എം.എ യൂസഫലി

അനാഥക്കുട്ടികളുടെ സംരക്ഷണ പദ്ധതിക്ക്​ 371 കോടി സഹായവുമായി എം.എ. യൂസഫലി

അബൂദബി: യു.എ.ഇയിലെ അനാഥകുട്ടികളുടെ ഉന്നമനത്തിനും സുരക്ഷക്കും പിന്തുണയേകുന്ന ‘മദർ ഓഫ് ദ നേഷൻ എൻഡോവ്‌മെന്റ്’ പദ്ധതിയിലേക്ക് 15 കോടി ദിർഹമിന്‍റെ(371 കോടി രൂപ) സഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. യു.എ.ഇ പ്രസിഡന്റ് ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാന്റെ പ്രത്യേക താല്പര്യപ്രകാരം അബൂദബി ഔഖാഫ് നേതൃത്വം നൽകുന്ന പദ്ധതിയാണ് മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ് ഫോർ ഓർഫൻസ്. അനാഥരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം, മികച്ച ആരോഗ്യപരിരക്ഷ, സാമൂഹിക ശാക്തീകരണം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാനും മികച്ച ഭാവി ഉറപ്പാക്കാനുമായാണ് പദ്ധതി. യു.എ.ഇയിലെ കുടുംബ-ശിശുക്ഷേമ മേഖലയിൽ വലിയ മാറ്റം കൊണ്ടുവരാൻ സഹായിക്കുന്ന പദ്ധതി കൂടിയാണ് ‘മദർ ഓഫ് ദ നേഷൻ എൻഡോവ്‌മെന്റ്’.

52 വർഷമായി അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന തനിക്ക്, ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാന്റെ പ്രത്യേക താൽപര്യപ്രകാരം നടപ്പാക്കുന്ന പദ്ധതിയുടെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് എം.എ യൂസഫലി പറഞ്ഞു. യു.എ.ഇയുടെ ജീവകരുണ്യപ്രവർത്തനങ്ങളുടെ മഹത്വം എടുത്തുകാട്ടുന്നതാണ് ‘മദർ ഓഫ് ദ നേഷൻ എൻഡോവ്‌മെന്റ്’ പദ്ധതി. രാഷ്ട്രപിതാവ് ശൈഖ്​ സായിദ് ബിൻ സുൽത്താൻ ആൽ നഹ്​യാനും, മാനുഷികമൂല്യങ്ങളുടെയും ജീവകാരുണ്യത്തിന്റെയും പ്രതീകമായ രാഷ്ട്രമാതാവ് ഫാത്തിമ ബിൻത് മുബാറക്കും മുന്നോട്ടുവച്ച കാരുണ്യത്തിന്റെ പാത പ്രതിഫലിക്കുന്നതാണ് പദ്ധതിയെന്നും നിരവധി കുട്ടികളുടെ ജീവിത്തിന് ഇത്​ വെളിച്ചമേകുന്നുവെന്നും യൂസഫലി കൂട്ടിച്ചേർത്തു.

അബൂദബി ഔഖാഫിന്റെ മേൽനോട്ടത്തിൽ പ്രത്യേക നിക്ഷേപ പദ്ധതിയാണ് അനാഥരായ കുട്ടികൾക്കായി നടപ്പാക്കുന്നത്. സഹായം അർഹരായവരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക നിരീക്ഷണ സംവിധാനവും പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസവും അടിസ്ഥാനസൗകര്യവും ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്. ദാനധർമ്മങ്ങളിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.

Tags:    
News Summary - MA Yusuf Ali provides Rs 371 crore assistance for orphan protection project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.