പാലക്കാട്: കനത്ത ചൂടിനൊപ്പം ഇന്നുമുതൽ പരീക്ഷച്ചൂടും. എസ്.എസ്.എൽ.സി പരീക്ഷക്ക് തിങ്കളാഴ്ച തുടക്കമാകും. ജില്ലയിൽ 193 കേന്ദ്രങ്ങളിലായി 40,324 വിദ്യാർഥികൾ ഇക്കുറി പരീക്ഷയെഴുതും. ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത് പരുതൂർ എച്ച്.എസ് പള്ളിപ്പുറം സ്കൂളിലാണ്, 961 കുട്ടികൾ. ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതുന്നത് ഷൊർണൂർ ജി.എച്ച്.എസ്.എസിലാണ്, 10 പേർ. ആകെ 20,456 ആൺകുട്ടികളും 19,868 പെൺകുട്ടികളുമാണ് ജില്ലയിൽ പരീക്ഷയെഴുതുന്നത്.
പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ 18,866 വിദ്യാർഥികളും ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ 12,389 കുട്ടികളും മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ 9069 കുട്ടികളുമാണ് പരീക്ഷ എഴുതുക.
പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ 9588 ആൺകുട്ടികളും 9278 പെൺകുട്ടികളുമാണ് പരീക്ഷക്കുള്ളത്. ഒറ്റപ്പാലത്ത് 6183 ആൺകുട്ടികളും 6206 പെൺകുട്ടികളും മണ്ണാർക്കാട്ട് 4685 ആൺകുട്ടികളും 4384 പെൺകുട്ടികളുമാണുള്ളത്. മാർച്ച് മൂന്നു മുതൽ 26 വരെയാണ് പരീക്ഷ. മലയാളമാണ് ആദ്യം.
ഇംഗ്ലീഷ്, സോഷ്യൽ, കണക്ക് വിഷയങ്ങൾ രാവിലെ 9.30 മുതൽ 12.15 വരെയും മറ്റു വിഷയങ്ങൾ 11.15 വരെയുമാണ് നടക്കുക. പരീക്ഷയുടെ മുന്നൊരുക്കം പൂർത്തിയായി. 911 ഇൻവിജിലേറ്റർമാരുണ്ടാകും. കടുത്ത വേനൽ ചൂട് കണക്കിലെടുത്ത് പരീക്ഷാ ഹാളിൽ കുടിവെള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഡി.ഡി.ഇ പി. സുനിജ അറിയിച്ചു.
ഫാനുകളുള്ള മുറികൾ പരീക്ഷാ ഹാളുകളാക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. പരമാവധി താഴത്തെ നിലകളിലെ ക്ലാസ്മുറികളാണ് പരീക്ഷക്കായി തെരഞ്ഞെടുത്തിട്ടുള്ളതെന്നും ഡി.ഡി.ഇ അറിയിച്ചു. കഴിഞ്ഞവർഷം ജില്ലയിൽ 195 കേന്ദ്രങ്ങളിലായി 39,667 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 99.69 ശതമാനമായിരുന്നു വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.