യു.എൻ ആസ്ഥാനത്ത് ചേർന്ന സുരക്ഷ കൗൺസിലിൽ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ്
ബിൻ സൈഫ് ആൽഥാനി സംസാരിക്കുന്നു
ദോഹ: അന്താരാഷ്ട്ര പ്രമേയങ്ങളുടെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും അടിസ്ഥാനത്തിൽ ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പിനും അവകാശങ്ങൾക്കും പിന്തുണ തുടരുമെന്ന് യു.എന്നിൽ നിലപാട് ആവർത്തിച്ച് ഖത്തർ. ഫലസ്തീൻ ഉൾപ്പെടെ മിഡിൽ ഈസ്റ്റിലെ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ യു.എൻ ആസ്ഥാനത്ത് ചേർന്ന സുരക്ഷാ കൗൺസിൽ യോഗത്തിലാണ് ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനി നിലപാട് വിശദമാക്കിയത്. 1967ലെ അതിർത്തികൾ അടിസ്ഥാനമാക്കി കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും അന്താരാഷ്ട്ര തലത്തിൽ ശക്തമായ ഇടപെടൽ അനിവാര്യമാണെന്നും അവർ പറഞ്ഞു.
മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് ശ്രമം തുടരുമെന്ന് വിശദീകരിച്ച ശൈഖ ആലിയ, വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തുന്ന നിയമവിരുദ്ധ നടപടികളെ ശക്തമായി അപലപിച്ചു. വെസ്റ്റ് ബാങ്ക് ഇസ്രായേൽ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ‘സ്റ്റേറ്റ് ലാൻഡ്’ആക്കി മാറ്റാനുള്ള നീക്കം ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ഇസ്രായേലിന്റെ നിയമവിരുദ്ധ തീരുമാനം തടയാൻ അന്താരാഷ്ട്ര സമൂഹം സമ്മർദം ചെലുത്തണം.
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആവർത്തിച്ചുള്ള വെടിനിർത്തൽ കരാർ ലംഘനങ്ങളെയും അവർ അപലപിച്ചു. സുരക്ഷ കൗൺസിൽ പ്രമേയം നടപ്പാക്കുന്നതിനും സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം വിജയകരമാക്കുന്നതിനും കരാറുകൾ പൂർണമായി പാലിക്കാൻ ഇസ്രായേൽ ബാധ്യസ്ഥരാണ്. ഗസ്സയിലെ സംഘർഷം അവസാനിപ്പിക്കാനും പുനർനിർമാണ പ്രവർത്തനം ഏകോപിപ്പിക്കാനുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഖത്തറിനെ പീസ് കൗൺസിലിലേക്ക് ക്ഷണിച്ചതിനെ അവർ സ്വാഗതം ചെയ്തു. സുസ്ഥിര വെടിനിർത്തലും ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശവും ഉറപ്പാക്കാൻ കൗൺസിലിന്റെ ദൗത്യത്തെ പിന്തുണക്കുമെന്നും അവർ യോഗത്തിൽ വിശദമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.