ക്ഷീര വികസന വകുപ്പിന്‍റെ സ്ഥലം കൈയേറി നിർമിച്ച കെട്ടിടം

ക്ഷീര വികസന വകുപ്പിന്‍റെ സ്ഥലം കൈയേറി നിർമാണം നടത്തിയതായി പരാതി

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്ത് ഗ്രാമച്ചന്ത ആരംഭിക്കുന്നതിന് നൽകിയ അനുമതിയുടെ മറവിൽ ക്ഷീര വികസന വകുപ്പിന്‍റെ സ്ഥലം കൈയേറി സ്വകാര്യ വ്യക്തി നിർമാണം നടത്തിയതായി പരാതി. ടി.വി പുരം ഗ്രാമപഞ്ചായത്ത് 15ാം വാർഡിൽ വൈക്കം-ടി.വി പുരം റോഡിൽ പള്ളിപ്പുറത്തുശ്ശേരി സെൻറ് ജോസഫ് എൽ.പി സ്കൂളിലേക്ക് തിരിയുന്ന വഴിയുടെ തെക്കുവശത്തായിട്ടാണ് ക്ഷീര വികസന വകുപ്പിന്റെ കൈവശമുള്ള സ്ഥലം സ്ഥിതി ചെയ്യുന്നത്.

ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഗ്രാമച്ചന്ത നടത്തുവാൻ 11 മാസത്തെ കാലാവധിയിൽ പള്ളിപ്രത്തുശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന നന്മ കർഷക സംഘത്തിനു നൽകിയ അനുമതിയുടെ മറവിലായിരുന്നു നിർമാണ പ്രവർത്തനം. കരാർ പ്രകാരം സ്ഥലത്ത് സ്ഥിര നിർമാണമോ സ്ഥിരമായ മാറ്റങ്ങളോ വരുത്താൻ പാടില്ലെന്ന് പ്രത്യേകം നിർദേശിച്ചിരുന്നു. ഈ വ്യവസ്ഥക്ക് വിരുദ്ധമായാണ് നിലവിൽ അവിടെ പ്രവർത്തനങ്ങൾ നടക്കുന്നത്. എന്നാൽ, കരാർ സംബന്ധിച്ച് പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച പോലും നടത്തിയിട്ടില്ല.

ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടുകൂടിയാണ് നിർമാണ പ്രവൃത്തികൾ നടന്നതെന്നാണ് ആക്ഷേപം. ഒരു മാസക്കാലമായി നടന്നുവരുന്ന നിർമാണപ്രവൃത്തികൾ ബന്ധപ്പെട്ട അധികാരികൾ കണ്ടില്ലെന്ന മട്ടിലാണ്. പരാതി ഉയർന്ന സാഹചര്യത്തിൽ സ്റ്റോപ് മെമ്മോ നൽകിയിരിക്കയാണ് പഞ്ചായത്ത് അധികാരികളും ക്ഷീര വികസന വകുപ്പും.

Tags:    
News Summary - Complaint alleging that construction was carried out on the land of the Dairy Development Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.