കൊക്കയാർ പഞ്ചായത്തിലെ വെംബ്ലി വെട്ടിക്കാനം ആറ്റോരം ഭാഗത്തെ തകർന്ന വീടുകൾ കാടുകയറിയ നിലയിൽ
മുണ്ടക്കയം ഉരുൾപൊട്ടൽ ദുരന്തത്തിന് അഞ്ച് വയസ്സ്; മലയോര മേഖല വിറങ്ങലിച്ചുതന്നെ...
മുണ്ടക്കയം: അഞ്ച് വർഷം മുമ്പ് ഇതേദിവസം പുലർന്നത് ഒരു സങ്കടത്തിന്റെ കഥ പറയാനായിരുന്നു. കൊക്കയാർ, കൂട്ടിക്കൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ 21 പേരുടെ ജീവനുകളാണ് കവർന്നത്. രാവിലെ 9.30നുണ്ടായ ശക്തമായ മഴ 10.30ഓടെ നാടിനെതന്നെ ഇല്ലാതാക്കി. കൂട്ടിക്കൽ പഞ്ചായത്തിലെ കാവാലി, കൊക്കയാർ പഞ്ചായത്തിലെ മാക്കൊച്ചി, കൊക്കയാർ എന്നിവിടങ്ങളിൽ നിരവധി വീടുകളും അതിൽ കഴിഞ്ഞ പിഞ്ചുകുട്ടികളടക്കം 23ഓളം പേരും പ്രളയം കവർന്നെടുക്കുകയായിരുന്നു.
പ്രളയം വിതച്ച നാശം
കൂട്ടിക്കൽ പഞ്ചായത്തിന്റെ ഒന്നാം വാർഡ് ഒഴികെ 12 വാർഡുകളിലും പ്രളയം നാശംവിതച്ചു. മുണ്ടക്കയം കൂട്ടിക്കൽ, കൊക്കയാർ വില്ലേജുകളിൽ പൂർണമായി തകർന്ന വീടുകൾ- 255. ഭാഗികമായി തകർന്നത്- 2538. കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം ഉൾപ്പെടെ നാല് പ്രധാന പാലങ്ങളും ഗ്രാമീണ മേഖലയിൽ നടപ്പാലങ്ങളും ഉൾപ്പെടെ 17 പാലങ്ങൾ തകർന്നു. 42 റോഡുകൾക്ക് നാശനഷ്ടം, 13 കലുങ്കുകൾ ഇടിഞ്ഞു.
79 വീടുകളിൽ കുടിവെള്ള സ്രോതസ്സ് നഷ്ടമായി. 25 പൊതുകിണർ നശിച്ചു. 84 ശുചിമുറികൾ നശിച്ചു.259 വീടുകളിലെ ഉപകരണങ്ങൾ നശിച്ചു. 168 കുട്ടികൾക്ക് പഠനോപകരണങ്ങൾ നഷ്ടമായി. ഇരു ജില്ലകളിലുമായി 1800 വ്യാപാരികൾക്ക് നഷ്ടം.
വഴിയാധാരമായത് നൂറുകണക്കിന് കുടുംബങ്ങൾ
2021ലെ പ്രളയത്തിൽ നൂറുകണക്കിന് കുടുംബങ്ങൾ വഴിയാധാരമാവുകയായിരുന്നു. അതിജീവന വഴിയിൽ അഞ്ച് വർഷത്തിനിടെ പലതും വീണ്ടെടുത്തു. പക്ഷേ, കാലം നീങ്ങുമ്പോഴും പരിഹരിക്കപ്പെടാതെ ഇനിയുമുണ്ട് പ്രശ്നങ്ങൾ.
കോട്ടയം- ഇടുക്കി ജില്ലയുടെ അതിർത്തി വേർതിരിച്ച് ഒഴുകുന്ന പുല്ലകയാറിന്റെ സമീപമുള്ള കുട്ടിക്കലിൽ -ഇളംകാട് റോഡിലെ യാത്രയിൽ മറുകരയിലേക്ക് നോക്കിയാൽ വെട്ടിക്കാനം ആറ്റോരം ഭാഗത്ത് തകർന്നടിഞ്ഞ 20ഓളം വീടുകൾ കാടുകയറിക്കിടക്കുന്നത് കാണാം. അവിടേക്ക് എത്തണമെങ്കിൽ ചെറിയ ഇടവഴി നടന്ന് പോകണം. പക്ഷേ, അതുവഴി കടന്നുവരണമെങ്കിൽ കാട്ടുവഴിയിലൂടെയും സ്വകാര്യ വ്യക്തികളുടെ തോട്ടത്തിലൂടെയും വേണം.
തകർന്നടിഞ്ഞ വീടുകൾക്കിടയിൽ രണ്ട് വീടുകൾ മാത്രം കാണാം. കൊക്കയാർ പഞ്ചായത്തിലെ ഈ പ്രദേശത്തേക്ക് ജിയോളജി വകുപ്പ് ഉൾപ്പെടെ എത്തി വാസയോഗ്യമല്ലെന്ന് മുദ്രകുത്തപ്പെട്ടെങ്കിലും സ്ഥലത്ത് ഇപ്പോഴും ആളുകൾ താമസിക്കുന്നത് ഭീതി പടർത്തുന്ന കാഴ്ചയാണ്.
പുല്ലകയാർ കരകവിഞ്ഞ് 20ഓളം വീടുകൾ പൂർണമായും നശിച്ചു. ഈ ദുരന്തഭൂമിയിലെ താമസക്കാർ 23 വീടുകളായിരുന്നു ആറ്റോരത്തുള്ളത്. 20 കുടുംബങ്ങളിൽ ഇനി വീട് ലഭിക്കാനുള്ളത് ഒമ്പത് പേർക്കാണ്. അഞ്ച് വർഷമായി ഇവർ കയറിയിറങ്ങാത്ത സർക്കാർ ഓഫിസുകളില്ല. ഏതാനും ദിവസം മുമ്പ് വീട് നൽകുന്ന പദ്ധതി ഉടൻ നടപ്പാക്കുമെന്ന അറിയിപ്പ് ലഭിച്ചതാണ് ഇവർക്കുള്ള ആശ്വാസം.
താമസയോഗ്യമല്ലാത്ത സ്ഥലത്ത് നിന്നും മറ്റുള്ളവർ വാടക വീടുകളിലേക്ക് മാറിയിട്ടുണ്ട്. അഞ്ച് വർഷമായി വാടക കൊടുത്ത് കഴിയേണ്ട ഗതികേടിലാണ്. പ്രളയശേഷം നാശനഷ്ടങ്ങൾ വിലയിരുത്തിയ അധികൃതർ രേഖപ്പെടുത്തിയ കണക്കുകൾ തെറ്റിയതാണ് വീട് ലഭിക്കാൻ തടസ്സമായതെന്ന് പറയുന്നു.
നടപ്പാലങ്ങൾക്കായി നീളുന്ന കാത്തിരിപ്പ്
2021ലെ പ്രളയത്തിലാണ് മ്ലാക്കര നടപ്പാലം പുഴ കവർന്നത്. അന്ന് തോടിന് കുറുകെ വടംകെട്ടിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. പ്രളയാനന്തരം ഈ പ്രദേശം താമസയോഗ്യമല്ലെന്ന് അധികൃതർ വിധിയെഴുതി. ഇതോടെ ജീവനെ ഭയന്ന് ഈ പ്രദേശത്ത് നിന്നും വാടക വീടുകളിലേക്കും മറ്റിടങ്ങളിലേക്കും പലായനം ചെയ്തത് 30ലധികം കുടുംബങ്ങൾ.
മ്ലാക്കര നടപ്പാലം പോയതോടെ മറുകരയിലുള്ളവരുടെ യാത്രാഭീതിയിലായി. ശക്തമായ മഴ ഉണ്ടാകരുതേ എന്ന പ്രാർഥനയിലാണ് അക്കരെ താമസിക്കുന്ന മൂന്നു കുടുംബങ്ങൾക്കുള്ളത്. ഇതിനോട് ചേർന്ന് നിരവധി കൃഷിയിടങ്ങളുമുണ്ട്. ഈ പ്രദേശത്തെ ആളുകൾക്കായി പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന് അഞ്ച് വർഷം മുൻപ് പ്രഖ്യാപനമുണ്ടായെങ്കിലും നടപടിയായില്ല. പുനരധിവാസമുള്ളത് കൊണ്ട് നടപ്പാലം എന്നത് പാടേ അവഗണിക്കപ്പെട്ടു. നടപടി കാത്ത് മറ്റ് നടപ്പാലങ്ങളുമുണ്ട്. പൂവഞ്ചി നടപ്പാലം: കൂട്ടിക്കൽ മുണ്ടക്കയം റോഡിലേക്ക് കുട്ടിക്കൽ റോഡിലേക്ക് എത്താനുള്ള വഴി എം.പി ഫണ്ടിൽനിന്നും ഉൾപ്പെടെ 2022ൽ തുക അനുവദിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് ഫണ്ടിൽ രണ്ട് തൂണുകൾ നിർമിച്ചെങ്കിലും തുടർ നടപടികൾ വൈകുകയായിരുന്നു.
ഇപ്പോൾ ഇടുക്കി ജില്ല പഞ്ചായത്തംഗം മിനി സാബു 70 ലക്ഷം രൂപ അനുവദിക്കുകയും എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തതാണ് ഏക ആശ്വാസം. കനകപുരം -ചക്കനാപുരയിടം പാലം: കനകപുരം നിവാസികൾക്ക് തേൻപുഴ ഈസ്റ്റിൽ വേഗത്തിലെത്താൻ കഴിയുന്ന പാലമാണ്. അഞ്ച് വർഷമായി അധികൃതർ ഒന്നും ചെയ്തിട്ടില്ല. ഇപ്പോൾ പീരുമേട് എം.എൽ.എയും അഴുത ബ്ലോക്ക് പഞ്ചായത്തും നടപടിക്കായി ഇടുക്കി പാക്കേജിൽ ശിപാർശ ചെയ്തിട്ടുണ്ട്. ഇത് പ്രദേശവാസികൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മുക്കുളം-ഏഴേക്കർ പാലം: പ്രദേശവാസികൾക്ക് ഇളങ്കാട് ഭാഗത്തേക്ക് വേഗത്തിൽ എത്താനുള്ള വഴി. നടപടികൾ വൈകിയതിനാൽ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്താൻ ശിപാർശ ചെയ്തു. ഒറ്റമരം-ഏന്തയാർ ഈസ്റ്റ് പാലം: കൂട്ടിക്കൽ റോഡിലേക്ക് വേഗത്തിൽ പ്രവേശിക്കാനുള്ള വഴി. പാലം നിർമാണത്തിന് ഇതുവരെ നടപടിയായില്ല.
മഴ പെയ്താൽ പുഴ കരകയറുന്നു
മുണ്ടക്കയം 2018, 2021 പ്രളയങ്ങളിൽ മണിമലയാറും പുല്ലകയാറും കരകവിഞ്ഞ് ഒഴുകിയത് രണ്ട് ദിവസത്തോളം നീണ്ടുനിന്ന മഴയെ തുടർന്നാണ്. പക്ഷേ, ഇപ്പോൾ രണ്ട് മണിക്കൂർ അടുപ്പിച്ച് മഴ പെയ്താൽ പുഴ കരകയറുന്ന കാഴ്ച. ഇതിന് കാരണം എന്താണ് എന്ന ചോദ്യത്തിന് ‘ആറുകളുടെ ആഴം കുറഞ്ഞു’ എന്ന ഒരു ഉത്തരം മാത്രം. അത് പരിഹരിക്കാൻ നടപ്പാക്കിയ പദ്ധതികൾ സ്വകാര്യ താൽപര്യങ്ങൾക്കും നടപടികൾക്കും വഴങ്ങി ജലരേഖയായി മാറിയ ഞെട്ടിക്കുന്ന കഥയാണ് പുറത്തുവരുന്നത്. മുണ്ടക്കയം കോസ്വേ മുതൽ ചെക്ക് ഡാം വരെയുള്ള 400 മീറ്റർ ഭാഗത്ത് ആറ്റിൽ നിറഞ്ഞിരിക്കുന്നത് ആറ് ലക്ഷത്തിലധികം അടി മണലാണ്. മണ്ണും ചളിയും വേറെയും, കുറഞ്ഞത് ശരാശരി 15000ത്തിലധികം ക്യുബിക് മീറ്റർ എന്ന് ഔദ്യോഗിക കണക്ക്. പ്രളയത്തിന് ശേഷം ആദ്യഘട്ടം പുഴ പുനർജനി പദ്ധതി നടപ്പാക്കിയിരുന്നു. എന്നാൽ, ആദ്യ ശ്രമം അത്ര വിജയമായിരുന്നില്ല. അടുത്ത മഴയിൽ തന്നെ മണ്ണും മണലും വീണ്ടും അടിഞ്ഞു കൂടി. മുണ്ടക്കയം ബൈപാസ് റോഡിന് സമീപം ആറടി താഴ്ചയിൽ വരെ മൺതിട്ടകൾ രൂപപ്പെട്ട സ്ഥിതിയാണ്. കൂട്ടിക്കൽ ഭാഗത്ത് പുല്ലകയാറ്റിലും വലിയ കല്ലുകൾ ഉൾപ്പെടെ നിറഞ്ഞ സ്ഥിതിയിലാണ്.
ആറിന്റെ ആഴം കൂട്ടാൻ മണ്ണും മണലും ലേലം ചെയ്യാൻ ഇറിഗേഷൻ വകുപ്പ് തീരുമാനിച്ചു. 2023 ഒക്ടോബറിൽ ഒരു ക്യുബിക് മീറ്ററിന് 1,150 രൂപ നിരക്കിൽ ഒരു കോടി എൺപതിനായിരം രൂപക്ക് ലേലം നടത്തി. എന്നാൽ, ഇറിഗേഷൻ വകുപ്പ് തന്നെ എസ്റ്റിമേറ്റ് ഇട്ട ലേലത്തിന് തുക കുറഞ്ഞ് പോയെന്ന് ജില്ല കലക്ടർക്ക് പരാതി ലഭിച്ചതോടെ ലേലം റദ്ദാക്കി. ഇതിന് പിന്നിൽ കളിച്ചത് മണൽ മാഫിയകളെന്ന് ജനപ്രതിനിധികൾ ആരോപിക്കുന്നു. 2024 ഡിസംബറിൽ രണ്ട് കോടി പതിനെട്ട് ലക്ഷം രൂപക്ക് രണ്ടാമതും ലേലം നടത്തി. എന്നാൽ, മണൽ വാരാൻ കഴിയാത്ത വിധം അധികൃതർ മാനദണ്ഡങ്ങൾ വെച്ചു. മുഴുവൻ മണലും ഒറ്റയടിക്ക് വാരണം, വാരുന്ന മണൽ മറ്റൊരു സ്ഥലത്ത് സൂക്ഷിക്കാൻ പറ്റില്ല. അപ്പോൾ തന്നെ വിൽക്കണം, ലേല തുക മുൻകൂറായി അടക്കണം ഇവയാണ് നിർദേശങ്ങൾ. ഇത് പാലിക്കാൻ കഴിയാത്തതിനാൽ തുടർ നടപടികൾ മുടങ്ങി. ലേലത്തിനായി കെട്ടിവെച്ച രണ്ടര ലക്ഷം രൂപ കഴിഞ്ഞ ആഗസ്റ്റിൽ കരാറുകാരന് തിരികെ നൽകി. വീണ്ടും ലേലം നടത്താനും നീക്കമുണ്ട്.
കയങ്ങൾ മൂടി വെള്ളം കരകയറി
ചത്തകയം മുതൽ ഉപ്പുനീറ്റുകയം വരെ അഞ്ചാൾ അധികം താഴ്ചയുള്ള ആറ് കയങ്ങളാണ് മുണ്ടക്കയം ടൗണിന് സമീപം കല്ലേപാലം മുതൽ ചെക്ക് ഡാം വരെയുള്ള ഭാഗത്ത് ഉണ്ടായിരുന്നത്. എന്നാൽ, ഈ കയങ്ങളുടെ ഭാഗത്ത് ഇപ്പോഴുള്ളത് മുട്ടോളം വെള്ളം മാത്രം.
കയങ്ങൾ പൂർണമായും മൂടിയതോടെ മണിമലയാറിന്റെ ഒഴുക്കിന്റെ ദിശ മാറി. പുല്ലകയാറ്റിലും സ്ഥിതി ഇതുതന്നെ, കയങ്ങൾ വീണ്ടെടുക്കാൻ ഇനി പറ്റില്ല. പക്ഷേ ആറ്റിൽ അടിഞ്ഞ് ആഴം കുറച്ചിരിക്കുന്ന മണ്ണ് നീക്കം ചെയ്തില്ലെങ്കിൽ കണ്ടതിലും വലിയ വെള്ളപ്പൊക്കമാകും ഇനി കാണാനിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.