അഗ്രിടെക് എക്സിബിഷനിലെ സന്ദർശകത്തിരക്ക്
അഗ്രിടെക് എക്സിബിഷനിൽ കുട്ടികൾക്കായി ഒരുക്കിയ വിനോദ പരിപാടികൾ
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 13ാമത് ഇന്റർനാഷനൽ അഗ്രികൾച്ചറൽ എക്സിബിഷൻ ‘അഗ്രിടെക് 2026’ൽ 1.5 ലക്ഷത്തിലധികം സന്ദർശകർ. കുട്ടികളും സ്ത്രീകളും അടക്കം കുടുംബത്തോടെയാണ് കതാറ കൾച്ചറൽ വില്ലേജിൽ നടന്ന പ്രദർശനം കാണാൻ ജനങ്ങളെത്തിയത്. ഫെബ്രുവരി 12 മുതൽ 16 വരെ അഞ്ചു ദിവസങ്ങളിലായി നടന്ന പ്രദർശനത്തിന് 40,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുണ്ടായിരുന്നു.
മിനി സൂ, ഫ്ലവേഴ്സ് എക്സിബിഷൻ എന്നിവിടങ്ങളിലാണ് കൂടുതൽ തിരക്ക്. സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക -അന്തർദേശീയ കമ്പനികൾ, കാർഷിക വിദഗ്ധർ എന്നിവരുൾപ്പെടെ 43 രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് 500ൽ അധികം പവിലിയനുകളുണ്ടായിരുന്നു.
പ്രമുഖ വ്യവസായികൾ, ഗവേഷകർ, നിക്ഷേപകർ, പ്രാദേശിക കർഷകർ എന്നിവർക്ക് അറിവും വൈദഗ്ധ്യവും കൈമാറുന്നതിനും ബയോടെക്നോളജി, സ്മാർട്ട് അഗ്രികൾച്ചറൽ സിസ്റ്റംസ് തുടങ്ങിയ നൂതന കാർഷിക രീതികൾ പര്യവേക്ഷണം ചെയ്യുന്നതിനും വേദിയായി.
കാർഷിക മേഖലയിലുണ്ടായ രാജ്യത്തിന്റെ മുന്നേറ്റവും സുസ്ഥിര കാർഷിക വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള കാഴ്ചപ്പാടും പ്രകടമാക്കുന്നതായിരുന്നു പ്രദർശനം. സസ്യ -മൃഗ പരിപാലനം, മത്സ്യബന്ധനം, അക്വാകൾച്ചർ, ഹോർട്ടികൾച്ചർ, ഭക്ഷ്യ വ്യവസായം എന്നിവയുൾപ്പെടെ സമഗ്ര കാർഷിക മേഖലകളെ പ്രദർശനം ഒന്നിപ്പിച്ചു. കാർഷിക മേഖലയുടെ ഭാവി രൂപപ്പെടുത്തുന്ന പുതിയ സാങ്കേതികവിദ്യകളെ കുറിച്ചുള്ള വിവരം പങ്കുവെച്ചു.
കർഷക ചന്ത, തേൻ വിപണി, ഈത്തപ്പഴ വിപണി, പൂ വിപണി തുടങ്ങി പ്രത്യേക മാർക്കറ്റുകളും ഒരുക്കിയിരുന്നു. കാർഷിക ഉൽപന്നങ്ങൾക്കും കൃഷിക്ക് ആവശ്യമായ ചെറു ഉപകരണങ്ങൾ മുതൽ യന്ത്രവത്കൃത സാമഗ്രികൾ, വിവിധതരം തേനുകള്‍, പച്ചക്കറി -പഴ വര്‍ഗങ്ങള്‍, കരകൗശല ഉല്പന്നങ്ങള്, അരി -ഭക്ഷ്യ എണ്ണ തുടങ്ങി പലവ്യഞ്ജനങ്ങള്‍ വരെ വാങ്ങാനും പരിചയപ്പെടാനും അവസരമൊരുക്കി.
പ്രദർശനത്തിന്റെ ഭാഗമായി സയന്റിഫിക് കോൺഫറൻസ് സംഘടിപ്പിച്ചു. സുസ്ഥിര വിതരണ ശൃംഖലകൾ, കാലാവസ്ഥ വ്യതിയാനം, വിഭവങ്ങളുടെ കാര്യക്ഷമമായ ഉപഭോഗം, ഉയർന്നുവരുന്ന നിക്ഷേപ അവസരങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകളിൽ വിദഗ്ധർ പങ്കെടുത്തു. അഗ്രികൾച്ചർ, എൻവയൺമെന്റൽ സയൻസ്, ഫുഡ് ടെക്നോളജി എന്നിവയിൽ കരിയർ പര്യവേക്ഷണം ചെയ്യാൻ യുവാക്കളെയും വിദ്യാർഥികളെയും പ്രചോദിപ്പിക്കുക, കാർഷിക മേഖലയിൽ വിദ്യാർഥികൾക്കിടയിൽ അഭിരുചി വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യത്തോടെ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിലൂടെ 160 സ്കൂളുകളിൽനിന്നായി 6,380 വിദ്യാർഥികളും എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.