ഖത്തറിലെ പര്യടനം പൂർത്തിയാക്കിയ ലോകകപ്പ് കിരീടത്തിന് കതാറയിൽ നടന്ന യാത്രയയപ്പ്

ചടങ്ങിൽ ഫുട്ബാൾ ഇതിഹാസം കഫു ഫിഫ ട്രോഫിയുമായി

പോയി വരീൻ... കപ്പിനെ യാത്രയാക്കി

ദോഹ: ഖത്തറിന്‍റെ മണ്ണിൽ വിശ്വചാമ്പ്യന്മാരെ കാത്തിരിക്കുന്ന സ്വപ്നകിരീടം ലോകപര്യടനത്തിനായി പുറപ്പെട്ടു. 200 ദിന കൗണ്ട് ഡൗണിന്‍റെ ഭാഗമായി ആരംഭിച്ച ട്രോഫി പര്യടനത്തിന്‍റെ ഖത്തർ ടൂർ അവസാനിപ്പിച്ച് കതാറയിൽ നടന്ന ചടങ്ങിൽ ആവേശോജ്വല യാത്രയയപ്പ് നൽകി. ചൊവ്വാഴ്ച രാത്രിവൈകുവോളം നടന്ന ചടങ്ങിൽ കാൽപന്തിലെ ഇതിഹാസം കഫുവിന്‍റെ കൈകളിലേറിയായിരുന്നു സ്വർണക്കപ്പ് ആതിഥേയ മണ്ണിലെ പര്യടനം അവസാനിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ദോഹയിലെ അൽ ഇഹ്സാൻ ക്ലബിൽ മുതിർന്ന പൗരന്മാരുടെ ആശീർവാദത്തോടെ തുടങ്ങിയ ട്രോഫി ടൂർ തുടർന്നുള്ള ദിനങ്ങളിൽ ഖത്തറിന്‍റെ വിവിധ ഭാഗങ്ങളിലായി സന്ദർശനം നടത്തിയാണ് യാത്രയാവുന്നത്.

ആസ്പയർ പാർക്ക്, ലുസൈൽ മറീന, സൂഖ് വാഖിഫ്, ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കായും പ്രദർശനത്തിന് അവസരമൊരുക്കി. സ്വദേശികളും വിദേശികളും ഉൾപ്പെടെ പതിനായിരങ്ങളാണ് ട്രോഫി കണ്ടും, ഒപ്പം ചിത്രമെടുത്തും, ലോകകപ്പ് ലോഗോകൾ മുദ്രണം ചെയ്ത പന്തുകൾ സ്വന്തമാക്കിയുമെല്ലാം ട്രോഫി ടൂർ അവിസ്മരണീയമാക്കിയത്. ലോകത്തിന്‍റെ പരിഛേദം സൃഷ്ടിച്ചാണ് കാതറയിൽ ഗംഭീര യാത്രയയപ്പ് ഒരുക്കിയത്. വൈകീട്ട് ആരംഭിച്ച ചടങ്ങ് രാത്രി 10 വരെ നീണ്ടു. സിറിയ, യുഗാണ്ട, ഈജിപ്ത്, ഫലസ്തീൻ, ഘാന എന്നിവിടങ്ങളിൽ നിന്നുള്ള പരമ്പരാഗത കലാരൂപങ്ങളും വാദ്യമേളങ്ങളുമായാണ് തുടങ്ങിയത്.

രാത്രിയോടെ സ്റ്റേജിൽ ഖത്തരി അർദ, ഈജിപ്ഷ്യൻ തനൂറ നൃത്തം, ജോർഡനിയൻ ദബ്ഖ, ഇന്ത്യൻ ബോളിവുഡ് പ്രകടനം, മൊറോകൻ നൃത്തങ്ങൾ, ലാറ്റിനോ ഡാൻസ് എന്നിവയോടെ ചടങ്ങ് ഉത്സവഭരിതമായി. രണ്ടുതവണ ലോകകപ്പ് കിരീടം ചൂടി ബ്രസീൽ ഇതിഹാസമായ കഫുവായിരുന്നു മുഖ്യാതിഥി. ലോകകപ്പിന്‍റെ ആവേശത്തിലേക്ക് രാജ്യവും ഫുട്ബാൾ ആരാധകരും ഉണരുന്നതിന്‍റെ നല്ല സൂചനയായിരുന്നു കതാറയിലെ യാത്രയയപ്പ് ചടങ്ങെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഖാലിദ് അൽ മവ്ലവി പറഞ്ഞു. വരും മാസങ്ങളിൽ രാജ്യം േപ്ല ഓഫ് മത്സരങ്ങൾക്ക് വേദിയാവാനിരിക്കെ ലോകകപ്പിന്‍റെ ആവേശം കൂടുതൽ സജീവമാവും.

സെപ്റ്റംബറിൽ ടൂർണമെന്‍റിന്‍റെ മൂഡിലെത്തും -അദ്ദേഹം പറഞ്ഞു. ലോകകപ്പ് ഫുട്ബാളിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടൂർണമെന്റായി മാറും ഖത്തറിലേതെന്ന് ലെഗസി അംബാസഡർ കൂടിയായ കഫു പറഞ്ഞു. ലോകകപ്പിന് യോഗ്യത നേടിയവർ ഉൾപ്പെടെ 54 രാജ്യങ്ങളിൽ പര്യടനം നടത്തുന്ന ട്രോഫി നവംബർ 21ന് ലോകകപ്പ് ഉദ്ഘാടന മത്സരങ്ങൾക്ക് തൊട്ടുമുമ്പായി ഖത്തറിൽ തിരിച്ചെത്തും.

Tags:    
News Summary - World Cup trophy ended the tour of Qatar is now for the World Tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT