തുന്ന, സ്വന്തമായി ഭരണഘടനയുള്ള സ്കൂളാണ് ജി.യു.പി.എസ് പുതിയങ്കം.
എല്ലാ കുട്ടികളെയും ഉള്‍ക്കൊണ്ട് വ്യക്തിഗത മാസ്റ്റര്‍ പ്ലാന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിലെ കുട്ടികള്‍ അവരുടെ മികവുകള്‍ അവതരിപ്പിക്കാനുള്ള ശേഷി കൈവരിച്ചവരാണ്. സെക്കൻഡറി തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 8.4 ലക്ഷം, 6.3 ലക്ഷം, 4.2 ലക്ഷം രൂപയുടെ ഐ.സി.ടി ഉപകരണങ്ങൾ അവാർഡായി ലഭിച്ചു. സ്പെഷല്‍ ജൂറി അവാര്‍ഡായി പ്രൈമറി വിഭാഗത്തിന് ശിൽപവും 1.68 ലക്ഷം രൂപയുടെ ഐ.സി.ടി ഉപകരണങ്ങളുമാണ് സമ്മാനം. ജി.വി.എല്‍.പി.എസ് ചിറ്റൂരിലെ എം. ഗൗഷിത ഷോയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥിനിക്കുള്ള സമ്മാനത്തിന് അര്‍ഹയായി. ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടിയാണ് അവാർഡുകൾ വിതരണം ചെയ്തത്.
സംസ്ഥാനത്തെ 825 സ്കൂളുകളിൽനിന്ന് തെരഞ്ഞെടുത്ത 86 സ്കൂളുകളാണ് കൈറ്റ് ഹരിതവിദ്യാലയം 4.0ത്തിന്റെ ആദ്യ റൗണ്ടിൽ മത്സരിച്ചത്. 26 സ്കൂളുകൾ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. രണ്ട് ലക്ഷത്തോളം കുട്ടികളാണ് വിവിധ ഘട്ടങ്ങളിലായി ഷോയുടെ ഭാഗമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.