വി.എൻ. വാസവൻ പ്രചാരണത്തിൽ
കോട്ടയം: സ്ഥാനാർഥികളുടെ പൂർണ ചിത്രം ഇനിയും തെളിഞ്ഞില്ലെങ്കിലും പ്രചാരണത്തിന്‍റെ ഉച്ചച്ചൂടിൽ മിന്നിത്തെളിഞ്ഞു നിൽക്കുകയാണ് ജില്ലയിലെ സ്ഥാനാർഥികൾ. നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഇടതു മുന്നണി ആദ്യ ദിവസം മുതൽ കളത്തിലുണ്ട്. തൊട്ടുപിന്നാലെ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച കോട്ടയം, പുതുപ്പള്ളി, വൈക്കം മണ്ഡലങ്ങളിലും പ്രചാരണമുണർന്നു.
കോട്ടയത്ത് എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. അനിൽകുമാർ ആദ്യ ദിവസം തന്നെ റോഡ് ഷോയുമായി പ്രചാരണത്തിനിറങ്ങി. ഔദ്യോഗിക പ്രഖ്യാപനം വന്നയുടൻ യു.ഡി.എഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണനും റോഡ് ഷോയുമായി രംഗത്തെത്തി. പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പിതാവ് ഉമ്മന്‍ചാണ്ടി അന്ത്യവിശ്രമംകൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്ട് പള്ളിയില്‍ പ്രാർഥനകള്‍ അര്‍പ്പിച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായി. എൽ.ഡി.എഫ് സ്ഥാനാർഥി കെ.എം. രാധാകൃഷ്ണനും പ്രചാരണവുമായി വീടുകളും കടകളും കയറിയിറങ്ങി.
ത്രികോണ മത്സരത്തിന്‍റെ ചൂടുപിടിച്ച വൈക്കത്ത് മൂന്നു മുന്നണികളും തുടക്കത്തിൽ തന്നെ പ്രചാരണം ശക്തമാക്കി. ഇടതു സ്ഥാനാർഥി പി. പ്രദീപും യു.ഡി.എഫ് സ്ഥാനാർഥി കെ. ബിനി മോനും സി.പി.ഐയിൽ നിന്ന് കളംമാറി എൻ.ഡി.എ സ്ഥാനാർഥിയായ മുൻ എം.എൽ.എ കെ. അജിത്തും പ്രചാരണ രംഗത്ത് സജീവമായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നയുടൻ തന്നെ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ചുവരെഴുത്തും പോസ്റ്ററുകളുമായി പ്രചാരണത്തിൽ മുന്നേറിയ മണ്ഡലമാണ് ഏറ്റുമാനൂർ. സിറ്റിങ് എം.എൽ.എയും മന്ത്രിയുമായ വി.എൻ. വാസവൻ ശക്തമായ പ്രചാരണമാണ് നടത്തുന്നത്. യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം ഇനിയും വന്നിട്ടില്ല. ജോസഫ് വാഴയ്ക്കന്‍റെ പേര് കേൾക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. എൻ.ഡി.എ ഘടക കക്ഷിയായ ട്വന്‍റി ട്വന്‍റിയുടെ സ്ഥാനാർഥിയും നടിയുമായ വീണാ നായരും പ്രചാരണം തുടങ്ങി.
മറ്റൊരു ത്രികോണ മത്സരത്തിന് കളമൊരുങ്ങിയ പാലാ മണ്ഡലത്തിലും ശക്തമായ പ്രചാരണമാണ് നടക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർഥി ജോസ് കെ. മാണിയും യു.ഡി.എഫ് സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ മാണി സി. കാപ്പൻ, എൻ.ഡി.എ സ്ഥാനാർഥി ഷോൺ ജോർജ് എന്നിവരും തുടക്കം മുതലേ പ്രചാരണം കടുപ്പിച്ചിട്ടുണ്ട്.
കാഞ്ഞിരപ്പള്ളിയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ ഡോ. എൻ. ജയരാജും എൻ.ഡി.എ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ ജോർജ് കുര്യനും പ്രചാരണം സജീവമാക്കി. ഇവിടെ ഇനിയും യു.ഡി.എഫ് സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല. പൂഞ്ഞാറിൽ എൽ.ഡി.എഫിന്‍റെ സിറ്റിങ് എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലും എൻ.ഡി.എ സ്ഥാനാർഥി പി.സി ജോർജും പ്രചാരണത്തിന് തുടക്കം കുറിച്ചു. യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതിനാൽ പ്രചാരണത്തിന്‍റെ ആവേശത്തിനായി പൂഞ്ഞാർ കാത്തിരിക്കുകയാണ്.
ചങ്ങനാശ്ശേരിയിൽ സിറ്റിങ് എം.എൽ.എ ജോബ് മൈക്കിൾ നേരത്തെ പ്രചാരണത്തിനിറങ്ങിയിരുന്നു. യു.ഡി.എഫ് സ്ഥാനാർഥി വിനു ജോബും പ്രചാരണത്തിന് തുടക്കമിട്ടു. കടുത്തുരുത്തിയിൽ സിറ്റിങ് എം.എൽ.എ യു.ഡി.എഫിന്‍റെ മോൻസ് ജോസഫും എൽ.ഡി.എഫിന്‍റെ നിർമല ജിമ്മിയും രംഗത്തിറങ്ങി. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനും മുമ്പുതന്നെ മോൻസ് ജോസഫ് പ്രചാരണപരിപാടികൾ തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.