സ്രഷ്ടാവായ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ശീതളച്ഛായയിലാണ് സർവതും. റമദാൻ കാരുണ്യത്തിന്റെ പെരുമഴക്കാലമാണ്. മറ്റു നാളുകളെ അപേക്ഷിച്ച് ഇടതടവില്ലാതെ അല്ലാഹുവിന്റെ കാരുണ്യം പെയ്തിറങ്ങുന്ന ധന്യനിമിഷങ്ങൾ!
പാപങ്ങളിൽ മുങ്ങിക്കുളിക്കുന്ന മനുഷ്യനുമേൽ കാരുണ്യം സ്വയം ബാധ്യതയായി നിശ്ചയിച്ച അല്ലാഹു പകരുന്ന സ്നേഹവും വാത്സല്യവും അപാരമാണ്! തെറ്റ് ചെയ്യുന്നവരെ അകറ്റിനിർത്തുകയല്ല, ചേർത്തുനിർത്തിക്കൊണ്ടാണ് അല്ലാഹു പറയുന്നത്: ‘‘സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ചുപോയ എന്റെ ദാസരേ! അല്ലാഹുവിന്റെ കാരുണ്യത്തിൽ നിങ്ങൾ നിരാശപ്പെടരുത്. തീർച്ചയായും അല്ലാഹു എല്ലാ പാപങ്ങളും പൊറുക്കുന്നതാണ്. തീർച്ചയായും അവൻതന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും” (39:53). അല്ലാഹുവിന്റെ കാരുണ്യത്തിനും സ്നേഹത്തിനും വാത്സല്യത്തിനും അതിരുകളില്ലതന്നെ.
സ്രഷ്ടാവായ അല്ലാഹുവിന്റെ സൃഷ്ടികളായ മനുഷ്യരിൽ അവന്റെ അസ്തിത്വവും ഏകത്വവും അംഗീകരിച്ച് അവന് മാത്രം ആരാധനകൾ അർപ്പിച്ച്, അവന്റെ വിധിവിലക്കുകൾ കൃത്യമായും പൂർണമായും പാലിച്ച് ജീവിക്കുന്ന സന്മാർഗചാരികളുണ്ട്. അസ്തിത്വത്തെ ചോദ്യംചെയ്യുകയും ധിക്കരിക്കുകയും ബഹുദൈവത്വം അംഗീകരിച്ച് ജീവിക്കുന്നവരുമുണ്ട്. സദാചാര ജീവിതം നയിക്കുന്നവന്നും മാർഗഭ്രംശം സംഭവിച്ച് ജീവിതത്തെ മുന്നോട്ട് നയിക്കുന്നവന്നും ഒരു വ്യത്യാസവുമില്ലാതെ കാരുണ്യം വർഷിച്ചു നൽകുന്നവനാണ് റഹ്മാനായ റബ്ബ്. മനുഷ്യൻ എത്ര വലിയ പാപികളാണെങ്കിലും അല്ലാഹുവിന്റെ കാരുണ്യം അതിനേക്കാളും വലുതാണെന്ന പ്രത്യാശ മനുഷ്യനെ പ്രതീക്ഷയിലേക്കും പ്രവർത്തന നിരതതയിലേക്കും കൈപിടിക്കുന്നു.
തെറ്റ് ചെയ്തവൻ മാപ്പിരക്കുമ്പോൾ റഹ്മാനായ അല്ലാഹുവിന്റെ സന്തോഷം പ്രവചനാതീതമാണ്. അല്ലാഹു അരുളിയതായി നബി പറഞ്ഞുതരുന്ന സുദീർഘമായ ഒരു ഹദീസിന്റെ അവസാനഭാഗം ശ്രദ്ധേയമാണ്: “എന്റെ ദാസരേ, നിങ്ങൾ രാപ്പകൽ തെറ്റുകൾ ചെയ്യുന്നു. ഞാൻ എല്ലാ പാപങ്ങളും പൊറുക്കുന്നവനാണ്. അതുകൊണ്ട് നിങ്ങൾ എന്നോട് പാപമോചനം തേടിക്കൊണ്ടിരിക്കുക. ഞാൻ നിങ്ങൾക്ക് പൊറുത്തുതരാം” (മുസ്ലിം).
നബിയുടെ സാന്നിധ്യത്തിൽ കുറെ യുദ്ധത്തടവുകാർ ഹാജരാക്കപ്പെട്ടു. അവർക്കിടയിൽ നഷ്ടപ്പെട്ടുപോയ തന്റെ കുഞ്ഞിനെ അന്വേഷിച്ച് നടക്കുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. ആ കുഞ്ഞിനെ കണ്ടമാത്രയിൽ അവർ മാറോടണച്ച് മുലയൂട്ടാൻ തുടങ്ങി. അപ്പോൾ നബിചോദിച്ചു: “ഈ കുട്ടിയെ അവർ അഗ്നിയിലേക്ക് എറിയുമെന്ന് നിങ്ങളിൽ അഭിപ്രായമുണ്ടോ?” അനുചരന്മാർ പറഞ്ഞു: അല്ലാഹുവാണെ സത്യം, ഒരിക്കലുമില്ല. നബി പറഞ്ഞു: “എന്നാൽ ഈ സ്ത്രീക്ക് ആ കുട്ടിയോടുള്ളതിനേക്കാൾ കാരുണ്യം അല്ലാഹുവിന് തന്റെ ദാസരോടുണ്ട്.” (ബുഖാരി, മുസ്ലിം).
അല്ലാഹുവിന്റെ കാരുണ്യം ആവോളം ആസ്വദിച്ച് ജീവിക്കുന്ന നമ്മളിൽനിന്ന് കാരുണ്യം മാലോകരിലേക്ക് നിർഗളിക്കേണ്ടതുണ്ട്. “ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക. എങ്കിൽ ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും.” “മറ്റുള്ളവർക്ക് കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കുകയില്ല.” തുടങ്ങിയ പ്രവാചകവചനങ്ങൾ സുപ്രധാനമാണല്ലോ. സ്വന്തം ദേഹം, ഭാര്യ, മക്കൾ, മാതാപിതാക്കൾ, കൂടപ്പിറപ്പുകൾ, അയൽവാസികൾ, ബന്ധുമിത്രാദികൾ, ചെറിയവർ, മുതിർന്നവർ, തന്റെ മതം വിശ്വസിച്ചിട്ടില്ലാത്തവർ... തുടങ്ങി മുഴുവൻ മനുഷ്യരോടും, പോരാ, ജീവൻ തുടിക്കുന്ന എല്ലാറ്റിനോടും നമ്മിൽ നിന്ന് കാരുണ്യം ഒഴുകണം.
കാരുണ്യം പെയ്യുന്ന ഈ ധന്യ നിമിഷങ്ങളിൽ കൂടുതൽ കാരുണ്യം തേടാനും നേടാനും പരിശ്രമിക്കുന്നതോടൊപ്പം നമ്മിൽനിന്ന് മറ്റുള്ളവരിലേക്കും കാരുണ്യത്തിന്റെയും കനിവിന്റെയും സ്നേഹത്തിന്റെയും ആർദ്രതയുടെയും പുഴകളൊഴുക്കി നനവുള്ള മനസ്സിന്റെ ഉടമകളാവുകകൂടി ചെയ്യാം നമുക്ക്! കാരുണ്യം പെയ്യുന്ന ഈ ധന്യനിമിഷങ്ങളിൽ കൂടുതൽ കാരുണ്യം തേടാനും നേടാനും പരിശ്രമിക്കുന്നതോടൊപ്പം നമ്മിൽനിന്ന് മറ്റുള്ളവരിലേക്കും കാരുണ്യത്തിന്റെയും കനിവിന്റെയും സ്നേഹത്തിന്റെയും ആർദ്രതയുടെയും പുഴകളൊഴുക്കി നനവുള്ള മനസ്സിന്റെ ഉടമകളാവുകകൂടി ചെയ്യാം നമുക്ക്!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.