പാലക്കാട് ജില്ല ആശുപത്രിയിലെ പുതിയ കെട്ടിടം
മൂന്ന് വർഷമായിട്ടും പണി കഴിഞ്ഞില്ല; ജില്ല ആശുപത്രി കെട്ടിട ഉദ്ഘാടനം നീളുന്നു
പാലക്കാട്: ജില്ല ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്‍റെ നിർമാണവും ഉദ്ഘാടനവും അനന്തമായി നീളുന്നു. കിഫ്ബിയിൽനിന്നുള്ള 127 കോടി രൂപ വിനിയോഗിച്ച് 2023ൽ നിർമാണം ആരംഭിച്ച കെട്ടിടം മൂന്ന് വർഷം പിന്നിട്ടിട്ടും ഉദ്ഘാടനത്തിന് തയാറായിട്ടില്ല. കഴിഞ്ഞവർഷം സെപ്റ്റംബർ, ഒക്ടോബർ, 2026 ഫെബ്രുവരി എന്നിങ്ങനെ വിവിധ മാസങ്ങളിൽ നിർമാണം പൂർത്തിയാകുമെന്നും ഉദ്ഘാടനം നടത്തുമെന്നുമാണ് അന്നത്തെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചിരുന്നത്. എന്നാൽ, ഫെബ്രുവരി കഴിഞ്ഞ് മാർച്ച് ആയിട്ടും നിർമാണ പ്രവർത്തനങ്ങൾ ഇപ്പോഴും അന്തിമഘട്ടത്തിൽ തന്നെയാണ്. 1,85,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അഞ്ച് നിലകളിലായാണ് കെട്ടിടം നിര്‍മിക്കുന്നത്. ലിഫ്റ്റ്, റാംപ് തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയുമാണ് നിര്‍മാണം.
വിശാലമായ ഒ.പി വിഭാഗം, ഫാർമസി, സ്ത്രീ-പുരുഷ വാർഡുകൾ, അത്യാധുനിക ലബോറട്ടറി സൗകര്യങ്ങൾ, തീവ്രപരിചരണ വിഭാഗം, വിപുലമായ ഓപറേഷൻ തിയറ്റർ കോംപ്ലക്സ് എന്നീ സൗകര്യങ്ങളെല്ലാം കെട്ടിടത്തിൽ സജ്ജീകരിക്കുന്നുണ്ട്. എന്നാൽ, ഇനിയും പ്രവൃത്തികൾ ബാക്കിയാണ്. വൈദ്യുതീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പാർക്കിങ് സൗകര്യമായിട്ടില്ല. അതിനായി മുന്നിലുള്ള പ്രധാന കെട്ടിടം പൊളിക്കേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്. തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നാൽ പിന്നെ ഉദ്ഘാടനങ്ങളൊന്നും നടക്കില്ല. പുതിയ ജില്ല പഞ്ചായത്ത് ഭരണസമിതി വന്ന ശേഷം എച്ച്.എം.സി യോഗം പോലും ചേർന്നിട്ടില്ല.
ആശുപത്രിയിലെ പുതിയ കെട്ടിടം നിർമാണം പൂർത്തിയാക്കി തുറന്നുനൽകിയാൽ രോഗികൾക്ക് വളരെയധികം ആശ്വാസമാകും. ദിനംപ്രതി ആയിരത്തിലധികം രോഗികളാണ് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. മൂന്ന് വർഷം മുമ്പ് കെട്ടിട നിർമാണം ആരംഭിച്ചതോടെ ജില്ല വനിത-ശിശു ആശുപത്രിക്ക് മുന്നിലെ റോഡ് തകർന്ന് തരിപ്പണമായി. കെട്ടിടത്തിന്‍റെ പണി പൂർത്തിയായ ശേഷമേ റോഡ് നന്നാക്കാനാകൂ എന്ന നിലപാടിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.