ഖത്തർ ഓപൺ കിരീടം ചൂടി കാർലോസ് അൽകാരസ്

ദോഹ: ഖത്തർ ഓപൺ പുരുഷ ടെന്നീസ് ടൂർണമെന്റിൽ കിരീടം ചൂടി ​ലോക ഒന്നാം നമ്പർ താരം കാർലോസ് അൽകാരസ്. ഖലീഫ ഇന്റർനാഷനൽ ടെന്നീസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിൽ നടന്ന 34ാമത് ഖത്തർ എക്സോൺ മൊബീൽ ഓപൺ ടെന്നിസ് ടൂർണമെന്റിലാണ് സ്പെയിനിന്റെ കാർലോസ് അൽകാരസ് ചാമ്പ്യനായത്. ഫൈനലിൽ ഫ്രഞ്ച് താരം ആർതർ ഫിൽസിനെ നേരിട്ടുള്ള രണ്ട് സെറ്റുകൾക്കാണ് അൽകാരസ് പരാജയപ്പെടുത്തിയത്. ഫൈനലിൽ 6-2, 6-1 സെറ്റുകൾക്ക് തകർത്താണ് അൽകാരാസ് കന്നി ഖത്തർ ഓപൺ കിരീടവും കരിയറിലെ 25ാമത് കിരീടവും സ്വന്തമാക്കിയത്. 2026ലെ ഓസ്‌ട്രേലിയൻ ഓപൺ ഉൾപ്പെടെ ഏഴ് ഗ്രാൻഡ്‌സ്ലാം കിരീടങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ക്വാർട്ടർ ഫൈനലിൽ 2024 ചാമ്പ്യനായ റഷ്യൻ താരം കരേൻ ഖച്ചനോവിനെ 6-7, 6-4, 6-3 എന്നീ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി സെമിഫൈനലിൽ, 2025ലെ ചാമ്പ്യനായ ആന്ദ്രേ റൂബ്ലെവിനെ 7-6, 6-4 എന്നീ സ്കോറിന് പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. കഴിഞ്ഞ വർഷം ക്വാർട്ടറിൽ ചെക്ക് റിപബ്ലിക് താരം ജിരി ലെഹെക്കയോട് പരാജയപ്പെട്ട് പുറത്തായ അൽകാരസ്, ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തി കിരീടം നേടുകയായിരുന്നു.

അതേസമയം, മികച്ച മുന്നേറ്റം നടത്തിയ ഫ്രഞ്ച് താരം ആർതർ ഫിൽസ്, ക്വാർട്ടറിലും സെമിയിലും ചെക്ക് താരങ്ങളായ ജിറി ലെഹെക്കയെയും യാക്കൂബ് മെൻസിക്കിനെയും പരാജയപ്പെടുത്തിയാണ് ഫൈനലിൽ കടന്നത്. എന്നാൽ, ഏകപക്ഷീയമായ രണ്ട് സെറ്റുകൾക്കാണ് അൽകാരസിനോട് പരാജയമേറ്റുവാങ്ങിയത്.

അൽകാരസിന് ‘ഗോൾഡൻ ഫാൽക്കൺ’ ട്രോഫി ഏഷ്യൻ ഒളിമ്പിക് കൗൺസിൽ പ്രസിഡന്റും ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി സമ്മാനിച്ചു. ഖത്തർ ടെന്നീസ്, സ്ക്വാഷ്, പാഡൽ ആൻഡ് ബാഡ്മിന്റൺ ഫെഡറേഷൻ പ്രസിഡന്റ് നാസർ ബിൻ ഗാനിം അൽ ഖെലൈഫിയും ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Carlos Alcaraz wins Qatar Open title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.