ദോഹ: സുപ്രീം ജുഡീഷ്യറി കൗൺസിലിന് കീഴിലുള്ള ജുഡീഷ്യൽ എക്സിക്യൂഷൻ ആൻഡ് ഓക്ഷൻ ഡിപാർട്ട്മെന്റ് ജനുവരി മാസത്തിൽ വിപുലമായ ഓൺലൈൻ ലേലം സംഘടിപ്പിക്കും. വാഹനങ്ങൾ, വീടുകളും സ്ഥലങ്ങളും, കനത്ത യന്ത്രസാമഗ്രികൾ, ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള ചരക്കുകൾ, ഫാൻസി വാഹന നമ്പറുകൾ എന്നിവയാണ് ലേലത്തിൽ വരുന്നത്. കോർട്ട് സാതാത് ('Court Mzadat') എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ലേലം നടക്കുക.
ലേല നടപടികൾ പൂർണമായും സുതാര്യവും നീതിന്യായ വ്യവസ്ഥയുടെ നേരിട്ടുള്ള മേൽനോട്ടത്തിലുമായിരിക്കും. ലേലം ജനുവരി നാല്, അഞ്ച് പല ദിവസങ്ങളിൽ നിശ്ചയിച്ച സമയങ്ങളിലായി നടത്തുമെന്ന് സമിതി അറിയിച്ചു.
ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്ൾ സ്റ്റോറിൽ നിന്നോ ഈ ആപ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം. ലേലത്തിന് വെച്ചിട്ടുള്ള ഓരോ വസ്തുവിന്റെയും ഫോട്ടോകൾ, കണ്ടീഷൻ റിപ്പോർട്ട്, ലേലം തുടങ്ങുന്ന തുക എന്നിവ ആപ്പിൽ ലഭ്യമാണ്.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കാനും ബിഡ്ഡുകൾ വിളിക്കാനും സാധിക്കൂ. പൊതുജനങ്ങൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഈ ലേലത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കുമായി സുപ്രീം ജുഡീഷ്യറി കൗൺസിലിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.