പാലക്കാട്: സംസ്ഥാനത്തെ വിലക്കയറ്റത്തിൽ തളർന്ന് ക്ഷീരകർഷകരും. പശുവളർത്തൽ ഉപജീവനമാക്കിയവരാണ് കാലിത്തീറ്റ, ചോളം, വൈക്കോൽ തുടങ്ങിയവയുടെ വിലക്കയറ്റത്തിൽ പ്രതിസന്ധിയിലായത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന ജില്ലയുടെ കിഴക്കൻമേഖലയിലെ ഭൂരിഭാഗം കുടുംബങ്ങളുടെയും ജീവനോപാധിയാണ് കന്നുകാലി വളർത്തൽ. മിൽമക്ക് പാൽ അളന്നുനൽകുന്നതിൽ മുന്നിലാണെങ്കിലും പശുക്കൾക്ക് വേണ്ട തീറ്റസാധനങ്ങളുടെ വില വർധന കർഷകന് തിരിച്ചടിയാകുന്നു.
50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റക്ക് 1580 രൂപയാണ് വില. ചോളപ്പൊടി 49 കിലോ ചാക്കിന് 1650 രൂപയാണ്. ഗോതമ്പ് പൊടി 34 കിലോയുടെ ചാക്കിന് 1060 രൂപയുണ്ട്. നേരത്തെ 600-700 രൂപ വരെയാണുണ്ടായിരുന്നത്. ഇവയെല്ലാം ചേർത്ത മിശ്രിതമാണ് പശുക്കൾക്ക് നൽകുക. ഒരു കെട്ട് വൈക്കോലിന് 300 രൂപയും ചോള പുല്ലിന് ഒരു കിലോക്ക് ഏഴ്-എട്ട് രൂപയുമാണ് വില. തമിഴ്നാട്ടിൽനിന്നും വ്യാപാരികൾ കൊണ്ടുവരുന്ന വൈക്കോലാണ് വാങ്ങുന്നത്. ഇതിന് 350 രൂപയോളം വരും. സീസൺ സമയങ്ങളിൽ വില കുറയും. കോവിഡിന് ശേഷമാണ് കാലിത്തീറ്റക്കും ചോളത്തിനുമെല്ലാം വില കൂടിയത്.
ഒരു പശുവിന് ഒരുദിവസം ഏകദേശം എട്ട് കിലോയോളം കാലിത്തീറ്റയും 40 കിലോയോളം ചോള പുല്ലും തീറ്റക്കായി വേണമെന്നിരിക്കെ പ്രതിദിനം 600-700 രൂപ വരെ പരിപാലന ചെലവിനായി മുടക്കേണ്ടി വരും. പത്തിലധികം പശുക്കളുള്ളവരാണ് മേഖലയിലെ മിക്ക കർഷകരും. തീറ്റസാധനങ്ങൾക്കെല്ലാം വില കൂടിയതോടെ ഭീമമായ തുകയാണ് നിത്യവും പശുക്കളുടെ പരിപാലനത്തിന് മാത്രമായി ഓരോ കർഷകനും ചെലവിടേണ്ടി വരുന്നത്. മാസം കിട്ടുന്ന വരുമാനത്തിൽനിന്ന് 25 ദിവസത്തെയും തുക പശുക്കൾക്ക് തന്നെ ചെലവാകുമെന്നും ബാക്കി അഞ്ച് ദിവസത്തെ മാത്രമാണ് തങ്ങൾക്ക് ലഭിക്കുന്നതെന്നും മീനാക്ഷിപുരത്തെ ക്ഷീരകർഷകൻ ധർമരാജ് പറയുന്നു. വേനൽക്കാലത്ത് പച്ചപ്പുല്ല് കിട്ടാത്തതിനാൽ പാലുൽപാദനം കുറയും. അപ്പോൾ കൂടുതൽ അളവിൽ കാലിത്തീറ്റ നൽകേണ്ടി വരും. ഇത് ചെലവ് ഇരട്ടിയാക്കുമെന്നും കർഷകർ പറയുന്നു. പാൽ സൊസൈറ്റികളിൽ ഒരു ലിറ്റർ പാലിന് 42-43 രൂപ വരെയാണ് കർഷകന് ലഭിക്കുന്നത്. എന്നാൽ, വിപണിയിൽ ഒരു ലിറ്റർ പാലിന് 50-52 രൂപയാണ് വില. ഇതിനെല്ലാംപുറമെ ചർമമുഴ, കുളമ്പുരോഗം, അകിടുവീക്കം തുടങ്ങിയ രോഗങ്ങൾ പശുക്കളെ ബാധിക്കുന്നതും കർഷകരെ ദുരിതത്തിലാക്കുന്നു. വേനൽക്കാലത്താണ് അകിടുവീക്കം കൂടുതലായി കണ്ടുവരുന്നത്. രോഗം ബാധിച്ചാൽ പശുവിന് വൈദ്യ സഹായം നൽകണം. തുടർന്ന് ഏഴുദിവസം പാൽ കറന്ന് ഒഴിച്ചുകളയണം. കാലിത്തീറ്റ ഉൾപ്പെടെയുള്ളവയുടെ വില വർധന മേഖലയെ പ്രതിസന്ധിയിലാക്കിയതായി ക്ഷീരകർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.