മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ രാഷ്ട്രപതി പുറത്താക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന സമിതി കാഞ്ഞരപ്പള്ളിയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ്
തെരഞ്ഞെടുപ്പ് കമീഷണറെ രാഷ്ട്രപതി പുറത്താക്കണം ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ
കാഞ്ഞിരപ്പള്ളി: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ഭരണഘടന പദവിയുടെ അന്തസ്സും നിഷ്പക്ഷതയും തകർക്കുകയാണെന്നും അദ്ദേഹത്തെ അടിയന്തരമായി പദവിയിൽ നിന്ന് പുറത്താക്കാൻ രാഷ്ട്രപതി ഇടപെടണമെന്നും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞുമൗലവി ആവശ്യപ്പെട്ടു.
ഡൽഹിയിൽ ഉയർന്ന രാഷ്ട്രീയ-ഭരണഘടന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്തേണ്ട തെരഞ്ഞെടുപ്പ് കമീഷൻ, ഭരണകൂട താൽപര്യങ്ങൾക്ക് വഴങ്ങി ഒരുപക്ഷമായി പ്രവർത്തിക്കുകയാണ്. രാജ്യത്തുടനീളം വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പേരിൽ ലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം അട്ടിമറിക്കപ്പെടുകയാണെന്ന ഗൗരവതര ആക്ഷേപങ്ങളാണ് നിലവിലുള്ളത്. ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങളെയും ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്ന രീതിയിലാണ് കമീഷന്റെ നീക്കങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സയ്യിദ് മുത്തുക്കോയ തങ്ങൾ ബാഫക്കി അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞരപ്പള്ളി നൈനാർ സെൻട്രൽ മഹല്ല് പ്രസിഡന്റ് ഹാജി പി.എം അബ്ദുൽ സലാം, ജനറൽ സെക്രട്ടറി അൻസാരി വാവേർ, ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറി കടുവയിൽ ഇർഷാദ് ബാഖവി, ആനക്കല്ല് മഹല്ല് പ്രസിഡന്റ് പി.എ മുഹമ്മദ് സാദിക്ക് പുതുപ്പറമ്പിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.