മു​ൻ ആ​സ്​​ട്രേ​ലി​യ​ൻ ക്യാ​പ്​​റ്റ​നും ലോ​ക​ക​പ്പ്​ അം​ബാ​സ​ഡ​റു​മാ​യ ടിം ​കാ​ഹി​ൽ

ദോഹ: ലോകകപ്പ് പ്ലേ ഓഫ് മത്സരങ്ങൾ പ്രാധാന്യമർഹിക്കുന്നുവെന്നും ലോകകപ്പിന് യോഗ്യത നേടുകയെന്നതുതന്നെയാണ് പ്രധാന ലക്ഷ്യമെന്നും ആസ്ട്രേലിയൻ ഇതിഹാസ താരവും ആസ്പയർ ഫൗണ്ടേഷൻ ചീഫ് സ്പോർട്സ് ഓഫിസറുമായ ടിം കാഹിൽ. സുപ്രീം കമ്മിറ്റി വെബ്സൈറ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസ്ട്രേലിയയെ നാലു ലോകകപ്പ് ടൂർണമെൻറുകളിൽ നയിച്ച പാരമ്പര്യമുള്ള ടിം കാഹിൽ ടീമിനുവേണ്ടി 50 ഗോളുകളും നേടിയിട്ടുണ്ട്. നിലവിൽ ആസ്ട്രേലിയക്കുവേണ്ടി കൂടുതൽ ഗോൾ നേടിയ താരവും ടിം കാഹിലാണ്. യു.എ.ഇയുമായുള്ള ആസ്ട്രേലിയയുടെ മത്സരത്തിന് മുന്നോടിയായുള്ള അഭിമുഖത്തിന്റെ സംഗ്രഹം താഴെ:

അടുത്തയാഴ്ച രണ്ടു ടീമുകൾ കൂടി ലോകകപ്പിലേക്ക് യോഗ്യത നേടും. എത്രത്തോളം പ്രാധാന്യത്തോടെയാണ് മത്സരത്തെ കാണുന്നത് 

മഹാമാരിക്കുശേഷം നടക്കാനിരിക്കുന്ന ആദ്യ ലോകകപ്പാണ് ഖത്തറിലേത്. അതുകൊണ്ട് ഓരോ രാജ്യത്തിനും പ്രതീക്ഷയുടേതാണ് മത്സരങ്ങൾ. എന്നെ സംബന്ധിച്ച് എന്‍റെ രാജ്യം ലോകകപ്പ് യോഗ്യത നേടുകയെന്നതുതന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ലോകകപ്പിൽ പന്തുതട്ടുകയെന്നത് തന്നെയായിരിക്കണം വലിയ ലക്ഷ്യം. എല്ലാ രാജ്യങ്ങൾക്കും ആശംസ പ്രത്യേകിച്ചും ആസ്ട്രേലിയക്ക്. കളിക്കാരുടെ മാനസിക, ശാരീരിക ആരോഗ്യത്തെ കൂടി അളക്കുന്ന പരീക്ഷണമായിരിക്കും മത്സരങ്ങൾ. ഒപ്പം കുറച്ച് ഭാഗ്യവും കൂടെയുണ്ടാകണം. മേഖലയിലെ ആദ്യ ലോകകപ്പാണ് നടക്കാനിരിക്കുന്നതെന്നതിനാൽ തന്നെ ആരും തന്നെ ഈ അവസരം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുകയില്ല.

യു.എ.ഇക്കെതിരായ ആസ്ട്രേലിയയുടെ മത്സരത്തിൽ വിജയ പ്രതീക്ഷ ? 

ആസ്ട്രേലിയയെ സംബന്ധിച്ച് ഏറ്റവു കടുപ്പമേറിയ മത്സരമാണ് നടക്കാനിരിക്കുന്നത്. ചൈനക്കും ഒമാനുമെതിരായ മത്സരഫലമാണ് നേരിട്ടുള്ള ലോകകപ്പ് പ്രവേശനത്തെ ബാധിച്ചത്. അതും യോഗ്യത പ്രക്രിയയുടെ ഭാഗമാണ്. ഞാൻ പങ്കെടുത്ത നാലു ലോകകപ്പ് കാമ്പയിനുകളും പ്രയാസമായിരുന്നു, 2018ൽ റഷ്യയിലേക്കുള്ളത് പ്രത്യേകിച്ചും. പ്ലേ ഓഫിൽ സിറിയയുമായും പിന്നീട് ഹോണ്ടുറസുമായാണ് മത്സരിക്കേണ്ടിവന്നത്. ആസ്ട്രേലിയക്ക് വിജയാശംസകൾ.

ആസ്ട്രേലിയയുടെ യുവനിരയോട് പറയാനുള്ളത്

ഓരോ ഗെയിമും അവസാനത്തേതാണെന്നു കരുതി കളിക്കുക. ഇനിയൊരു അവസരം ലഭിച്ചെന്നു വരില്ല. കളിക്കാരെന്ന നിലയിൽ ദശലക്ഷക്കണക്കിന് ആസ്ട്രേലിയൻ പൗരന്മാരുടെ പ്രതിനിധികളാണ് നിങ്ങൾ. ലഭിക്കുന്ന അവസരം മികച്ചരീതിയിൽ ഉപയോഗപ്പെടുത്തുക. നിങ്ങൾക്ക് വിജയിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. വിജയത്തോടെ നമ്മുടെ വരുംതലമുറക്ക് നിങ്ങൾ പ്രചോദനമാകുമെന്നും വിശ്വസിക്കുന്നു.

സ്റ്റേഡിയത്തിൽ ആരാധക സാന്നിധ്യത്തെക്കുറിച്ച്

സ്റ്റേഡിയത്തിൽ പിന്തുണക്കാൻ ആളുണ്ടാകുക എന്നത് വളരെ പ്രധാനമാണ്. കളിക്കാരെന്ന നിലയിൽ മാനസികമായി തയാറെടുത്തുവെന്ന് നിങ്ങൾക്ക് പറയാം, സാഹചര്യം പരിഗണിക്കാതെ കളിക്കുകയും ചെയ്യാം. എന്നാൽ, രാജ്യത്തിന്റെ പതാകയുമായി ആയിരങ്ങൾ സ്റ്റേഡിയത്തിൽ ടീമിനുവേണ്ടി ആർപ്പുവിളിക്കുന്നത് അതിലേറെ സവിശേഷതയുള്ളതായിരിക്കും. ഖത്തറിൽനിന്നുള്ള ഫാൻസും ഒപ്പമുണ്ടാകും. 

Tags:    
News Summary - World Cup Qualification Main Goal -Tim Cahill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.