ഹമദ് വിമാനത്താവളം

ലോകകപ്പ്: ഖത്തറിന്‍റെ ആകാശത്തും തിരക്കേറും

ദോഹ: ലോകകപ്പിന് വേദിയാവുന്ന നവംബർ - ഡിസംബർ മാസങ്ങളിൽ ഖത്തറിന്‍റെ ആകാശത്ത് വിമാനങ്ങളുടെ തിക്കും തിരക്കുമായിരിക്കുമെന്ന് ഖത്തർ സിവിൽ വ്യോമയാന വിഭാഗത്തിലെ എയർ നാവിഗേഷൻ ഡയറക്ടർ അഹമ്മദ് അൽ ഇസ്ഹാഖ്. ഏറ്റവും മികച്ച പ്രഫഷനലിസത്തോടെ തന്നെ ലോകത്തിന്‍റെ എല്ലാകോണിൽ നിന്നുമുള്ള വിമാനങ്ങളെ വരവേൽക്കാനായി വ്യോമയാന വിഭാഗം തയാറായതായി അദ്ദേഹം അറിയിച്ചു. പ്രതിദിനം 1600ന് മുകളിൽ വിമാനങ്ങൾ ഖത്തറിന്‍റെ ആകാശത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവയുടെ സുഗമമായ സഞ്ചാരത്തിന് എല്ലാ വിധത്തിലുള്ള സൗകര്യവുമൊരുക്കാൻ ഖത്തർ എയർ നാവിഗേഷൻ വിഭാഗം സജ്ജമാണ്. എയർ കൺട്രോൾ സംവിധാനങ്ങൾ, വിമാനങ്ങളുടെ ടേക്ക് ഓഫും ലാൻഡിങ്ങും ഉൾപ്പെടെയുള്ള സഞ്ചാരങ്ങൾ, മറ്റ് ഓപറേഷനൽ ആവശ്യങ്ങൾ എന്നിവ നിറവേറ്റാൻ എയർനാവിഗേഷൻ വിഭാഗം സജ്ജമായതായി അഹമ്മദ് അൽ ഇസ്ഹാഖ് വ്യക്തമാക്കി.

കോവിഡ് ഭീതി മാറി, ലോകം സാധാരണ നിലയിലേക്ക് തിരികെയെത്തിയതോടെ ദോഹയിലേക്കുള്ള വിമാനങ്ങളുടെ വരവും പോക്കും കൂടി കഴിഞ്ഞു. നിലവിൽ പ്രതിദിനം 750 മുതൽ 800വരെ വരെ എയർ സർവിസുകൾ ഖത്തറിലേക്ക് നടത്തുന്നുണ്ട്. മിഡിലീസ്റ്റിലെ തന്നെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ എയർ ട്രാഫിക് മേഖലയാണ് ദോഹ -എയർ നാവിഗേഷൻ ഡയറക്ടർ പറഞ്ഞു.

ലോകകപ്പ് എത്തുന്നതോടെ രാജ്യത്തേക്കുള്ള വിമാന സഞ്ചാരം ഇരട്ടിയായി വർധിക്കും. വിമാനങ്ങളുടെ പാർക്കിങ് ശേഷി വർധിപ്പിച്ചും, ഒരേസമയം കൂടുതൽ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള സംവിധാനം ഒരുക്കിയും ഹമദ് വിമാനത്താവളം വികസിപ്പിച്ചിട്ടുണ്ട്. എയർ ട്രാഫിക്കിങ് സുഗമമാക്കുന്നതിനായുള്ള വെർച്വൽ ടവർ സ്ഥാപിക്കുന്നത് സംബന്ധിച്ച നടപടി ക്രമങ്ങൾ ആഗസ്റ്റ് അവസാനത്തോടെ പൂർത്തിയാവും. മിഡിലീസ്റ്റിൽ ആദ്യമായാണ് വിമാനത്താവളത്തിൽ വെർച്വൽ ടവർ സ്ഥാപിക്കുന്നത്. പരമ്പരാഗത കൺട്രോൾ ടവർ സംവിധാനത്തിന്‍റെ പ്രവർത്തനം സുഗമമമാക്കുന്നതിനൊപ്പം, എവിടെയും സ്ഥാപിച്ച് പ്രവർത്തിപ്പിക്കാവുന്ന വിധത്തിലാണ് വെർച്വൽ ടവറിന്‍റെ സംവിധാനം. അതുവഴി സ്‌ക്രീനുകളിലൂടെയും നിയന്ത്രണ ഉപകരണത്തിലൂടെയും വിമാനത്തിന്‍റെ സഞ്ചാരം നയിക്കാനാകും. 

ദോഹ, ഹമദ് രാജ്യാന്തര വിമാനത്താവളങ്ങൾ വഴിയാണ് ലോകകപ്പ് കാലത്ത് ആരാധകരുടെയും ടീം അംഗങ്ങളുടെയും സഞ്ചാരം. 15 ലക്ഷത്തോളം കാണികളെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. വിമാനയാത്ര എളുപ്പമാക്കുന്നതിനായി ഇരു വിമാനത്താവളങ്ങളിലും ആധുനിക റഡാറുകൾ സേവനത്തിലുണ്ട്. ടേക്ക് ഓഫിലും ലാൻഡിങ്ങിലും റൺവേകളിൽ വിമാനങ്ങളുടെ ചലനം മെച്ചപ്പെടുത്തുന്നതിനും പിന്തുണയ്ക്കുന്നതിനുമായി ഹമദ് എയർപോർട്ടിൽ രണ്ട് അധിക റഡാറുകൾ ഉടൻ സ്ഥാപിക്കും.

Tags:    
News Summary - World Cup: The skies of Qatar will be crowded World Cup, skies of Qatar will be crowded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.