പാലക്കാട്: അട്ടപ്പാടിയിൽ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിനെ തടഞ്ഞു നിർത്തി കുടുംബശ്രീയുടെ ‘ബ്രിഡ്ജ് കോഴ്സ്’ പദ്ധതി. പല കാരണങ്ങൾ കൊണ്ട് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് സ്കൂൾ വിട്ട കുട്ടികളെയാണ് പദ്ധതിയിലൂടെ തിരികെയെത്തിച്ചത്. കുട്ടികളുടെ പഠനത്തിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് അട്ടപ്പാടിയുടെ വിദ്യാഭ്യാസ മേഖലയുടെ വലിയതോതിലുള്ള തളർച്ചക്ക് കാരണമായപ്പോഴാണ് ബ്രിഡ്ജ് കോഴ്സ് ആരംഭിച്ചത്.
അട്ടപ്പാടിയിൽ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലത്തിൽ 35 സ്കൂളുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ സ്കൂളുകൾ കാണിക്കുന്ന അജ്ഞത, അന്യഭാഷയായ മലയാളത്തിലുള്ള ക്ലാസുകൾ, അധ്യാപകരുടെയും മറ്റ് സൗകര്യങ്ങളുടെയും അപര്യാപ്തത തുടങ്ങിയവമൂലം പലപ്പോഴും ആദിവാസി വിഭാഗത്തിൽ പെട്ട കുട്ടികളെ സ്കൂളുകളിൽനിന്ന് അകറ്റി. പൊതുസ്ഥലങ്ങളിൽ കുട്ടികൾ നേരിടുന്ന ആദിവാസി വിവേചന സമീപനങ്ങളും ചുറ്റുപാടുകളും കൊഴിഞ്ഞുപോക്കിന് ആക്കം കൂട്ടി.
2011 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ഏകദേശം 1671 കുട്ടികളാണ് പഠിത്തം നിർത്തിയത്. സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബശ്രീ മിഷൻ അട്ടപ്പാടി ബാലവിഭവ കേന്ദ്രം 192 ഉന്നതികളിൽ നടത്തിയ സർവേയിൽ കുറഞ്ഞത് അഞ്ച് മുതൽ 20 കുട്ടികൾ വരെ ഓരോ ഉന്നതികളിലും പഠനം നിർത്തിയതായി കണ്ടെത്തി. ഈ കുട്ടികളെ തിരികെ എത്തിക്കാൻ 2016 ലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ബ്രിഡ്ജ് കോഴ്സ് ആരംഭിച്ചത്. പദ്ധതിയുടെ പ്രവർത്തനഫലമായി പഠനം നിർത്തിയ കുട്ടികൾ സ്കൂളുകളിലേക്ക് തിരിച്ചെത്തി.
കോവിഡ് കാലത്ത് ബ്രിഡ്ജ് പദ്ധതി മുഖേന മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. ഓൺലൈനായി കുട്ടികൾക്ക് പഠനസൗകര്യമൊരുക്കി. ഇക്കാലയളവിൽ 2446 കുട്ടികൾക്ക് പഠനസഹായം നൽകി. നെറ്റ് വർക്ക് ഇല്ലാത്ത പ്രദേശങ്ങളിൽ പി.ഡി.എഫ്, പെൻഡ്രൈവ് വഴി പഠന സൗകര്യങ്ങൾ എത്തിച്ചു. പദ്ധതിയുടെ മോഡൽ പട്ടികവർഗ വകുപ്പ് ഏറ്റെടുത്ത് സാമൂഹ്യ പഠനമുറിയാക്കിയതും കുടുംബശ്രീ സംസ്ഥാന മിഷൻ മറ്റുള്ള പ്രദേശങ്ങളിൽ ബ്രിഡ്ജ് കോഴ്സ് എന്ന ആശയം നടപ്പിലാക്കിയതും വലിയ അംഗീകാരമായാണ് അധികൃതർ കാണുന്നത്.
തദ്ദേശീയ മേഖലയിൽ വീടുകളിൽനിന്ന് സ്കൂളിൽ പോയി വന്നു പഠിക്കുന്ന വിദ്യാർഥികൾക്ക് പാഠ്യ പാഠ്യേതര വിഷയങ്ങളിൽ പിന്തുണ സംവിധാനമൊരുക്കി സമഗ്ര വികസനം ഉറപ്പു വരുത്തുന്നതിന് ഉന്നതികൾ കേന്ദ്രീകരിച്ച് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന സാമൂഹ്യ പഠന സംവിധാനമാണ് ബ്രിഡ്ജ് കോഴ്സ്.
വൈകുന്നേരങ്ങളിൽ രണ്ടു മണിക്കൂറും ശനി, ഞായർ ദിവസങ്ങളിൽ ഉച്ചവരെയുള്ള സമയങ്ങളിലും കുട്ടികളെ വിവിധ കാര്യങ്ങൾ വിവിധ രീതികളിലൂടെ പഠിപ്പിക്കുന്നു. ഭക്ഷണം, ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം എന്നീ പ്രക്രിയയിലൂടെയാണ് ബ്രിഡ്ജ് കോഴ്സ് കടന്നു പോകുന്നത്.
വിദ്യാർഥികളുടെ സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് ഇല്ലാതാക്കുക, തദ്ദേശീയ മേഖലയിലെ തനതു ഭാഷ, സംസ്കാരം, അറിവുകൾ എന്നിവ പുതുതലമുറയിലേക്ക് പകർന്നു നൽകുന്നതിനുള്ള ഇടപെടലുകൾ നടത്തുക, ഓരോ കുട്ടികളിലും അന്തർലീനമായി കിടക്കുന്ന കഴിവുകളെ കണ്ടെത്തി പരിപോഷിക്കുക, കുട്ടികളിൽ ആത്മവിശ്വാസം, മത്സര ബുദ്ധി, കായികശേഷി എന്നിവ വളർത്തിയെടുക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ.
2011-12 : 122 : 144 : 128 : 394
2012-13 : 111 : 138 : 121 : 370
2013-14: 105 : 120 : 116 : 341
2014-15 : 98 : 99 : 104 : 301
2015-16 : 89 : 77 : 99 : 265
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.