ദുബൈ പൊലീസ് പിടികൂടിയ ഭിക്ഷാടകർ
ദുബൈ: റമദാനിന്റെ ആദ്യ ആഴ്ചയിൽ എമിറേറ്റിൽ പിടിയിലായത് 26 ഭിക്ഷാടകർ. യാചനക്കെതിരെ ദുബൈ പൊലീസ് നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യാചകർ പിടിയിലായത്. ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ സസ്പീഷ്യസ് പേഴ്സൺ ആൻഡ് ക്രിമിനൽ ഫെനോമെന ഡിപാർട്ട്മെന്റ് നഗരത്തിലെ പൊലീസ് സ്റ്റേഷനുകളുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. ‘യാചനയില്ലാത്ത ബോധമുള്ള സമൂഹം’ എന്ന പ്രമേയത്തിന് കീഴിലാണ് എമിറേറ്റിലുടനീളും പരിശോധന കാമ്പയിൻ സംഘടിപ്പിച്ചുവരുന്നത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേഴ്സ്, ഇസ്ലാമിക് അഫേഴ്സ് ആൻഡ് ചാരിറ്റബ്ൾ ആക്ടിവിറ്റീസ് ഡിപാർട്ട്മെന്റ് (ഔഖാഫ്) തുടങ്ങിയ പ്രധാന സ്ഥാപനങ്ങളും ഇതിൽ പങ്കാളികളാണ്. യാചനക്കെതിരെ പൊതു അവബോധം വളർത്തുക, എമിറേറ്റിന്റെ പരിഷ്കൃത മുഖം കാത്തുസൂക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കാമ്പയിൻ മുന്നോട്ടുവെക്കുന്നതെന്ന് സസ്പീഷ്യസ് പേഴ്സൺ ആൻഡ് ക്രിമിനൽ ഫെനോമെന ഡിപാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ അലി സലിം അൽ ശംസി പറഞ്ഞു.
ഓരോ വർഷവും ഭിക്ഷാടനം തടയുന്നതിനായി മികച്ച ഫലമാണ് കാമ്പയിൻ സമ്മാനിക്കുന്നത്. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിലൂടെ ഓരോ വർഷവും ഭിക്ഷാടനം കുറഞ്ഞുവരികയാണ്. റമദാൻ കേന്ദ്രീകരിച്ചുള്ള ഭിക്ഷാടനം തടയുന്നതിനായി നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. അന്യായമായി പണം സമ്പാദിക്കുന്നതിനായി ചിലർ റമദാനിന്റെ ധാനശീലങ്ങളെ ദുരുപയോഗം ചെയ്യുകയാണ്.
കുട്ടികളെയും സ്ത്രീകളെയും നിശ്ചയദാർഢ്യ വിഭാഗങ്ങളേയും ഉപയോഗപ്പെടുത്തിയാണ് പലരും യാചന നടത്തുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി തുടരാനാണ് തീരുമാനം. സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക ചാനലുകൾ വഴി മാത്രം നൽകാൻ ശ്രമിക്കണം. സംശയകരമായ രീതിയിലുള്ള പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസ് സ്മാർട്ട് ആപ്ലിക്കേഷനിലെ ‘ദുബൈ ഐ’യിലോ 901 എന്ന നമ്പറിലോ റിപോർട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.