യു.എ.ഇയിൽ നെസ്​ലെയുടെ ബേബി ഫോർമുലയുടെ വിവിധ ഉൽപന്നങ്ങൾ പിൻവലിച്ചു

ദുബൈ: നെസ്‌ലെയുടെ ചില ഇൻഫാന്‍റ്​ ഫോർമുല ഉൽപന്നങ്ങൾ പിൻവലിച്ച്​ യു.എ.ഇ. ബുധനാഴ്ച രാത്രിയാണ്​ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് (ഇ.ഡി.ഇ) നടപടി സ്വീകരിച്ചത്​. നെസ്‌ലെയുമായി ഏകോപിപ്പിച്ചാണ്​ നടപടിയെന്നും സ്വയംസന്നദ്ധമായും മുൻകരുതൽ നടപടികളുടെ അടിസ്ഥാനത്തിലുമാണ്​ പിൻവലിക്കലെന്നും അധികൃതർ വ്യക്​തമാക്കി. എൻ.എ.എൻ കംഫേർട്​ 1, എൻ.എ.എൻ ഒപ്​റ്റിപ്രോ 1, എൻ.എ.എൻ സുപ്രീം പ്രോ 1, 2, 3, എസ്​-26 അൾട്ടിമ 1, 2, 3, അൽഫാമിനോ എന്നിവ പിൻവലിച്ചവയിൽ ഉൾപ്പെടും.

ഉൽ‌പാദനത്തിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളിൽ ഒന്നിൽ ബാസിലസ് സെറിയസ് ബാക്ടീരിയയുടെ അംശം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ആരംഭിച്ചത്. സെറൂലൈഡ് എന്ന വിഷവസ്തു ഉൽപാദിപ്പിക്കാൻ ഇതിന് കഴിയും. ഉപഭോക്​താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള നടപടികളിലേക്ക് നയിച്ചത്​ ഇതുകാരണമാണെന്നും ഇ.ഡി.ഇ പറഞ്ഞു.

കുട്ടികളിൽ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾക്ക് കാരണമായേക്കാവുന്ന വിഷവസ്തു ഉൾപ്പെടുന്ന മലിനീകരണ സാധ്യത തിരിച്ചറിഞ്ഞതിനെത്തുടർന്ന് നെസ്​ലെയുടെ ബേബി ഫോർമുല ഉൽപന്നങ്ങൾ ആഗോളതലത്തിൽ തിരിച്ചുവിളിച്ചിട്ടുണ്ട്​. ഇതുവരെ, പിൻവലിച്ച ബാച്ചുകളുമായി ബന്ധപ്പെട്ട്​ അസുഖങ്ങളോ ബുദ്ധലമുട്ടുകളോ റിപ്പോർട്ട് ചെയ്യപ്പെടുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്നും മറ്റെല്ലാ നെസ്‌ലെ ഉൽപന്നങ്ങളും ഉപഭോഗത്തിന് സുരക്ഷിതമാണെന്നും എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്​.

കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഉൽപ്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഇ.ഡി.ഇയുടെ ഏറ്റവും ഉയർന്ന മുൻഗണനയാണെന്ന്​ എസ്റ്റാബ്ലിഷ്‌മെന്റ് പ്രസ്താവനയിൽ പറഞ്ഞു. പിൻവലിച്ച ബാച്ചുകൾ കമ്പനിയുടെയും വിതരണക്കാരുടെയും വെയർഹൗസുകളിൽ ക്വാറന്റൈൻ ചെയ്തിട്ടുണ്ടെന്നും അധികൃതർ വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ pv@ede.gov.ae എന്ന ഇ-മെയിൽ വിലാസം വഴി പൊതുജനങ്ങൾക്ക്​ അറിയിക്കാമെന്നും അധികൃതർ വ്യക്​തമാക്കി.

Tags:    
News Summary - Various Nestle baby formula products recalled in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.