ഭിന്നശേഷിക്കാരുടെയും ലോകകപ്പ്

ദോഹ: ഖത്തർ 2022 ലോകകപ്പിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഭിന്നശേഷിക്കാരായ ആരാധകരെ സ്വീകരിക്കാൻ ഖത്തർ പൂർണശേഷിയിൽ തയാറാണെന്ന് സാമൂഹ്യ വികസന, കുടുംബ വിഭാഗം മന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ്.

ഓട്ടിസംബാധിതരായ ഫുട്ബാൾ ആരാധകർക്കായി ഭൂരിഭാഗം സ്റ്റേഡിയങ്ങളിലും പ്രത്യേക സെൻസറി റൂമുകളും അനുബന്ധ സൗകര്യങ്ങളും സംഘാടകർ തയാറാക്കിയിട്ടുണ്ടെന്നും മർയം അൽ മിസ്നാദ് കൂട്ടിച്ചേർത്തു. ഷെറാട്ടൻ ഹോട്ടലിൽ അറബ് ലീഗ് സെക്രട്ടേറിയറ്റുമായി സഹകരിച്ച് മന്ത്രാലയം സംഘടിപ്പിച്ച സെക്കൻഡ് വർക്ക്ഷോപ് ഒാൺ അറബ് ക്ലാസിഫിക്കേഷൻ ഫോർ ഡിസേബിലിറ്റീസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. ഭിന്നശേഷിക്കാരായ ഫുട്ബാൾ ആരാധകരെ സ്വീകരിക്കുന്നതിനായുള്ള തയാറെടുപ്പിലായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഭിന്നശേഷിക്കാർക്ക് ഏറ്റവും മികച്ച പ്രവേശനം സാധ്യമാക്കുന്ന പ്രഥമ ചാമ്പ്യൻഷിപ് കൂടിയാവും ഖത്തറിലേത്. പൂർണശേഷിയിൽ ഭിന്നശേഷിക്കാരായ കളിേപ്രമികളെ സ്വീകരിക്കാൻ ഖത്തർ തയാറെടുത്തുകഴിഞ്ഞു -അവർ വ്യക്തമാക്കി.

അറബ് ലീഗ് അസി. സെക്രട്ടറി ജനറലും ജോർഡൻ സാമൂഹ്യ വികസന മന്ത്രി അയ്മൻ അൽ മുഫ്ലിഹ്, സാമൂഹ്യകാര്യ വിഭാഗം മേധാവി ഡോ. അംബാസഡർ ഹൈഫ അബു ഗസാലെ തുടങ്ങിയ മുതിർന്നവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഓട്ടിസം ബാധിച്ച കുട്ടികളെയും നാഡീസംബന്ധമായ അസുഖങ്ങളുള്ളവരെയും സ്വീകരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ മുറികൾ സജ്ജമാക്കിയിട്ടുണ്ടെന്നും മത്സരങ്ങൾ ആസ്വദിക്കുന്നതിനും അനുഭവിക്കുന്നതിനുമായി എല്ലാ ആധുനിക സജ്ജീകരണങ്ങളും സുരക്ഷിതമായ അന്തരീക്ഷത്തിൽ വേദികളിൽ സജ്ജമാക്കിയിട്ടുണ്ടെന്നും അവർ വിശദീകരിച്ചു.

ഖത്തറിന് പുറത്തുനിന്നും ഭിന്നശേഷിക്കാരെ സ്വീകരിക്കുന്നതിനായി ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഷഫലഹ് സെന്‍റർ എന്ന പേരിൽ പ്രത്യേക ലോഞ്ച് ആരംഭിച്ചിട്ടുണ്ട്. ഏറ്റവും മികച്ച യാത്രാനുഭവം നൽകുന്നതിന് അത്യാധുനിക സഹായ സാങ്കേതികവിദ്യകളും എജുക്കേഷൻ, റിഹാബിലിറ്റേഷൻ ഉപകരണങ്ങളും ലോബിയിൽ സജ്ജമാക്കിയിട്ടുണ്ട്.

ഭിന്നശേഷിക്കാരെ ശാക്തീകരിക്കുന്നതിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഈ ശിൽപശാലക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അവരും നമ്മുടെ സമൂഹത്തിന്‍റെ ഭാഗമാണെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - World Cup for the disabled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.