ദലിത് സമുദായ മുന്നണി സംസ്ഥാന കമ്മിറ്റി കോട്ടയത്ത് സംഘടിപ്പിച്ച ജനാധിപത്യ സംഗമം ചെയർമാൻ സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്യുന്നു

പൗരത്വം തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷനല്ല -സണ്ണി എം. കപിക്കാട്

കോട്ടയം: ഇന്ത്യയിൽ ജനിച്ചുവളർന്നവർക്ക് പൗരത്വം തീരുമാനിക്കുവാൻ തെരഞ്ഞെടുപ്പ് കമീഷന് ഒരു അധികാരവുമില്ലെന്നും 13 കോടിയോളം ഇന്ത്യക്കാരെ വോട്ടവകാശത്തിൽനിന്ന് പുറത്താക്കാൻ നിയമവിരുദ്ധമായി ഇടപെട്ട കമീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നും ദലിത് സമുദായ മുന്നണി ചെയർമാൻ സണ്ണി എം. കപിക്കാട് ആവശ്യപ്പെട്ടു.

ദലിത് സമുദായ മുന്നണി സംസ്ഥാന കമ്മിറ്റി കോട്ടയത്ത് സംഘടിപ്പിച്ച ജനാധിപത്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘ്പരിവാർ സംഘടനകൾ ജനങ്ങളെ 12 വർഷക്കാലം ഭീഷണിയിലൂടെ ഭയപ്പെടുത്തി നിർത്തുകയായിരുന്നു. സംഘ്പരിവാറിന്‍റെ ഭീഷണിയെ വകവെക്കുവാൻ ഇന്ത്യൻ ജനത തയാറല്ല എന്നതിന്‍റെ തെളിവാണ് യുവാക്കളുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപകമായ പ്രക്ഷോഭമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡി.എസ്.എം ജനറൽ സെക്രട്ടറി അഡ്വ. പി.എ. പ്രസാദ് അധ്യക്ഷത വഹിച്ചു. സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്‍റ് കെ.കെ. സുരേഷ്, പ്രഭാഷകനായ ഡോ. ടി.എസ്. ശ്യാംകുമാർ, ഡോ. രേഖ രാജ്, കോക്രോച്ച് ജനത പാര്‍ട്ടി കണ്‍വീനര്‍ സനൂപ്ദേവ്, സംഘടന സെക്രട്ടറി ബിജോയ് ഡേവിഡ്, ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ചിത്ര നിലമ്പൂര്‍, എസ്.യു.സി.ഐ സംസ്ഥാന കമ്മിറ്റിയംഗം മിനി കെ. ഫിലിപ്, ഡി.എസ്.എം ജില്ല സെക്രട്ടറി ദിലീപ് കൈപ്പുഴ തുടങ്ങിയവർ സംസാരിച്ചു. 

Tags:    
News Summary - EC Shouldn’t Decide Citizenship: Sunny M. Kapikad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.