നെന്മാറ: വനാതിർത്തി പ്രദേശങ്ങളിൽ മുള നട്ടുപിടിപ്പിക്കാൻ പദ്ധതിയുമായി വനംവകുപ്പ്. കാട്ടാന ഉൾപ്പെടെ വന്യജീവി ശല്യം രൂക്ഷമായിരിക്കുന്ന പ്രദേശങ്ങളിലാണ് വനം വകുപ്പ് മുള കൃഷിയുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് കിഫ ആരോപിച്ചു. മേഖലയിൽ മുള നടുന്നതിന് തൈകളുമായി വനം വകുപ്പ് വന്നാൽ തടയുമെന്ന് കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
നെല്ലിയാമ്പതി വനം റേഞ്ചിനു കീഴിൽ അയിലൂർ പഞ്ചായത്തിലെ തിരുവിഴയാട് സെക്ഷനിൽപെട്ട തളിപ്പാടം, കരിമ്പാറ, നിരങ്ങൻപാറ, കൽച്ചാടി, മരുതഞ്ചേരി, പൂഞ്ചേരി, ചള്ള, ഓവുപാറ, നേർച്ചപ്പാറ വരെയുള്ള മലയോരങ്ങളിലാണ് മുള നട്ടുപിടിപ്പിക്കാൻ വനംവകുപ്പ് പദ്ധതി തയാറാക്കിയിരിക്കുന്നത്. സമാനരീതിയിൽ വനംവകുപ്പ് മുള നട്ടു പിടിപ്പിച്ച എലവഞ്ചേരി, കൊല്ലങ്കോട്, വയനാട്, മലമ്പുഴ മേഖലകളിലെ പ്രശ്നങ്ങളും കിഫ യോഗത്തിൽ ചൂണ്ടിക്കാട്ടി. കാട്ടാനകൾക്ക് തീറ്റക്കായാണ് മുള കൃഷി നടത്താൻ വനംവകുപ്പിന്റെ പദ്ധതി.
കഴിഞ്ഞ കുറേ വർഷങ്ങളായി തുടർച്ചയായി ഈ മേഖലകളിൽ കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങി വിളകളും വേലികളും നശിപ്പിച്ച് ഭീതി പരത്തി കൊണ്ടിരിക്കുന്നു. ഇതിന് വനംവകുപ്പ് പരിഹാരം കാണാതെയാണ് പുതിയ പദ്ധതിയുമായി വന്നിരിക്കുന്നത്. കിഫ ജില്ല പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം. അബ്ബാസ്, ഡോ. സിബി സക്കറിയ, രമേശ് ചേവക്കുളം, സന്തോഷ് അരിപ്പാറ, മോഹൻ തോട്ടത്തിൽ, അബ്ദുൽ റഹ്മാൻ മരുതഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വനംവകുപ്പ് പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്ന് മുന്നറിയിപ്പു നൽകി. ഇത് സംബന്ധിച്ച് കർഷകരുടെ ആശങ്ക പങ്കുവെച്ച് ഡോ. സിബി സക്കറിയ നെന്മാറ ഡി.എഫ്.ഒയുമായി ചർച്ച നടത്തി. മലയോരമേഖലയിൽ നിന്നും അഞ്ചു കിലോമീറ്റർ ഉൾവനത്തിലേക്ക് മാറ്റി നടാനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.